ഷേക്സ്പിയറും പുറത്ത്

- Advertisement -

മുൻ പ്രീമിയർ ജേതാക്കൾ ലെസ്റ്റർ സിറ്റി പരിശീലകൻ ക്രെയ്ഗ് ഷേക്സ്പിയറിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. പ്രീമിയർ ലീഗിൽ ടീം തുടരുന്ന മോശം ഫോം കാരണമാണ് ക്ലബ്ബിന്റെ ഉടമകൾ ക്ലാഡിയോ റനിയേരിയുടെ പിൻഗാമിയെ പുറത്താക്കിയത്. നിലവിൽ 6 പോയിന്റുമായി ലീഗിൽ 18 ആം സ്ഥാനത്താണ് ലെസ്റ്റർ.

ഫെബ്രുവരിയിൽ ക്ലാഡിയോ റനിയേരിയുടെ പുറത്താക്കലോടെ ഫോക്‌സസിന്റെ പരിശീലക സ്ഥാനം താത്കാലിക അടിസ്ഥാനത്തിൽ ഏറ്റെടുത്ത ഷേക്സ്പിയർ ടീമിനെ തരം താഴ്ത്തലിൽ നിന്ന് രക്ഷപെടുത്തിയിരുന്നു. പിന്നീട് ക്ലബ്ബ്മായി മുഴുവൻ സമയ പരിശീലക സ്ഥാനം കരാർ ഒപ്പിട്ട ഷേക്സ്പിയറിന് ടീമിനൊപ്പം മികച്ച പ്രകടനം നടത്താൻ പറ്റാതെ പോയി. ഇന്നലെ വെസ്റ്റ് ബ്രോമുമായി 1-1 ന്റെ സമനില വഴങ്ങിയതോടെയാണ് അദ്ദേഹത്തിന്റെ സ്ഥാനം തെറിച്ചത്. ലീഗിൽ കഴിഞ്ഞ 6 മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാൻ ലെസ്റ്ററിന് ആയിരുന്നില്ല. പ്രീമിയർ ലീഗിൽ ഈ സീസണിൽ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ പരിശീലകനാണ് ഷേക്സ്പിയർ. നേരത്തെ ക്രിസ്റ്റൽ പാലസ് പരിശീലകൻ ഫ്രാങ്ക് ഡി ബോയറും പുറത്താക്കപ്പെട്ടിരുന്നു.

മുൻ ക്രിസ്റ്റൽ പാലസ് പരിശീലകൻ അലൻ പാർഡിയുവിന്റെ പേരടക്കം ഏതാനും പേരുകൾ ലെസ്റ്റർ പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ ലെസ്റ്റർ പുതിയ പരിശീലകനെ പ്രഖ്യാപിച്ചേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement