ഖിയ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് തല മത്സരങ്ങൾ അവസാന ലാപ്പിലേക്ക്‌

ദോഹ: അഞ്ചാമത് കെ-മാർട്ട് ട്രോഫിക്കായുള്ള ഖിയ അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റിൽ യുണൈറ്റഡ് കേരളക്കും സിറ്റി എക്സ്ചേഞ്ച്നും ജയം. ചാമ്പ്യൻസ് ലീഗിന്റെ എല്ലാ വശ്യതയും ആവാഹിച്ച മൂന്നു മത്സരങ്ങളായിരുന്നു കഴിഞ്ഞ വാരാന്ത്യത്തിൽ പ്രവാസി ഇന്ത്യൻ സമൂഹം ദർശിച്ചത്. കരുത്തന്മാരെന്ന് മുദ്രകുത്തപ്പെട്ട വമ്പൻ ടീമുകളെ നവാഗത ടീമുകൾ പിടിച്ചുകെട്ടുന്ന സുന്ദര മുഹൂർത്തങ്ങൾക്കായിരുന്നു അൽ അറബ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഖിയ അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റിന്റെ ലീഗ് റൗണ്ട് മത്സരങ്ങൾ ഒരു മാസം പിന്നിടാനാവുമ്പോഴും സെമി പ്രവേശം ആർക്കൊക്കെ എന്നത് പ്രവചനാതീതമായി നില്കുന്നു.

വ്യാഴാഴ്ച നടന്ന മത്സരത്തിൽ നവാഗതരായ സാറ്റ്കോ ഭോപാൽ എഫ്. സി കരുത്തരായ യുണൈറ്റഡ് കേരളയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്നും പടിയിറങ്ങി. എങ്കിലും തങ്ങളുടെ ആദ്യ സീസൺ തന്നെ അവിസ്മരണീയമാക്കാൻ ഗോവൻ – ഭോപാൽ സംയുക്ത ടീമായ സാറ്റ്കോ ഭോപാലിനു സാധിച്ചു. യുണൈറ്റഡ് കേരള, സ്റ്റാർ സ്ട്രൈക്കർ റോഷൻ നേടിയ അതിമനോഹരമായ ഗോളിലൂടെ വിലപ്പെട്ട മൂന്ന് പോയിന്റ് കരസ്ഥമാക്കി സെമി സാധ്യത നിലനിർത്തി.

 

വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ രണ്ടു സ്റ്റേറ്റ് താരങ്ങളെ ഗസ്റ്റ് കളിക്കാറായി കളത്തിലിറക്കി തമിഴ് ശക്തി തെളിയിക്കാനായി ഇറങ്ങിയ തമിഴ്നാട് എഫ്.സിയെ നിലവിലെ റണ്ണേഴ്സ് ആയ സിറ്റി എക്സ്ചേഞ്ച് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്ത് ടൂർണമെന്റിൽ സെമി ബെർത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി. കളിയുടെ 19ആം മിനുട്ടിൽ ക്യാപ്റ്റൻ സതീശൻ നേടിയ ഗോളിലൂടെ മുന്നിലെത്തിയ സിറ്റി എക്സ്ചേഞ്ച്, തുടരെ തുടരെയുള്ള ആക്രമണ മുന്നേറ്റങ്ങളോടെ സ്റ്റേഡിയം അടക്കി വാണു. 26, 30 മിനിറ്റുകളിൽ പത്താം നമ്പർ താരം സിറ്റിക്കായി ഗോളുകൾ നേടി.

തുടർന്ന് നടന്ന അലി ഇന്റർനാഷണൽ എഫ്.സി, കൾച്ചറൽ ഫോറം ഖത്തർ മത്സരം ഫലം സൂചിപ്പിക്കുന്നത്പോലെ തന്നെ തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു. കളിയുടെ 60 മിനുട്ടും വിജയദാഹത്തോടെ ഇരു ഭാഗത്തേക്കും ആക്രമണ പ്രത്യാക്രമണങ്ങളുമായി ടീമുകൾ കാണികൾക്ക് വിരുന്നേകി. കളിയുടെ 25 ആം മിനുട്ടിൽ സന്തോഷ് ട്രോഫി താരം ബാസിത് ബോക്സിനകത്തു വച്ച് കൈകൊണ്ട് ബാൾ സ്പർശിച്ചതിനാൽ ലഭിച്ച പെനാൽറ്റി കിക്ക് കുട്ടൻ വിദഗ്ദമായി വലയിലാക്കി. തുടർന്ന് ആക്രമണം കടുപ്പിച്ച കൾച്ചറൽ ഫോറം 48ആം മിനുട്ടിൽ, ടൂർണമെന്റ് കണ്ട ഏറ്റവും മനോഹരമായ ഗോളിലൂടെ സമനില കണ്ടെത്തി.

 

കൾച്ചറൽ ഫോറത്തിനായി ഗസ്റ്റ് പ്ലയറായി കളിച്ച ചെന്നൈ എഫ്. സി താരം മഷൂദ് ആണ് ഗോൾ നേടിയത്. വിജയത്തിനായി ഇരു ടീമുകളും കഠിനാദ്ധ്വാനം ചെയ്തെങ്കിലും ഫല ലഭിച്ചില്ല. ഈ സമനില മൂലം കൾച്ചറൽ ഫോറത്തിന്റെ സെമി സാധ്യത ഇല്ലാതാക്കുകയും അലി ഇന്റർനാഷണലിനു അടുത്ത കളികളുടെ ഫലത്തെ കാത്തിരിക്കേണ്ടിയും വന്നു. കളിയുടെ തുടങ്ങുന്നതിനു മുന്നേ, ദോഹയിലെ സാമൂഹിക, സാംസ്കാരിക, കായിക രംഗത്തെ നിറ സാന്ദിധ്യം മുഹമ്മദ് ഈസ കളിക്കാരുമായി പരിചയപ്പെട്ടു.

കഴിഞ്ഞ ആഴ്ചകളിൽ നടന്ന സെൽഫി വിത്ത് ഖിയ മത്സര വിജയികളായ ആസ്റു ഗുരുവായൂർ, റംഷി കോഴിക്കോട് എന്നിവർക്ക് യഥാക്രമം മുഹമ്മദ് ഈസ, ഷറഫ് പി ഹമീദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a Comment