ജെർമ്മൻ കപ്പ് : ഷാൽകെയ്ക്ക് എതിരെ ബയേണിനു തകർപ്പൻ വിജയം

- Advertisement -

ജെർമ്മൻ കപ്പിലും ബവേറിയന്മാരുടെ വിജയഗാഥ തുടരുന്നു. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് ഷാൽകെയെ പരാജയപ്പെടുത്തി. ഈ വിജയത്തോടു കൂടി ഡിഎഫ്ബി-പൊകലിന്റെ സെമി ഫൈനലിൽ കാർസലോട്ടിയുടെ ചുണക്കുട്ടികൾ കടന്നു. പരിക്കിന്റെ പിടിയിൽ ആയിരുന്ന ഫ്രാങ്ക് റിബെറി തിരിച്ചെത്തിയത് ബയേണിനു കരുത്ത് പകർന്നു. കളിയുടെ മൂന്നാം മിനുട്ടിൽ അലയൻസ് അറീനയെ കോരിത്തരിപ്പിച്ചു കൊണ്ട് റിബെറിയുടെ പാസിനെ ലെവൻടോസ്കി ഗോളാക്കി മാറ്റി. ഷാൽകെയുടെ ഗോൾകീപ്പർ റാൽഫ് ഫർമാനു അറുപതിനായിരത്തൊളം വരുന്ന കാണികളെപ്പോലെ നൊക്കി നിൽക്കാനെ സാധിച്ചുള്ളൂ. റിബെറിയുടേയും ലെവൻടോസ്കിയുടേയും അസിസ്റ്റിൽ 16ആം മിനുട്ടിൽ ഒരു മനോഹരമായ ഹെഡ്ഡറിലൂടെ തിയാഗൊ ഷാൽകെയുടെ വലചലിപ്പിച്ചു. ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ മൂന്നാം ഗോളും പിറന്നു. റിബെറിയെ തടയാൻ ഷാൽകെയ്ക്ക് കഴിയാതിരുന്നപ്പോൾ 29ആം മിനുട്ടിൽ ലെവൻടൊസ്കി വീണ്ടും ഷാൽകെയുടെ ഗോൾവല ചലിപ്പിച്ചു. ഈ സീസണിലെ എല്ലാ എല്ലാ മത്സരങ്ങളിൽ നിന്നും 30 ഗോളുകൾ ആണു ലെവി അടിച്ചു കൂട്ടിയത്.

ഗോൾ രഹിതമായ കളിയുടെ രണ്ടാം പകുതിയിൽ ഡിഫെന്റ് ചെയ്യാനായിരുന്നു ബയേണിന്റെ ശ്രമം. ഗോൾ അടിക്കാനുള്ള ശ്രമങ്ങൾ ഒന്നും ബവേറിയന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. 67ആം മിനുട്ടിൽ റിബെറിക്ക് പകരം വിങ്ങർ ബോയ്‌ കോമൻ ഇറങ്ങി. രണ്ടാം പകുതിയിൽ ഷാലോൺകെയുടെ ഹോൾഗെർ ബാഡ്സ്റ്റബർ രണ്ടാമത്തെ മഞ്ഞക്കാർഡ് വാങ്ങി പുറത്ത് പോയി. വിന്റർ ട്രാൻസ്ഫർ ആയി ബയേൺ ഷാലോൺകെയ്ക്ക് ലോൺ കൊടുത്തതാണു ബാഡ്സ്റ്റബറിനെ. സ്റ്റാൻഡിങ് ഓവേഷൻ കൊടുത്താണു തങ്ങളുടെ പഴയ പ്ലെയറിനെ ബയേൺ ഫാൻസ് മടക്കിയത്.

മറ്റൊരു മത്സരത്തിൽ ബൊറുസിയ മോഷെൻഗ്ലാഡ്ബാക്ക് 2-1 ഹാംബെർഗ് എഫ്സി പരാജയപ്പെടുത്തി. രണ്ട് പെനാൽറ്റിയിലൂടെ ഹാംബെർഗ് എഫ്സിയുടെ സെമിഫൈനൽ മോഹങൾ തകർന്നു.ഇതോടുകൂടി ഗ്ലാഡ്ബാക്കും ഫ്രാങ്ക്ഫർട്ടും ബയേണും സെമിയിൽ എത്തി.

Advertisement