മുള്ളർക്ക് ഹാട്രിക്ക്, ബയേൺ മ്യൂണിക്ക് ജർമ്മൻ കപ്പ് ഫൈനലിൽ

ബയേർ ലെവർകൂസനെ തകർത്തെറിഞ്ഞ് ബയേൺ മ്യൂണിക്ക് ജർമ്മൻ കപ്പ് ഫൈനലിൽ കടന്നു. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ബയേണിന്റെ വിജയം. തോമസ് മുള്ളറുടെ ഹാട്രിക്കാണ് ബയേണിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഹെവി മാർട്ടിനെസ്സ്, ലെവൻഡോസ്‌കി,തിയാഗോ എന്നിവർ കൂടി ബയേണിന് വേണ്ടി ഗോളടിച്ചു. ലാർസ് ബെൻഡറും ലിയോൺബെയ്‌ലിയുമാണ് ലെവർകൂസൻറെ ആശ്വാസ ഗോളുകൾ നേടിയത്. ബെർലിനിലെ ഫൈനൽ ബർത് ഉറപ്പിച്ച ബയേൺ യപ്പ് ഹൈങ്കിസിന്റെ കീഴിൽ മറ്റൊരു ട്രെബിളിലിന്റെ പാതയിലാണ്.

ജർമ്മൻ കപ്പിൽ തോമസ് മുള്ളർ സ്‌കോർ ചെയ്ത പതിനെട്ടു മത്സരങ്ങളിലും ബയേൺ മ്യൂണിക്ക് വിജയിച്ചിട്ടുണ്ട്. ഒൻപത് മിനുട്ടിനുള്ളിൽ രണ്ടു ഗോളുകൾ വലയിലാക്കിയാണ് ബയേൺ കത്തുടങ്ങിയത്. മാർട്ടിനെസ്സും ലെവൻഡോസ്‌കിയും ബയേണിന് ലീഡ് നൽകി. പതിനാറാം മിനുട്ടിൽ ബയേണിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്തു ബെൻഡർ തിരിച്ചടിച്ചു. രണ്ടാം പകുതിയിലായിരുന്നു മുള്ളറുടെ ഹാട്രിക്ക് പിറന്നത്. ഹാമിഷ് റോഡ്രിഗസിനു പകരം സ്റ്റാർട്ട് ചെയ്ത തിയാഗോ ബയേണിന് വേണ്ടി സ്‌കോർ ചെയ്തു. അതിമനോഹരമായ ഫ്രീകിക്കിലൂടെയാണ് ലിയോൺ ബെയ്‌ലി ഗോൾ നേടിയത്. ഷാൽകെ- ഫ്രാങ്ക്ഫർട്ട് മത്സരത്തിലെ വിജയികളായിരിക്കും ബയേണിനെ ബെർലിനിൽ നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial