ട്രെബിൾ മോഹങ്ങളുമായി ബയേൺ ലെവർകൂസനെതിരെ

- Advertisement -

ജർമ്മൻ കപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ബയേൺ മ്യൂണിക്ക് ബയേർ ലെവർകൂസനെ നേരിടും. 2013 ലെ ഐതിഹാസിക ട്രെബിൾ വിജയത്തിന്റെ പുനരാവർത്തനം നടത്തനാണ് യപ്പ് ഹൈങ്കിസിന്റെ ബയേൺ ശ്രമിക്കുന്നത്. സ്റ്റട്ട്ഗാർട്ടിനെ പരാജയപ്പെടുത്തി ജർമ്മൻ കപ്പുയർത്തിയാണ് 2013 ൽ ബയേൺ ട്രെബിൾ പൂർത്തിയാക്കിയത്. 18 തവണ ജർമ്മൻ കപ്പ് ബയേൺ ഉയർത്തിയിട്ടുണ്ട്. 1993 ലെ ഏക കപ്പ് വിജയമാണ് ലെവർകൂസന് അവകാശപ്പെടാനുള്ളത്. അതിനു ശേഷം രണ്ടു ഫൈനലിലുകളിലും ലെവർകൂസന് പരാജയമായിരുന്നു ഫലം.

ബുണ്ടസ് ലീഗ ചാമ്പ്യന്മാർക്ക് ബാക്കിയുള്ള മൂന്നു സെമി മത്സരങ്ങളിൽ ആദ്യത്തേതാണ് ലെവർകൂസനെതിരെ. ചാമ്പ്യൻസ് ലീഗ് സെമിയിൽ റയലിനെതിരെ ഇനി രണ്ടു പാദ മത്സരങ്ങൾ ബാക്കിയുണ്ട്. പരിക്കേറ്റ മധ്യ നിര താരം അർടുറോ വിദാൽ ബയേണിന് വേണ്ടി കളത്തിൽ ഇറങ്ങില്ല. ചാമ്പ്യൻസ് ലീഗിൽ റയലിനെ നേരിടുമ്പോൾ ജർമ്മൻ കപ്പ് ഫൈനലിൽ കടന്നെന്ന ആത്മവിശ്വാസവുമായി നേരിടാനാവും ബയേൺ ശ്രമിക്കുക. ജർമ്മൻ കപ്പിൽ അവസാനമായി ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ പെനാൽറ്റിയിലൂടെയായിരുന്നു ജേതാവിനെ കണ്ടെത്തിയത്. 2015 ക്വാർട്ടർ ഫൈനലിൽ ആയിരുന്നു അത്. അന്ന് ബയേണായിരുന്നു പെനാൽറ്റിയിൽ ജേതാക്കൾ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement