ആദ്യ ഫുട്‌സൽ ക്ലബ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ന്, കിരീടം തേടി മുഹമ്മദൻസും ഡെൽഹി എഫ് സിയും

ആദ്യ ഹീറോ ഫുട്‌സൽ ക്ലബ്ബ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഇന്ന് ഡൽഹിയിൽ നടക്കും. ഫൈനലിൽ കൊൽക്കത്തൻ ക്ലബായ മുഹമ്മദൻസും ഡൽഹി ക്ലബായ ഡെൽഹി എഫ് സിയും ആണ് നേർക്കുനേർ വരുന്നത്. ഇന്ന് രാത്രി 8.30ന് നടക്കുന്ന ഫൈനൽ ഇന്ത്യൻ ഫുട്‌ബോളിന്റെ യൂട്യൂബ് ചാനൽ വഴിയും യൂറോസ്‌പോർട് വഴിയും കാണാം. സെമി ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തിയാണ് മുഹമ്മദൻസും ഫൈനലിൽ എത്തിയത്. ഡൽഹിയുടെ സെമി ഫൈനൽ മത്സരത്തിൽ 19 ഗോളുകൾ പിറന്നിരുന്നു. മംഗള ക്ലബ്ബിനെ 12-7 എന്ന സ്കോറിനാണ് ഡെൽഹി പരാജയപ്പെടുത്തിയത്.

മുഹമ്മദൻസ് ടൂർണമെന്റിൽ ഇതുവരെ 20 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുണ്ട്. ഡെൽഹി സമ്പൂർണ്ണ ആധിപത്യത്തോടെയാണ് ഫൈനൽ വരെ എത്തിയത്. 53 ഗോളുകൾ അവർ ഇതുവരെ അടിച്ചു കൂട്ടി. കളിച്ച എല്ലാ മത്സരങ്ങളിലും 10ൽ അധികം ഗോളുകൾ ഡൽഹി അടിച്ചിട്ടുണ്ട്.