അരങ്ങേറ്റത്തിൽ തന്നെ ചരിത്രം എഴുതി ബെല്ലിങ്ഹാം, ഡോർട്മുണ്ടിന് വൻ വിജയം

സീസണിലെ ആദ്യ മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിന് തകർപ്പൻ വിജയം. ഇന്നലെ ജർമ്മൻ കപ്പിൽ ഡുയിസ്ബർഗിനെ നേരിട്ട ഡോർട്മുണ്ട് എതിരില്ലാത്ത അഞ്ച് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. 17കാരനായ ജൂഡ് ബെല്ലിങ്ഹാമിന്റെ അരങ്ങേറ്റം കണ്ട മത്സരത്തിൽ താരമായതും ബെല്ലിങ്ഹാം തന്നെ. ബർമിങ്ജാം സിറ്റിയിൽ നിന്ന് ഡോർട്മുണ്ടിൽ എത്തിയ ബെല്ലിങ്ഹാം അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടിക്കൊണ്ട് ഡോർട്മുണ്ടിനായി ജർമ്മൻ കപ്പ് ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.

മത്സരത്തിന്റെ 30ആം മിനുട്ടിൽ ആയിരുന്നു ബെല്ലിങ്ഹാമിന്റെ ഗോൾ. അതിനു മുമ്പ് 14ആം മിനുട്ടിൽ സാഞ്ചോ ഒരു പെനാൾട്ടിയിലൂടെ ഡോർട്മുണ്ടിനെ മുന്നിൽ എത്തിച്ചിരുന്നു. 38ആം മിനുട്ടിൽ ഡുയിർസ്ബർഗ് താരം വോൽക്മർ ചുവപ്പ് കണ്ട് പുറത്ത് പോയതോടെ ഡോർട്മുണ്ടിന് കാര്യങ്ങൾ എളുപ്പമായി. ഹസാർഡ്, റെയ്ന, റിയുസ് എന്നിവരുടെ ഗോളുകളോടെ ഡോർട്മുണ്ട് 5 ഗോൾ വിജയം പൂർത്തിയാക്കി. അടുത്ത ആഴ്ച ബുണ്ടസ് ലീഗിലെ ആദ്യ മത്സരത്തിൽ ഡോർട്മുണ്ട് ഗ്ലാഡ്ബാചിനെ നേരിടും.