കേരളത്തിന്റെ ഹൃദയം കീഴടക്കാൻ ഗോകുലം എഫ്‌ സി

ഐ-ലീഗിലേക്കുള്ള കേരളത്തിന്റെ തിരിച്ചു വരവ്‌ ഒരു പരിധി വരെ ഉറപ്പിച്ചുകൊണ്ട്‌ ഗോകുലം എഫ്‌ സി ഒരുങ്ങുകയാണു, കാൽപന്തുകളിയെ ജീവനു തുല്ല്യം സ്നേഹിക്കുന്ന കേരളത്തിന്റെ ഹൃദയം കീഴടക്കാൻ.

ടീം രൂപീകരിച്ച്‌ കളിച്ച ആദ്യ ടൂർണമെന്റിൽ തന്നെ സംസ്ഥാനത്തിനു പുറത്തു നിന്നു ചാമ്പ്യൻസ്‌ ആയി മടങ്ങിയ ഗോകുലം, സ്റ്റേറ്റ്‌ ചാമ്പ്യൻഷിപ്പിൽ റണ്ണേർസ്സും കേരള പ്രീമിയർ ലീഗിൽ സെമി ഫൈനലിലുമെത്തി സംസ്ഥാനാത്തിനകത്തും ശക്തി തെളിയിച്ചു ഗോകുലം.

ഗോകുലം എഫ്‌ സിയുടെ ഏറ്റവും വലിയ കരുത്ത്‌ ബിനോ ജോർജ്‌ എന്ന ചാണക്യൻ ആണു. പ്രാദേശിക രംഗത്തു ഒരുപാട്‌ നേട്ടങ്ങൾ കൊയ്ത ബിനോ, എ.എഫ്‌.സി പ്രൊ ലൈസൻസ്‌ നേടിയ ആദ്യ മലയാളി കോച്ച്‌ ആണു. കേരളത്തിന്റെ ഫൂട്ബോൾ ഘടനയെയും ഫൂട്ബോൾ താരങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുള്ള വ്യക്തിയാണു ബിനോ. ബിനോ ജോർജിനോടൊപ്പം അസിസ്റ്റന്റ്‌ കോച്ചായി ഷാജിറുദ്ദീൻ കൂടിയെത്തുന്നതോടെ ഗോകുലം എഫ്‌ സി കൂടുതൽ ശക്തരാവുകയാണു. യൂത്ത്‌ ഫൂട്ബോളിൽ ഉൾപ്പടെ നിരവധി നേട്ടങ്ങൾക്ക്‌ ചുക്കാൻ പിടിച്ച ഷാജിറുദ്ദീൻ മലപ്പുറം ഫൂട്ബോൾ ക്ലബിന്റെ അണ്ടർ 20 ടീം സെലക്ഷന്റെ ഹെഡ്‌ ആയിരുന്നു.

കേരളത്തിൽ ലഭ്യമായ ഏറ്റവും മികച്ച താരങ്ങളെയാണു ഗോകുലം ടീമിലെത്തിച്ചത്‌, അതിന്റെ വ്യക്തമായ ഉദാഹരണമാണു ഗോൾകീപ്പർ മിർഷാദിനെ ഈസ്റ്റ്‌ ബെംഗാൾ റാഞ്ചിയതും മൂന്നോളം ഗോകുലം എഫ്‌ സി താരങ്ങൾക്കായി സാക്ഷാൽ കേരള ബ്ലാസ്റ്റേർസ്സ്‌ വല വീശിയതും.

സ്പോർട്സ്‌ കൗൺസിലുമായി സ്റ്റേഡിയം വാടകയുമായി ബന്ധപ്പെട്ട തർക്കങ്ങളോടെ ക്ലബിന്റെ ആസ്ഥാനം കോഴിക്കോടേക്ക്‌ മാറ്റാൻ തീരുമാനിച്ചത്‌ കോഴിക്കോട്ടുകാർ ആവേശത്തോടെയാണു സ്വീകരിച്ചത്‌ എന്നാൽ തർക്കങ്ങൾ ഉടനെ പരിഹരിക്കപ്പെടുമെന്നും ഗോകുലം മലപ്പുറത്തു തന്നെ ഐ-ലീഗ്‌ മൽസരങ്ങൾ കളിക്കുമെന്നുമാണു മലപ്പുറത്തെ ആരാധകർ പ്രതീക്ഷിക്കുന്നത്‌.

ബ്ലാസ്റ്റേർസ്സിനെ ഇരു കൈകളും നീട്ടി സ്വീകരിച്ച മലയാളികൾ ഗോകുലം എഫ്‌ സിയെയും സ്വീകരിച്ച്‌ തുടങ്ങി എന്നതിനു തെളിവാണു കോട്ടപ്പടിയിൽ നടന്ന കേരള പ്രീമിയർ ലീഗ്‌ മൽസരങ്ങൾക്ക്‌ നിറഞ്ഞ ഹോം ഗ്രൗണ്ട്‌ സാക്ഷിയായത്‌. ഐ.എസ്‌.എൽ മൽസരങ്ങൾ വരാന്ത്യങ്ങളിലും ഐ-ലീഗ്‌ മൽസരങ്ങൾ മറ്റു ദിവസങ്ങളിലും നടക്കുമെന്നതിനാൽ ഇരു ടീമുകളേയും പിന്തുണക്കാൻ തുകൽ പന്തിനെ ജീവനോളം സ്നേഹിക്കുന്ന മലയാളികൾക്കാകും.

ഗോകുലം എഫ്‌ സി മലയാളികളുടെ ഹൃദയ സ്പന്ദനമായി മാറുമെന്നതിൽ ഒരു സംശയവുമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാനു, വിജയം 180 റണ്‍സിനു
Next articleപോർച്ചുഗലിനേയും റൊണാൾഡോയേയും തളച്ച് മെക്സിക്കൻ ഹെഡറുകൾ