പെനാൽറ്റിയിൽ ഇംഗ്ലണ്ടിനെ തകർത്ത് ജർമനി ഫൈനലിൽ

- Advertisement -

പെനാൽറ്റിയിലേക്ക് നീങ്ങിയ മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ജർമനിക്ക്യൂറോ അണ്ടർ 21 ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു.  നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 2 – 2 നു സമനിലയിലായിരുന്നു. തുടർന്ന് നടന്ന പെനാൽറ്റിയിൽ അവസാന കിക്ക്‌ എടുത്ത ഇംഗ്ലണ്ടിന്റെ റെഡ്‌മോണ്ടിന് പിഴച്ചതോടെയാണ് ജർമനി വിജയികളായത്.

ആദ്യ പകുതിയിയുടെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ളണ്ടിന് കിട്ടിയ അവസരങ്ങൾ മുതലാക്കാനായില്ല.  പക്ഷെ ജർമനിയാവട്ടെ 35ആം മിനുട്ടിൽ കിട്ടിയ അവസരം മുതലാക്കി ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ഡേവി സെൽകെയാണ് ജർമനിക്ക് വേണ്ടി ഗോൾ നേടിയത്.   ഗോൾ വഴങ്ങിയതോടെ ഉണർന്ന് കളിച്ച ഇംഗ്ലണ്ട് ഡിമാരായി ഗ്രേയിലൂടെ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി മത്സരം സമനിലയിലായിരുന്നു.

രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച ഇംഗ്ലണ്ട് 50ആം മിനുട്ടിൽ ടാമി അബ്രഹാമിലൂടെ ലീഡ് ഉയർത്തി.  ഇംഗ്ലണ്ട് ലീഡ് നേടിയതോടെ സർവ ശക്തിയുമെടുത്ത് കളിച്ച ജർമനി 71ആം മിനുട്ടിൽ മത്സരം സമനിലയിലാക്കി. ഫെലിക്സ് പ്ലാറ്റെയാണ് ജർമനിയുടെ ഗോൾ നേടിയത്.  സമനില നേടിയതോടെ മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ ജർമനിക്ക് ഗോൾ മാത്രം നേടാനായില്ല. ഒരു പറ്റം മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും പോലും ഗോളാക്കാൻ ജർമനിയുടെ യുവനിരക്കായില്ല. അധിക സമയത്തും ഇരു ടീമുകൾക്കും ഗോളൊന്നും നേടാൻ കഴിയാതെ വന്നതോടെ മത്സരം പെനാൽറ്റി കിക്കിലേക് നീങ്ങുകയായിരുന്നു.

പെനാൽറ്റിയിൽ രണ്ടാമത്തെ കിക്ക്‌ എടുത്ത ഗെർഹാട്ടിന്റെ കിക്ക്‌ ഇംഗ്ലണ്ട് ഗോൾ കീപ്പർ പിക്‌ഫോർഡ് തടുത്തിട്ടെങ്കിലും തൊട്ടടുത്ത കിക്ക്‌ തടുത്ത് ജർമൻ ഗോൾ കീപ്പർ ചിൽവെൽ ജർമനിയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട്  വന്നു. തുടർന്ന് അഞ്ചാമത്തെ കിക്ക്‌ വരെ എല്ലാവരും പെനാൽറ്റി കിക്ക്‌ ഗോളാക്കിയെങ്കിലും ഇംഗ്ലണ്ടിന്റെ അവസാന കിക്ക്‌ എടുത്ത റെഡ്‌മോണ്ടിനു പിഴച്ചു.  ജർമൻ ഗോൾ കീപ്പർ ചിൽവെൽ റെഡ്‌മോണ്ടിന്റെ കിക്ക്‌ തടുത്തിട്ടു ജർമനിയെ ഫൈനലിൽ എത്തിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement