വീണ്ടും താരമായി മലയാളി ഗനി അഹമ്മദ് നിഗം, പൂനെ സിറ്റി സെമി ഫൈനലിൽ

ഗോവയിൽ നടക്കുന്ന AWES കപ്പിലെ പൂനെ സിറ്റിയുടെ രണ്ടാം മത്സരത്തിലും നാദാപുരംകാരൻ ഗനി നിഗം തന്നെ താരം. ശക്തരായ ബർദേഴ്സ് എഫ് സിയെ ഇന്ന് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ പൂനെ സിറ്റി ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. പൂനെയുടെ ഏക ഗോൾ പിറന്നത് ഗനി അഹമ്മദ് നിഗത്തിന്റെ ബൂട്ടിൽ നിന്നായിരുന്നു. ആദ്യ മത്സരത്തിലും ഗനി നിഗം ഗോൾ നേടിയിരുന്നു.

ആദ്യ മത്സരത്തിൽ പൂനെ സിറ്റി എതിരില്ലാത്ത നാലു ഗോളുകൾക്ക് ഡെംപോ ജൂനിയേർസിനെ ആയിരുന്നു പരാജയപ്പെടുത്തിയത്. രണ്ട് മത്സരങ്ങളും ജയിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി പൂനെ സെമിയിലേക്ക് കടന്നു. മലയാളി താരം ആഷിഖ് കുരുണിയനും ഇന്ന് പൂനയ്ക്കു വേണ്ടി കളത്തിൽ ഇറങ്ങിയിരുന്നു.

സാൽഗോക്കറും ഡെംപോയുമാണ് പൂനയെ കൂടാതെ സെമിയിൽ സ്ഥാനം പിടിച്ച മറ്റു ടീമുകൾ. അവസാന സെമി ഫൈനലിസ്റ്റുകളെ നാളെ അറിയാം. കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലം എഫ് സിയും സ്പോർടിംഗ് ഗോവയും തമ്മിലുള്ള അവസാന ഗ്രൂപ്പ് മത്സരത്തിൽ സമനില മതിയാകും ഗോകുലത്തിന് സെമിയിലേക്ക് കടക്കാൻ. നാളെ വൈകിട്ട് അഞ്ചു മണിക്കാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial