രത്നം ട്രോഫി, ഗ്ലോബൽ എഫ് സി കണ്ണൂർ ചാമ്പ്യന്മാർ

തമിഴ്‌നാട് കോയമ്പത്തൂരിൽ വെച്ച് നടന്ന ഇന്റർ അക്കാദമി ടൂർണമെന്റായ രത്നം ടൂർണമെന്റ് കിരീടം കണ്ണൂരിന്റെ സ്വന്തം ഗ്ലോബൽ എഫ് സിക്ക്. ഇന്ന് നടന്ന ഫൈനലിൽ ഫസ്റ്റ് കിക്ക് ഇന്ത്യ അക്കാദമിയെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഗ്ലോബൽ അക്കാദമി കിരീടം നേടിയത്. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു മത്സരം. ഫൈനലിൽ ഗ്ലോബൽ എഫ് സിയുടെ നിർണായക ഗോൾ നേടിയത് സയാൻ ആയിരുന്നു. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ സയാൻ തന്നെയാണ് ടൂർണമെന്റിലെ മികച്ച താരവും.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ മൂന്നു മത്സരങ്ങൾ ജയിച്ചാണ് ഗ്ലോബൽ എഫ് സി പ്രീ ക്വാർട്ടറിൽ എത്തിയത്. പ്രീക്വാർട്ടറിൽ എതിരാളികളായി വന്ന എ എഫ് സി ബാംഗ്ലൂരിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് ഗ്ലോബൽ എഫ് സി പരാജയപ്പെടുത്തി. സയാൻ, മുബഷിർ, ഷറഫലി എന്നിവരാണ് ബാംഗ്ലൂരിനെതിരെ ലക്ഷ്യം കണ്ടത്. ക്വാർട്ടറിൽ സി സി എഫ് എ ചെന്നൈ ആയിരുന്നു ഗ്ലോബലിന്റെ എതിരാളികൾ. ക്വാർട്ടറിലും ഏകപക്ഷീയമായി തന്നെ കണ്ണൂരിന്റെ കുട്ടികൾ വിജയിച്ചു. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു വിജയം. ക്വാർട്ടറിൽ ജാസിം ഇരട്ട ഗോളുകൾ കണ്ടെത്തിയപ്പോൾ സയാനും റിഷാലും ഗോൾ പട്ടിക പൂർത്തിയാക്കി.

ഇന്നലെ നടന്ന സെമി ഫൈനലിൽ എം എസ് സി ആന്ധ്രയ്ക്കെതിരെയും ഗ്ലോബൽ എഫ് സി കുലുങ്ങിയില്ല. 3-0 എന്ന സ്കോറിന് വിജയിച്ചാണ് ഗ്ലോബൽ ഫൈനലിലേക്ക് മാർച്ച് ചെയ്തത്. സെമിയിൽ സയാൻ ആയിരുന്നു ഇരട്ട ഗോളുകളുമായി താരമായത്. റിഷാലും ഗ്ലോബലിനു വേണ്ടി ലക്ഷ്യം കണ്ടു. മുബഷിർ അലിയാണ് ഗ്ലോബൽ എഫ് സിയിലെ കുട്ടികളെ പരിശീലിപ്പിക്കുന്നത്.

 

തമിഴ്നാട്ടിലെ തന്നെ ഏറ്റവും മികച്ച അക്കാദമിയാണ് ഇന്ന് ഗ്ലോബൽ എഫ് സി പരാജയപ്പെടുത്തിയ ഫസ്റ്റ് കിക്ക് ഇന്ത്യാ അക്കാദമി. കഴിഞ്ഞ മാസം ബാഴ്സലോണയിൽ പ്രാക്ടീസ് ക്യാമ്പ് നടത്തി വന്ന ഫസ്റ്റ് കിക്ക് ഇന്ത്യ അക്കാദമിയെ പരാജയപ്പെടുത്തിയതിൽ ഗ്ലോബൽ എഫ് സിക്ക് അഭിമാനിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial