പ്രവാസി കാല്പന്തുകളി മികവിനെ കേരളത്തിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകത

ഈയടുത്തിടെ യു.എ.ഇ ആസ്ഥാനമായ ഒരു സ്കൂളിലെ 4 കുട്ടികളെ ഗോകുലം എഫ്‌.സിയുടെ അണ്ടർ 13 ടീമിലേക്ക്‌ തിരഞ്ഞെടുത്തിരുന്നു. അതിനു മുമ്പ് ഇന്ത്യൻ അണ്ടർ 17 ലോകകപ്പ്‌ ടീമിലേക്ക്‌ ജി.സി.സി രാജ്യങ്ങളിൽ സ്കൗടിംഗ്‌ നടത്തി താരങ്ങളെ തിരഞ്ഞെടുത്തിരുന്നു. കൂടാതെ അബു ദാബി അൽ എത്തിഹാദ്‌ അകാദമിയുടെ താരമായിരുന്ന സഹൽ സന്തോഷ്‌ ട്രോഫി ടീമിലേക്കും തുടർന്നു കേരള ബ്ലാസ്റ്റേർസ്സിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

 

ഇവയെല്ലാം ഗൾഫ്‌ രാജ്യങ്ങളിൽ പരിശീലനം നടത്തി വളർന്ന താരങ്ങളുടെ മികവിനെ സൂചിപ്പിക്കുന്നു, ഈ താരങ്ങളെല്ലാം ഇന്ത്യൻ ഫുട്ബോളിനു മുതൽ കൂട്ടാകുമെന്നതിൽ യാതൊരു തർക്കവുമില്ല. പക്ഷേ ഈ താരങ്ങളെല്ലാം ഇന്ത്യൻ ഫുട്ബോളിലേക്ക്‌ എത്തിയത്‌ തികച്ചും ഒറ്റപെട്ട സംഭവങ്ങളായേ കണക്കാക്കാവൂ. കഴിവും കളി മികവുമുള്ള ഒരുപാട്‌ താരങ്ങൾ ഇന്നും ഗൾഫ്‌ രാജ്യങ്ങളിലുണ്ട്‌ അവരെല്ലാം ഒടുവിൽ സെവൻസ്‌ ഫുട്ബോളിൽ ഒതുങ്ങി പോകുന്നു. ഗോകുലം എഫ്‌ സിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട 4 കുട്ടികളെയും പരിശീലിപ്പിച്ചിരുന്നത്‌ മുൻ കേരള സബ്‌ ജൂനിയർ കോച്ച്‌ കൂടിയായിരുന്ന അരുൺ പ്രതാപ്‌ ആയിരുന്നു. 8 മലയാളീ കുട്ടികളുഒഎട്ട ടീം ചാമ്പ്യന്മാരായതു പല വിദേശ രാജ്യതാരങ്ങളുൾപ്പട്ട ടീമുകളെ പരാജയപ്പെടുത്തിയായിരുന്നു.

ഗൾഫ്‌ രാജ്യങ്ങളിൽ നിരവധി അക്കാദമികളിലായി ഒരുപാട്‌ മലയാളീ താരങ്ങൾ പരിശീലിക്കുന്നുണ്ട്‌ കളി മികവ്‌ പ്രകടിപ്പിച്ചാലും പിന്നീട്‌ പ്രവാസ മണ്ണിൽ അവസരങ്ങൾ കുറയുന്നതോടെ അവരൊക്കെ ഫുട്ബോളിൽ നിന്നകലുകയോ ഗൾഫ്‌ രാജ്യങ്ങളിലെ സെവൻസ്‌ ഫുട്ബോളിൽ ഒതുങ്ങുകയോ ചെയ്യുന്നു. ഗൾഫ്‌ രാജ്യങ്ങളിലെ പരിശീലനവും അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യയിലേതിനേക്കാൾ മികച്ചതായതു കൊണ്ട്‌ കുട്ടികൾ നല്ല നിലവാരം പുലർത്തുന്നതിൽ അത്ഭുതമില്ല.

എന്നാൽ ഗോകുലം എഫ്‌ സി സൈൻ ചെയ്ത ഈ 4 താരങ്ങൾ മാത്രമല്ല അതിലേറെ താരങ്ങൾ, അവസരങ്ങൾ അർഹിക്കുന്നവർ ഇന്നു ഗൾഫ്‌ രാജ്യങ്ങളിലെ വിവിധ അക്കാദമികളിലുണ്ട്‌. എന്നാൽ അവരെ നാട്ടിലെ ടീമുകൾക്ക്‌ പരിചയപ്പെടുത്താൻ കൃത്യമായ ഒരു രീതിയുണ്ടാകേണ്ടിയിരിക്കുന്നു. പ്രവാസി സംഘടനകളും മറ്റും മുൻ കയ്യെടുത്തു നടത്തിയാൽ മികവുറ്റ ഒരുപിടി താരങ്ങളെ ഇന്ത്യൻ ഫുട്ബോളിനു സംഭാവന ചെയ്യാൻ ഗൾഫ്‌ മണ്ണിനാകും. ബ്ലാസ്റ്റേർസ്സിനു പുറമേ ഐ-ലീഗിൽ ഗോകുലം എഫ്‌.സിയും സെക്കന്റ്‌ ഡിവിഷനിൽ എഫ്‌.സി കേരളയുമെത്തിയേക്കാവുന്നതുകൊണ്ട്‌ കേരളത്തിൽ നിന്നും 3 ടീമുകൾ ഈ വർഷം ദേശീയ ലീഗുകളിൽ കളിച്ചേക്കാം. കൂടാതെ അണ്ടർ 13,15,18 വിഭാഗങ്ങളിൽ ഐ-ലീഗ്‌ മൽസരങ്ങളും, ഐ.എസ്‌.എൽ – ഐ-ലീഗ്‌ മൽസരങ്ങൾ സമാന്തരമായി നടക്കാൻ പോകുന്നതു കൊണ്ടും ഒരുപാട്‌ താരങ്ങളെ അവസരങ്ങൾ കാത്തിരിക്കുകയാണു. ഈ അവസരത്തിൽ നല്ല ഇടപെടലുകൾ പ്രവാസി സംഘടനകളുൾപ്പടെയുള്ളവർ നടത്തിയാൽ അർഹിക്കുന്ന ഒരുപാട്‌ താരങ്ങൾക്ക്‌ അവസരം നൽകാൻ സാധിച്ചേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial