Picsart 22 12 04 22 07 36 170

ജിറൂഡ് മിലാനിൽ തുടരും, പുതിയ കരാർ തയ്യാർ

ലോകകപ്പിൽ ഫ്രഞ്ച് കുപ്പായത്തിൽ മികച്ച ഫോമിൽ തിളങ്ങുന്ന ഒലിവർ ജിറൂഡ് എസി മിലാനിൽ തന്നെ തുടരും എന്നുറപ്പായി. താരത്തിന് വേണ്ടി പുതിയ കരാർ തയ്യാറായതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. ലോകകപ്പ് കഴിഞ്ഞ ശേഷം ഉടനെ പുതിയ കരാറിൽ ജിറൂഡ് ഒപ്പിട്ടേക്കും. ഇതു സംബന്ധിച്ച് ഇരു കൂട്ടരും ധാരണയിൽ എത്തിയിരുന്നു. താരത്തിന്റെ നിലവിലെ കരാർ ഈ സീസണോടെ അവസാനിക്കാൻ ഇരിക്കുകയാണ്. ഖത്തറിലെ ഫോം എംഎൽഎസ് ക്ലബ്ബുകളെ അടക്കം താരത്തിലേക്ക് ആകർഷിച്ചേക്കും എന്നുള്ളതിനാൽ കരാർ ഉടനെ ഒപ്പിടാൻ ആവും ക്ലബ്ബിന്റെ ശ്രമം. എന്നാൽ ജിറൂഡിനും മിലാനിൽ തന്നെ തുടരാനാണ് താൽപ്പര്യം.

നിലവിൽ ഫ്രഞ്ച് ടീമിന്റെ അഭിവാജ്യ ഘടകമായി കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ ടീമിന് ഊർജം പകർന്ന് കൊണ്ടിരിക്കുകയാണ് ജിറൂഡ്. കരീം ബെൻസിമയുടെ അഭാവം മുന്നേറ്റത്തിൽ ടീം തെല്ലും അനുവഭവിക്കാത്ത തരത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ച്ച വെക്കുന്നത്. തിയറി ഹെൻറിയെ മറികടന്ന് ഫ്രഞ്ച് ടീമിന്റെ എക്കാലത്തെയും ടോപ്പ് സ്‌കോറർ ആവാനും താരത്തിന് സാധിച്ചു. ഒരിടവേളയ്ക്ക് ശേഷം യൂറോപ്പിലും ഇറ്റലിയിലും മടങ്ങിവരവ് നടത്തുന്ന എസി മിലാൻ തങ്ങളുടെ സുപ്രധാന താരങ്ങളിൽ ഒരാളായാണ് ജിറൂഡിനെ കാണുന്നത്. ടീമിൽ തുടരാൻ തന്നെയാണ് മുപ്പത്തിറുകാരന്റെയും തീരുമാനം.

Exit mobile version