യുവ പ്രതിഭകളാൽ ഇനി ഫ്രാൻസ് ഫുട്ബോൾ സമ്പന്നമാവും

- Advertisement -

ഇന്ന് ലോക ഫുട്ബോളിൽ ഏറ്റവും മികച്ച യുവ താരങ്ങൾ ആർക്കാവും എന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേ ഒള്ളു- ഫ്രാൻസ്. ലോക ഫുട്ബോളിലെ എണ്ണം പറഞ്ഞ ടീമുകളുടെ ആദ്യ ഇലവനിൽ തന്നെ കളിക്കുന്ന ഒരുപറ്റം യുവ താരങ്ങളുണ്ട് അവർക്ക്. കൂടാതെ പോഗ്ബയും ഗ്രീസ്മാനും വരാനും അടക്കമുള്ള പ്രതിഭകൾ വേറെയുമുണ്ട്. ഇവരൊക്കെ യുവ താരങ്ങൾ ആണെങ്കിലും ഈയിടെ ഫ്രാൻസ് ഫുട്ബാളിലേക്ക് ചുവടുവച്ച ഏതാനും മികച്ച യുവ താരങ്ങളെ കുറിച്ചാണ് ഇവിടെ.

കിലിയൻ മ്പാപ്പെ

ഇന്ന് ലോക ഫുട്ബോളിൽ ഏറ്റവും മൂല്യമുള്ള യുവ താരം. മൊണാക്കോയുടെ ഫ്രഞ്ച് ഫുട്ബോളിന്റെ നെറുകയിലേക്കുള്ള തിരിച്ചു വരവിൽ ആക്രമണ ഫുട്ബോളിന്റെ പുതിയ മുഖമായ 19 വയസ്സുകാരൻ. ഈ ട്രാൻസ്ഫർ സീസണിൽ മ്പാപ്പെ മൊണാക്കോയിൽ നിന്ന് ഏതു ക്ലബ്ബിലേക്ക് ചുവടുമാറിയാലും അത് ഇന്നേവരെ ലോകം കണ്ട ഏറ്റവും പണ ചെലവുള്ള കൈമാറ്റമാവുമെന്ന്‌ ഉറപ്പാണ്. ഏതാണ്ട് 130 മില്യൺ യൂറോയോളമാണ് മോണോക്കോ ഫ്രഞ്ച് താരത്തിനിട്ടിരിക്കുന്ന വില. റയൽ മാഡ്രിഡും ആഴ്സണലുമാണ് മ്പാപ്പെയുടെ ഒപ്പിനായി മത്സര രംഗത്തുള്ളത്.

വേഗതയും കരുത്തുമാണ് മ്പാപ്പെയെ വ്യത്യസ്തനാക്കുന്നത്. ഫ്രാൻസ് ഇതിഹാസം തിയറി ഹെൻറിയുടെ കളി ശൈലിയുമായി ഏറെ സാമ്യമുള്ള മ്പാപ്പെയുടെ കളി താരത്തെ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരുടെ നിരയിലേക്ക് എത്തിക്കുമെന്നാണ് ഫുട്ബാൾ നിരീക്ഷകരുടെ വിലയിരുത്തൽ.

ബെഞ്ചമിൻ മെൻഡി

 

മൊണാക്കോയുടെ തന്നെ യുവ താരം. ഇനിയുള്ള നാളുകളിൽ ലോകത്തെ തന്നെ മികച്ച ലെഫ്റ്റ് ബാക്ക് എന്ന് പേരെടുക്കാൻ സാധ്യതയുള്ള താരം. ആക്രമണത്തിലും പ്രതിരോധത്തിലും ഒരേ പോലെ തിളങ്ങുന്ന 22 വയസ്സുകാരൻ. മൊണാക്കോയിൽ എത്തുന്നതിന് മുൻപ് തന്നെ ഫ്രഞ്ച് ടീമായ മാർസെയ്യുടെ ആദ്യ ഇലവനിൽ ചെറിയ പ്രായത്തിൽ തന്നെ ഇടംനേടി. പെപ് ഗാര്ഡിയോള അടക്കമുള്ള പരിശീലകരുടെ ശ്രദ്ധയിൽ മെൻഡി ഉണ്ടെങ്കിലും മൊണാക്കോയിൽ തന്നെ തുടരാനാണ് സാധ്യത. ഈ വർഷം ആദ്യമായി ഫ്രാൻസ് ദേശീയ ടീമിൽ ഇടം നേടിയ താരം ലീഗ് വണ്ണിലും ചാമ്പ്യൻസ് ലീഗിലും മൊണാക്കോയുടെ കുതിപ്പിൽ എംബാപ്പക്കൊപ്പം മികച്ച പങ്ക് വഹിച്ചു. പട്രീസ് എവ്റക്ക് ശേഷം ഫ്രാൻസിന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ സ്ഥിരതയോടെ മെൻഡി ഉണ്ടാകും എന്ന് തന്നെയാവും ഫ്രാൻസ് ദേശീയ പരിശീലകൻ ദേശാംപ്സിന്റെ പ്രതീക്ഷ.

കൊറെന്റീൻ ടോലീസോ

ബയേർണിന്റെ ഏറ്റവും പുതിയ താരം. 41 മില്യൺ യൂറോയുടെ കരാറിൽ ഫ്രഞ്ച് ടീമായ ലിയോണിൽ നിന്ന് ഈ മാസം ജർമ്മൻ ചാംപ്യന്മാരുമായി കരാർ ഒപ്പിട്ട താരം നിലവിൽ ബുണ്ടസ് ലീഗെയിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ്. ബുണ്ടസ് ലീഗയുടെ ചരിത്രത്തിൽ വേറൊരു ക്ലബ്ബും ഒരു കളിക്കാരന് വേണ്ടി ഇത്ര വലിയ തുക മുടക്കിയിട്ടില്ല എന്നത് മാത്രം മതി ടോലീസോയുടെ കളി മികവ് അളക്കാൻ.

 

സാബി ആലോൻസോയുടെ പിൻഗാമിയായാവും ടോലീസോ ജർമ്മൻ തലസ്ഥാനത്തെത്തുക. ഏതു പൊസിഷനിലും കളിക്കാനുള്ള കഴിവാണ് താരത്തെ ഈ വർഷം ദേശീയ ടീമിലും എത്തിച്ചത്. മധ്യനിരയിൽ ഏത് റോളിലും കളിക്കാനുള്ള കഴിവ് താര നിബിഡമായ ഫ്രാൻസ് മധ്യനിരയിലെ വിത്യസ്തനാക്കുന്നു. ഏതായാലും വരും നാളുകളിൽ ഫ്രാൻസ് ദേശീയ ടീമിലെ അഭിവാജ്യ ഘടകമായി താരം മാറുമെന്ന് ഉറപ്പാണ്.

ടിയേമോ ബോകയോക്കോ

മൊണാക്കോ ടീമിൽ നിന്ന് ഈയടുത്ത കാലത്ത് ഫ്രാൻസ് ദേശീയ ടീമിൽ ഇടം നേടിയ യുവ താരം. മൊണാക്കോയുടെ ചാമ്പ്യൻസ് ലീഗിലെ മികച്ച താരങ്ങളിൽ ഒരാൾ. ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി ഇയറിൽ ഇടം നേടി. ഡിഫൻസീവ് മിഡ്ഫീൽഡറായ ബോകയോക്കോയെ പക്ഷെ യായ തുറെയോടാണ് മൊണാക്കോ ആരാധകർ താരതമ്യം ചെയ്യുന്നത്. മധ്യനിരയിൽ കളി നിയന്ത്രിക്കുന്നത് പുറമെ മികച്ച പാസിങ്ങുമാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. തന്റെ നാട്ടുകാരനായ കാന്റെകൊപ്പം അടുത്ത സീസണിൽ ചെൽസിയുടെ മധ്യ നിരയിൽ താരം ഉണ്ടാകുമെന്നാണ് ട്രാൻസ്ഫർ വാർത്തകളിൽ നിന്ന് ലഭിക്കുന്ന സൂചന. ചെൽസി പരിശീലകൻ അന്റോണിയോ കോണ്ടേ താരത്തിന്റെ വലിയ ആരാധകനാണ്.

പോൾ പോഗ്ബ പരിക്ക് പറ്റി പുറത്തായപ്പോൾ ദേശാമ്പ്സ് പകരം ടീമിൽ എത്തിച്ചതോടെ ആദ്യമായി ഈ വർഷം ഫ്രാൻസ് ദേശീയ ടീമിലും അംഗമായി. പക്ഷെ ഫ്രാൻസ് മധ്യ നിരയിൽ സ്ഥിരം ഇടം ലഭിക്കണമെങ്കിൽ ഇനിയും ഏറെ ദൂരം പോകാനുണ്ട് ബൊക്കോയകോക്ക്.

പ്രെസ്നൽ കിംപെബ്ബേ

സെന്റർ ബാക്ക് പൊസിഷനിൽ ഫ്രാൻസിന്റെ ഏറ്റവും പുതിയ താരങ്ങളിൽ ഒരാൾ. ദേശീയ ടീമിൽ ഇടം നേടിയെങ്കിലും ഇതുവരെ അരങ്ങേറാൻ സാധിച്ചിട്ടില്ല. പക്ഷെ 21 കാരനായ താരത്തിന് ഇനിയുള്ള നാളുകളിൽ അവസരം ലഭിച്ചേക്കും. പി എസ് ജി യുടെ താരമായ കിംപെബ്ബേ ക്ലബ്ബ് ഫുട്ബോളിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതോടെ ഇനിയും വളരാൻ സാധ്യതയുള്ള താരമാണ്.

ഒസ്മാൻ ഡെംബലെ

എംബപ്പേയോളം പോന്ന യുവ പ്രതിഭ. 20 വയസ്സിൽ തന്നെ ജർമ്മൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ പ്രാധാന താരങ്ങളിൽ ഒരാൾ. ബാഴ്സലോണ അടക്കമുള്ള യൂറോപ്യൻ വമ്പൻ ശക്തികൾ താരത്തിനായി രംഗത്തുണ്ട്. അറ്റാക്കിങ് മിഡ് ഫീൽഡറായ താരം ആക്രമണ നിരയിൽ ഏതു റോളിലും കളിക്കാൻ യോഗ്യൻ. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള താരം ഫ്രാൻസ് സൂപ്പർ താരം പോൾ പോഗ്ബയുടെ അടക്കം പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.

ഇത്തവണ ബാഴ്സലോണയിൽ മധ്യ നിര ശക്തമാക്കുന്നതിന്റെ ഭാഗമായി താരം ബാഴ്സലോണയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും മാഞ്ചസ്റ്റർ സിറ്റിയും പി എസ് ജി യും ശക്തമായി തന്നെ രംഗത്തുണ്ട്.

തോമസ് ലമാർ

ഫ്രാൻസ് ഫുട്ബാളിന് മൊണാക്കോയുടെ മറ്റൊരു സംഭാവന. ഒരു മധ്യനിര താരത്തിന് വേണ്ട എല്ലാ ഗുണവും ചേർന്ന 21 കാരൻ ഒരേ സമയം ഗോളടിക്കാനും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനും മിടുക്കൻ. കഴിഞ്ഞ സീസണിൽ മോണോക്കോകായി 9 ഗോളുകളും 10 അസിസ്റ്റും നേടി. ലമാർ ഇത്തവണ സ്പർസിലേക്കോ ആഴ്സണലിലേക്കോ എത്തിയേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും മോണോക്കോ താരത്തെ നില നിർത്താൻ ശ്രമിച്ചേക്കും. പ്രത്യേകിച്ചും ലമാറിന്റെ പങ്കാളിയായിരുന്നു ബെർണാഡോ സിൽവ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചുവടു മാറിയ സാഹചര്യത്തിൽ.

വരും നാളുകളിൽ നിലവിലെ ഫ്രാൻസ് മധ്യ നിര താരങ്ങൾക്ക് കടുത്ത വെല്ലുവിളിയായി ലമാറൂം ഉണ്ടാകും. 2016 നവംബറിൽ ഫ്രാൻസിനായി ആദ്യ രാജ്യാന്തര മത്സരം കളിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement