ജർമ്മനി യൂറോപ്യൻ ചാമ്പ്യന്മാർ

- Advertisement -

സ്പെയിനിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ജർമ്മനി U21 യൂറോപ്യൻ ചാമ്പ്യന്മാരായി. മിച്ചൽ വീസറുടെ തകർപ്പൻ ഹെഡ്ഡറിന്റെ പിൻബലത്തിലാണ് സ്പാനിഷ് ടീമിനെ ജർമ്മനി അട്ടിമറിച്ചത്. U21 വിഭാഗത്തിൽ ജർമ്മനിയുടെ രണ്ടാമത്തെ കിരീടമാണ്.

 

മാനുവൽ നുയെറും,ജെറോം ബോടങ്ങും,മെസുട് ഓസിലും മാറ്റ്സ് ഹമ്മെൽസും അടങ്ങുന്ന U21 ടീം കിരീടം നേടിയത് 2009 ലാണ്‌. സൂപ്പർ താരങ്ങളുടെ പാത പിന്തുടർന്ന ജർമ്മനിയുടെ ചുണക്കുട്ടികൾ സ്പാനിഷ് സമ്മർദ്ദത്തെ അതിജീവിച്ച് ചരിത്രം വീണ്ടുമാവർത്തിച്ചു. സ്റ്റീഫൻ കുട്സിന്റെ കരുനീക്കങ്ങൾ പിഴച്ചില്ല. വ്യക്തമായ ആധിപത്യവുമായി ഇറങ്ങിയ സ്പാനിഷ് ടീമിനെ ഒരു ഗോളിന് തളയ്ക്കാൻ ജർമ്മനിക്കായി. സെമി ഫൈനൽ കളിച്ച അതേ ടീമുമായാണ് സ്പെയിൽ ക്രാകോവിൽ ഇറങ്ങിയത്. എന്നാൽ ഗിദിയോൻ ജങ്കിനു പകരം പരിക്കിന്റെ പിടിയിലായിരുന്ന നിക്ലാസ് സ്റ്റാർകും പരിക്കേറ്റ ടോപ് സ്കോറർ ഡേവി സെൽകേയ്ക് പകരം മിച്ചൽ വീസറും കളത്തിലിറങ്ങി.

ആദ്യ പകുതിയിൽ ആധിപത്യമുറപ്പിക്കാൻ ജർമ്മനിക്ക് സാധിച്ചു. മാക്സ് മേയറും മിച്ചൽ വീസറും സ്പാനിഷ് പ്രതിരോധ നിരയ്ക്ക് ഭീഷണിയുയർത്തിക്കൊണ്ടിരുന്നു. ക്യാപ്റ്റൻ മാക്സിമില്ലൻ അർനോൾഡിന്റെ ലോങ്ങ് റേഞ്ചും ഹെക്ടർ ബെല്ലെറിന്റെ ഹെഡ്ഡറും ലക്ഷ്യം കാണാതെ ബാറിനു മുകളിൽ കൂടിപ്പോയി. ഒത്തുവന്നൊരു കിടിലൻ ചാൻസ് ഗോളാക്കാൻ ഗ്നാബ്രിക്ക് സാധിക്കതെയും വന്നു. മാർക്കോ അസെൻസിയോയേയും സോൾ നിഗ്വെസിനേയും പന്തുമായി മുന്നേറാൻ അനുവദിക്കാതെ ജർമ്മൻ പ്രതിരോധനിര പൂട്ടി. മാർക് ഒലിവർ കെംഫിന്റെ പിഴവ് ഗോളാക്കി മാറ്റാൻ നിഗ്വെസിന് സാധിക്കാതിരുന്നത് ജർമ്മനിക്ക് ആശ്വാസമേകി. ജെറെമി ടോൽജന്റെ ക്രോസ് പോസ്റ്റിന് മുന്നിൽ ഉണ്ടായിരുന്ന വീസർ തകർപ്പൻ ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റി. 40ആം മിനുറ്റിൽ വീസർ നേടിയ ഹെഡ്ഡർ നോക്കി നിൽക്കാനെ സ്പാനിഷ് ഗോളി അരിസബലാഗയ്ക്ക് സാധിച്ചുള്ളൂ.

രണ്ടാം പകുതിയിൽ കളി തങ്ങളുടെ വരുതിക്കാക്കാൻ സ്പാനിഷ് ടീം ശ്രമിച്ചപ്പോൾ ജർമ്മൻ നിരയിലേക്ക് മഞ്ഞക്കാർഡുകൾ എത്തിത്തുടങ്ങി. വീണ്ടും കിട്ടിയ അവസരം ഗ്നാബ്രി പാഴാക്കിയപ്പോൾ ലീഡുനേടാനുള്ള ജർമ്മനിയുടെ സാധ്യതയാണ് ഇല്ലാതായത്. ജർമ്മൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത നിഗ്വെസിന്റെ തകർപ്പൻ ഷോട്ട് ജർമ്മൻ ഗോളി പൊള്ളേർസ്ബെക്ക് വിഫലമാക്കി. സ്പെയിൻ അക്രമണത്തിന്റെ മൂർച്ച കൂട്ടിയെങ്കിലും സ്റ്റാർകെയുടെ നേതൃത്വത്തിൽ ജർമ്മൻ പ്രതിരോധനിര എല്ലാ ശ്രമങ്ങളും പ്രതിരോധിച്ചു. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ജർമ്മനിക്ക് രണ്ടാം കിരീടം സ്വന്തം. ജർമ്മൻ ഫുട്ബോളിന്റെ സൗന്ദര്യവും ആഴവും വിളിച്ചറിയിച്ചു കൊണ്ട് സ്റ്റീഫൻ കുൻട്സിന്റെ ചുണക്കുട്ടികൾ കപ്പുയർത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement