ദുബായ് കൊടുവള്ളി സൂപ്പർ ലീഗിൽ മെട്രോ ഈസ്റ്റ് കിഴക്കോത്ത് ചാമ്പ്യന്മാർ

ദുബായിൽ നടന്ന രണ്ടാമത് കൊടുവള്ളി സൂപ്പർ ലീഗിൽ മെട്രോ ഈസ്റ്റ് കിഴക്കോത്ത് ചാമ്പ്യന്മാർ. ദുബൈ അൽ മംമ്സാർ ഇത്തിഹാദ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ എച്ച് എഫ് സി മണ്ണിൽകടവിനെ ടോസ്സിൽ മറികടന്നാണ് മെട്രോ ഈസ്റ്റ് കിഴക്കോത്ത് ചാമ്പ്യന്മാരായത്. നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിത സമനിലയിലായിരുന്നു. തുടർന്ന് നടന്ന ടൈബ്രേക്കറിലും 3-3 സമനില പാലിച്ചതിനെ തുടർന്ന് ടോസ്സിലാണ് വിജയികളെ തിരഞ്ഞെടുത്തത്.
നേരത്തെ കൊടുവള്ളി സൂപ്പർ ലീഗിന്റെ ഉദ്ഘാടനം സിനിമ നടിയും ആർ ജെയുമായ നെയ്ല ഉഷ നിർവഹിച്ചിരുന്നു. ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കൊടുവള്ളി മുഖ്യാഥിതിയായിരുന്നു. കൊയപ്പ അഖിലേന്ത്യ ഫുട്ബോളിനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റാക്കിയ ലൈറ്റിനിങ് സ്പോർട്സ് ക്ലബിന്റെ ദുബൈ ചാപ്റ്ററും കൊടുവള്ളി പ്രവാസികൂട്ടവും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാൻ വേണ്ടിയാണു 14 ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടൂർണമെന്റ് നടത്തിയത്. മേപ്പൊയിൽ ഗ്രൂപ്പാണ് മത്സരങ്ങൾ സ്പോൺസർ ചെയ്തത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial