ഇന്ത്യയിൽ മികച്ച ഫുട്ബോളറാകാൻ ഉബൈദ് സി കെ, വോട്ടിംഗ് ഇന്നു മുതൽ

- Advertisement -

ഇന്ത്യയിലെ ഫുട്ബോൾ പ്ലയേർസ് അസോസിയേഷൻ നൽകുന്ന കഴിഞ്ഞ സീസണിലെ മികച്ച താരത്തിനുള്ള അവാർഡിനായി തിരഞ്ഞെടുത്തവരിൽ മലയാളികളുടെ അഭിമാനമായ ഉബൈദ് സി കെയും. ആരാധകർ തിരഞ്ഞെടുക്കുന്ന മികച്ച താരങ്ങളുടെ ലിസ്റ്റിലാണ് ഈസ്റ്റ് ബംഗാളിന്റെ കാവൽ മാലാഖയായ ഉബൈദും ഉൾപ്പെട്ടിരിക്കുന്നത്. ഉബൈദ് ഉൾപ്പെടെ പത്ത് താരങ്ങളാണ് അവാർഡിനായി മത്സരിക്കുന്നത്.

പ്ലയേഴ്സ് അസോസിയേഷന്റെ വെബസൈറ്റിൽ ചെന്ന് ഫുട്ബോൾ പ്രേമികൾക്ക് വോട്ട് രേഖപ്പെടുത്താം. കഴിഞ്ഞ സീസണിൽ എഫ് സി കേരളയിൽ നിന്ന് ഈസ്റ്റ് ബംഗാളിൽ എത്തിയ ഉബൈദ് കൊൽക്കത്തയിലെ ഫുട്ബോൾ അരാധകരുടെ തന്നെ ഇഷ്ടതാരമായി മാറിയിരുന്നു. മികച്ച പ്രകടനങ്ങളിലൂടെ ഈസ്റ്റ് ബംഗാളിന്റെ ഒന്നാം നമ്പർ സ്ഥാനം തന്റേതാക്കി ഉബൈദ് മാറ്റിയിരുന്നു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ ഉബൈദിന് പുതിയ കരാർ നൽകിയാണ് ഈസ്റ്റ് ബംഗാൾ ഉബൈദിന്റെ പ്രകടനത്തെ ആദരിച്ചത്.

കഴിഞ്ഞ തവണ മലയാളി താരം സി കെ വിനീത് സ്വന്തമാക്കിയ അവാർഡായിരുന്നു ഇത്. ചെന്നൈ സിറ്റിയുടെ സൂസൈ രാജ്, മിനേർവ പഞ്ചാബിന്റെ സുഖ്ദേവ് സിങ്, നെറോകയുടെ സുഭാഷ് സിംഗ്, ഷില്ലോംഗിന്റെ സാമുവൽ, ചെന്നൈയിന്റെ ധൻപാൽ ഗണേഷ്, ബെംഗളൂരു എഫ് സിയുടെ രാഹുൽ ബെഹ്കെ, പൂനെ സിറ്റിയുടെ ആദിൽ ഖാൻ, എഫ് സി ഗോവയുടെ മന്ദർ റാവു ദേശായി, ഡൈനാമോസിന്റെ ചാംഗ്തെ എന്നിവരാണ് അവാർഡ് നോമിനേഷനിലുള്ള മറ്റു താരങ്ങൾ.

വോട്ട് രേഖപ്പെടുത്താൻ; www.thefpai.net

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement