ബാഴ്സയുമില്ല മാഞ്ചസ്റ്ററുമില്ല, ഗ്രീസ്മെൻ അത്ലറ്റിക്കോ മാഡ്രിഡുമായി പുതിയ കരാർ ഒപ്പിട്ടു

- Advertisement -

അഭ്യൂഹങ്ങൾക്ക് അവസാനം, ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മെൻ അവസാനം അത്ലറ്റിക്കാ മാഡ്രിഡിൽ തന്നെ തുടരാൻ തീരുമാനിച്ചു. ലോകകപ്പിനിടെ ഫ്രഞ്ച് പരിശീലകൻ ദെസ്ചാമ്പ്സിന്റെ പ്രത്യേക അനുമതിയോടെ നടന്ന ചർച്ചയ്ക്ക് ഒടുവിലാണ് ഗ്രീസ്മെൻ അത്ലറ്റിക്കോ മാഡ്രിഡുമായി പുതിയ കരാർ ഒപ്പിട്ടത്. 2023 വരെയാണ് ഗ്രീസ്മെന്റെ പുതിയ കരാർ.

2014ൽ റയൽ സോസിഡാഡിൽ നിന്ന് അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയ ഗ്രീസ്മെൻ മാഡ്രിഡിൽ ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇതുവരെ നാല് സീസണിൽ നിന്നായി 112 ഗോളുകൾ ഗ്രീസ്മെൻ അത്ലറ്റിക്കോ മാഡ്രിഡിനായി നേടിയിട്ടുണ്ട്. ഈ കഴിഞ്ഞ സീസണിൽ ടീമിനായി 29 ഗോളുകളും പതിനഞ്ച് അസിസ്റ്റും ഗ്രീസ്മെൻ നേടിയിരുന്നു.

ഈ സീസണിൽ ഗ്രീസ്മെൻ ക്ലബ് വിടും എന്നു തന്നെ ആയിരുന്നു അഭ്യൂഹങ്ങൾ. കുറച്ച് വർഷങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡും ഈ സീസൺ അവസാനത്തിൽ ബാഴ്സലോണയും ഗ്രീസ്മെനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് എന്ന് വാർത്തകൾ ഉണ്ടായിരുന്നു. പുതിയ കരാർ ഒപ്പിട്ടതോടെ അത്തരത്തിൽ എല്ലാ സാധ്യതകൾക്കും അവസാനമാവുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement