ജർമ്മൻ കപ്പ് : പെനാൽട്ടി ഷൂട്ടൗട്ടിൽ ഫ്രാങ്ക്ഫർട്ട് ഫൈനലിൽ

അത്യന്തം നാടകീയമായ മുഹൂർത്തങ്ങൾക്കൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബൊറൂസിയ മോഷെൻഗ്ലാഡ്ബാക്കിനെ പരാജയപ്പെടുത്തി ഫ്രാങ്ക്ഫർട്ട് ജർമ്മൻ കപ്പ് ഫൈനലിൽ കടന്നു. ബ്രാനിമിർ ഹെർഗോട്ടയുടെ പെനാൽറ്റി ലക്ഷ്യം കണ്ടപ്പോൾ 2006 നു ശേഷമുള്ള ഈഗിൾസിന്റെ ആദ്യ ജർമ്മൻ കപ്പ് ഫൈനൽ ഉറപ്പിച്ചു. നിശ്ചിത സമയത്ത് കളിയവസാനിച്ചപ്പോൾ ഓരോ ഗോളുകൾ നേടി ഇരു ടീമുകളും സമനിലയിൽ തുടർന്നു. ഫ്രാങ്ക്ഫർട്ടിന് വേണ്ടി തലേബ് തവതയും (15′) ഗ്ലാഡ്ബാക്കിനു വേണ്ടി ജോനാസ് ഹോഫ്‌മാനും(45+2′) ഗോളടിച്ചു. 120 മിനുട്ടും 16 പെനാൽറ്റികളും കഴിഞ്ഞാണ് ഈഗിൾസ് വിജയം സ്വന്തമാക്കിയത്.

ബൊറൂസിയ പാർക്കിൽ ഗ്ലാഡ്ബാക്കിനെ ഞെട്ടിച്ച് കൊണ്ടാണ് ഈഗിൾസ് കളി തുടങ്ങിയത്. ആക്രമിച്ച് കളിച്ച ഫ്രാങ്ക്ഫർട്ട് ഫാബിയനിലൂടെ മുന്നിലെത്തുമെന്നു വിചാരിച്ചെങ്കിലും ഗോളായില്ല. ഹെർഗോട്ടെയും ഫാബിയനും തുടർച്ചയായി ഗ്ലാഡ്ബാക്കിനെ ആക്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ തലേബ് തവതയിലൂടെ ഈഗിൾസ് മുന്നിലെത്തി. എന്നാൽ ആദ്യ പകുതിക്ക് തൊട്ടു മുൻപേ ഹോഫ്മാനിലൂടെ ഗ്ലാഡ്ബാക്ക് സമനില പിടിച്ചു. എക്സ്ട്രാ ടൈമിന്റെ സമ്മർദ്ദത്തെ അതിജീവിക്കാൻ ഇരു ടീമുകളും പാടുപെട്ടു. പ്രധാന താരങ്ങൾ എല്ലാം പരിക്കിന്റെ പിടിയിൽ ആയത് ഗ്ലാഡ്ബാക്കിനെ തെല്ലുമൊന്നുമല്ല അലട്ടിയത്. ആദ്യത്തെ ആറ് പെനാൽറ്റികളും ഇരു ടീമുകളും ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു. ഏഴാമത്തെ പെനാൽറ്റി ഇരു ടീമുകൾക്കും ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനായില്ല. ഒടുവിൽ ഹെർഗോട്ടയുടെ പെനാൽറ്റി ലക്ഷ്യം കണ്ടു. ബെർലിനിലേക്ക് കിരീടത്തിനായി ഈഗിൾസ് പറക്കും.

റെലെഗേഷൻ ഭീഷണിയിൽ നിന്നും കരകേറ്റാൻ നിക്കോ കോവാക്ക് ഫ്രാങ്ക്ഫർട്ടിന്റെ ചുമതലയേറ്റെടുക്കുമ്പോൾ കടുത്ത ആരാധകർ പോലും ഈ ഒരു നിമിഷം സ്വപ്നം കണ്ടിട്ടുണ്ടാവില്ല. തകർച്ചയിൽ നിന്നും ഒരു ഈഗിൾസ് ലക്ഷ്യങ്ങളിലേക്ക് പറന്നുയർന്നു. അടുത്ത കാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഈഗിൾസ് കാഴ്ചവെക്കുന്നത്. ഒന്നുകിൽ ലീഗയിലൂടെ അല്ലെങ്കിൽ ജർമ്മൻ കപ്പിലൂടെ യൂറോപ്പ്യൻ ബർത്ത് ഉറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ഫ്രാങ്ക്ഫർട്ട്. 1988 ൽ ആണ് ഫ്രാങ്ക്ഫർട്ട് ജർമ്മൻ കപ്പ് സ്വന്തമാക്കിയത്. അതിനു ശേഷം അത്തരമൊരു പ്രകടനം ഉണ്ടായിട്ടില്ല. മാച്ചിന് മുൻപേ നടത്തിയ പത്ര സമ്മേളനത്തിൽ ഇത്തവണ ഈഗിൾസ് ചരിത്രമെഴുതുമെന്ന് നിക്കോ കോവാക്ക് പറഞ്ഞിരുന്നു. ബെർലിനിൽ നിക്കോയെയും ഫ്രാങ്ക്ഫർട്ടിനെയും കാത്തിരിക്കുന്നത് കരുത്തരായ എതിരാളികളാണ്. ഇന്ന് നടക്കുന്ന ജർമ്മൻ ക്‌ളാസിക്കോയിലെ (Der Klassiker) വിജയികൾ ആയിരിക്കും മെയ് 27 ന് ഫ്രാങ്ക്ഫർട്ടിനോടേറ്റുമുട്ടുക. കരുത്തരായ ബയേൺ മ്യൂണിക്കും ബൊറൂസിയ ഡോർട്മുണ്ടും ഏറ്റുമുട്ടുമ്പോൾ ജയപരാജയം പ്രവചനാധീതമാണ്.