
നവനീതും, മുബീനും, ആര്യൻ ഹരിദാസുമെല്ലാം മാഞ്ചസ്റ്ററിൽ പോകുന്നതിന്റെ ത്രില്ലിലാണു, അബുദാബിയിൽ വെച്ചു മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റിൽ വിജയികളായതോടെയാണു മാഞ്ചസ്റ്ററിലേക്കുള്ള വഴി ഇവർക്കു മുന്നിൽ തെളിഞ്ഞതു.
അണ്ടർ 10 കാറ്റഗറിയിൽ അബുദാബിയിൽ നടന്ന ടൂർണമെന്റിൽ 8-ഓളം മലയാളീ താരങ്ങൾ അണി നിരന്ന ജെംസ് കിന്റർ ഗാർഡൻ സ്റ്റാർടേർസ്സ് ആണു ചാമ്പ്യന്മാരായത്. എറണാകുളം സ്വദേശിയായ അരുൺ പ്രതാപ് പരിശീലനം നൽകുന്ന ടീമാണു സ്വപ്ന സമാനമായ ഈ നേട്ടത്തിനർഹരായത്. എ.എഫ്.സി ‘സി’ ലൈസൻസ് ഉള്ള അരുൺ കേരള സബ് ജൂനിയർ ടീം, വിവ കേരള അണ്ടർ 19 ടീം, എന്നീ ടീമുകളുടെ കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്.
മലയാളീ താരങ്ങൾക്കു പുറമേ ഈജിപ്ത്, നൈജീരിയ തുടങ്ങിയ രാജ്യത്തെ താരങ്ങളും ടീമിൽ അംഗങ്ങളായിരുന്നു. വിജയികളായ കെ.ജി.എസ് ടീമിനു ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റി ക്ലബിന്റെ ക്യാമ്പസിൽ സർവ ചിലവുകളും ഉൾപ്പടെ സൗജന്യ പരിശീലനമാണു ലഭിക്കാൻ പോകുന്നതു.