ഫിനാൻഷ്യൽ ഫെയർ പ്ലേ എന്ന അശ്ലീലവും, നോക്കുകുത്തികളാകുന്ന ഫുട്ബോൾ ഭരണാധികാരികളും

‘ഞാൻ പണക്കാരൻ തന്നെയാണ്, പക്ഷെ രാജ്യങ്ങളുമായി മത്സരിക്കാനാണ് നിങ്ങൾ പറയുന്നതെങ്കിൽ അത്ര പണക്കാരനല്ല ഞാൻ.’ ന്യൂ കാസിൽ യുണൈറ്റഡിന്റെ ഉടമസ്ഥൻ മൈക്ക് ആഷ്ലി ഈ വർഷത്തെ പ്രീമിയർ ലീഗ് തുടങ്ങാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ നൽകിയ വിവാദ അഭിമുഖത്തിൽ പറയുന്ന വാക്കുകളാണിത്. ചാമ്പ്യൻഷിപ്പിൽ നിന്ന് സ്ഥാനകയറ്റം നേടി വന്ന ന്യൂ കാസിൽ വേണ്ടത്ര പണം(ഇത് 32 മില്യൺ പൗണ്ട് അടുത്ത് അവർ ചിലവാക്കി, സ്ഥാനകയറ്റം നേടിയ ഹഡ്ഫീൾഡ്, ബ്രൈറ്റൻ എന്നിവർ ഇതിലും കൂടുതൽ ചിലവഴിച്ചിട്ടുണ്ട്) ട്രാൻസ്ഫർ മാർക്കറ്റിൽ ചെലവഴിക്കുന്നില്ല എന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു ആഷ്ലി. ആഷ്ലിയുടെ ഈ പിശുക്കിനെതിരെ വ്യാപക പ്രതിഷേധം ആരാധകരിൽ നിന്നും, കോച്ച് റാഫ ബെനിറ്റസിൽ നിന്നും ഉണ്ടായപ്പോയാണ് ഈ വിവാദ അഭിമുഖം പുറത്ത് വന്നത്. എന്ത് കൊണ്ടാണ് മൈക്ക് ആഷ്ലിയുടെ ഈ പരാതിക്ക് ഇത്ര പ്രാധാന്യം എന്നറിയണമെങ്കിൽ മൂന്ന് വർഷം മുമ്പ് ആഷ്ലി തന്നെ ന്യൂ കാസ്റ്റിൽ ആരാധകർക്ക് നൽകിയ ഒരു വാഗ്ദാനത്തിന്റെ കഥ കൂടിയറിയണം.

‘ന്യൂ കാസിലിനെ പഴയ പ്രതാപത്തിലേക്ക്, ഇംഗ്ലണ്ടിലെ മികച്ച ടീമിലൊന്നാക്കി, ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ടീമാക്കുക എന്നതാണന്റെ ലക്ഷ്യം’. മൂന്ന് കൊല്ലം മുൻപ് തരം താഴ്ത്തലിൽ നിന്ന് അവസാന ദിനം രക്ഷപ്പെട്ടപ്പോൾ ഇതേ മൈക്ക് ആഷ്ലി പറഞ്ഞ വാക്കുകളാണിത്. എന്നും ന്യൂ കാസിൽ ആരാധകരുടെ കണ്ണിലെ കരടായ ആഷ്ലി ആരാധകരെ കയ്യിലെടുക്കാൻ വെറുതെ പറഞ്ഞ വാക്കുകളായിരുന്നില്ല അത്. അടുത്ത സീസണിൽ താരതമ്യേന മികച്ച താരനിരയേയും സ്റ്റീവ് മക്ളാരൻ പിന്നീട് റാഫ ബെനിറ്റസ് എന്നീ വമ്പൻ പരിശീലകരേയും ടീമിലെത്തിക്കാൻ ആഷ്ലിക്കായെങ്കിലും ടീമിനെ തരം താഴ്ത്തൽ എന്ന ദുർ വിധിയിൽ നിന്ന് രക്ഷിക്കാൻ ആഷ്ലിക്കായില്ല. എന്നാൽ റാഫക്ക് കീഴിൽ ചാമ്പ്യൻഷിപ്പിൽ നിന്ന് ഉടൻ സ്ഥാനം കയറ്റം നേടി തിരിച്ചെത്താനായ ന്യൂ കാസിൽ ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ ഇടപെടലുകൾ നടത്തും എന്ന് കരുതിയിരിക്കുമ്പോഴാണ് ഈ വിവാദ അഭിമുഖം പുറത്ത് വരുന്നത്.

എന്താണ് ഈ മൂന്ന് വർഷം കൊണ്ട് സംഭവിച്ചത്? മൈക്ക് ആഷ്ലി ദരിദ്രനായതല്ല, മാറ്റം ഫുട്ബോളിനായിരുന്നു, ഫുട്ബോൾ ലോകത്തിനായിരുന്നു. ഏതാണ് ആഷ്ലി രാജ്യങ്ങൾ എന്ന് വിളിച്ച ക്ലബുകൾ? മാഞ്ചസ്റ്റർ സിറ്റിയെ(ഏതാണ്ട് 300 മില്യനടുത്ത് യൂറോ ഈ സീസണിൽ സിറ്റി ചിലവാക്കി) ഉദാഹരണമായി എടുത്ത് പറയുന്നുണ്ട് ആഷ്ലി. ഈ മൂന്ന് വർഷത്തിനിടയിലാണ് ഒരു താരത്തിന്റെ വില 100 മില്യൺ യൂറോ കടക്കുന്നത്, അത് സംഭവിച്ച് വെറും ഒരു കൊല്ലം പോലും എടുത്തില്ല അത് 200 മില്യൺ കടക്കാൻ. എന്താണ് ഫുട്ബോളിന് സംഭവിക്കുന്നത് എന്നതല്ല ചോദ്യം എന്താണ് കുറെ കാലങ്ങളായി സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്നതാണ് ചോദ്യം. ആഗോളവൽക്കരണം ലോകത്തേ ഒറ്റ കുടക്കീഴിലാക്കി അതിന്റെ കമ്പോളത്തെ സ്വപ്നം കാണാനാവാത്ത വിധം വളർത്തുകയാണ്. നിമിഷം പ്രതി കോടികൾ ആസ്തി കൂടുന്ന ശതകോടീശ്വരന്മാരുടെ ലോകം. ആ ലോകത്തിന് ഒപ്പം തന്നെ സ്വഭാവികമായി വളരുന്ന ഫുട്ബോൾ ലോകവും എന്ന് മാത്രമായി ഇതിനെ നാം കണ്ടാൽ മതിയോ?

കളത്തിനകത്ത് പന്തിന് പിറകെ പായുന്ന 22 പേരിൽ നിന്ന്, ഡഗ് ഔട്ടിലെ ഗൗരവമുള്ള മുഖങ്ങളിൽ നിന്ന്, സ്റ്റേഡിയത്തിലെ ആർത്തിരമ്പുന്ന പതിനായിരങ്ങളിൽ നിന്ന്, ടി.വി സ്ക്രീനുകളിൽ നിന്ന് കളി കാണുന്ന കോടിക്കണക്കിനാളുകളിൽ നിന്ന് ഫുട്ബോൾ എന്നേ വളർന്നു, ഒപ്പം ഫുട്ബോൾ എന്ന കമ്പോളവും. ഇന്ന് ഹോളിവുഡ് താരങ്ങളെക്കാൾ സ്വീകാര്യമാണ് ഫുട്ബോൾ താരങ്ങൾ കമ്പോളത്തിന് എന്നതാണ് വാസ്തവം. അത്തരമൊരു ലോകത്തിന്റെ പ്രതിഫലനമാണ് നെയ്മറിന് ലഭിക്കുന്ന അതിശയിപ്പിക്കുന്ന പണം. നെയ്മർ എന്ന കളിക്കാരനായി, അയ്യാൾ കളത്തിൽ നേടുന്ന ഗോളുകൾക്കായി മാത്രമാണ് പാരീസ് സെൻറ് ജെർമൻ ഈ പണം ചെലവഴിച്ചത് എന്ന് ആരെങ്കിലും കരുതുന്നെങ്കിൽ അതിലും വലിയ മണ്ടത്തരം വേറെയില്ല. അല്ലെങ്കിൽ ആരാണിന്ന് കളിക്കാരന്റെ കളി മികവിന് മാത്രമായി പണം ചിലവഴിക്കുന്നത്? നെയ്മർ എന്ന ബ്രാന്റിന്, നെയ്മർ ആകർശിക്കുന്ന കാണികൾക്ക്, നെയ്മറിന്റെ ജെഴ്സി തൊട്ട് അടി വസ്ത്രം വരെ വിൽപ്പനക്ക് വെക്കാമെന്ന ബോധത്തിൽ നിന്നാണ് നെയ്മറിനായി പി.എസ്.ജി ഇത്രയും പണം മുടക്കുന്നത്. ഒപ്പം താരതമ്യേനെ യൂറോപ്പിന് പുറത്ത് കാണികൾ കുറവായ ഫ്രഞ്ച് ലീഗിലേക്ക് കാണികളെ ആകർശിക്കാനും, പി.എസ്.ജി എന്ന ബ്രാന്റിനെ നെയ്മറിന്റെ താരപ്രഭാവത്തിലൂടെ വളർത്താം എന്ന ബോധവും ഈ ട്രാൻസ്ഫറിന് പുറകിലുണ്ട്. ഏതാണ്ട് ചൈനീസ് ലീഗ് ലക്ഷ്യമിടുന്നത് തന്നെയാണ് പി.എസ്.ജിയുടേതും മനസ്സിൽ. ഒപ്പം ഖത്തർ നേരിട്ട വിലക്കും, 2022 ലെ ലോകകപ്പും പി.എസ്.ജിയുടെ ഖത്തർ ഉടമകളെ സ്വാധീനിച്ചിട്ടുണ്ടാവും.

എന്നാൽ ഇന്നേവരെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എത്താത്ത ഒരു ടീം, യൂറോപ്പിലെ പരമ്പരാഗത വമ്പന്മാരുടെ ചരിത്രമോ പാരമ്പര്യമോ അവകാശപ്പെടാനില്ലാത്ത ഒരു ക്ലബ്, വെറും 50 വർഷത്തിൽ താഴെ ചരിത്രമുള്ള ക്ലബ് എങ്ങനെ ഒരു കാലത്ത് റയലിനോ, മാഞ്ചസ്റ്റർ യുണൈറ്റഡിനോ മാത്രം സാധിക്കുന്ന ട്രാൻസ്ഫർ ഗാഥകൾ രചിക്കുന്നു എന്നത് ഫുട്ബോളിനെ, ട്രാൻസ്ഫർ മാർക്കറ്റിനെ അറിയുന്ന ആരാധകർക്ക് പറഞ്ഞ് കൊടുക്കേണ്ട കാര്യമല്ല. ഇവിടെയാണ് ആഷ്ലി പറഞ്ഞ രാജ്യങ്ങൾ അല്ലെങ്കിൽ സൂപ്പർ ഫിനാഷ്യൽ പവറുകൾ രംഗത്തെത്തുന്നത്. ഖത്തർ രാജകുടുംബത്തിൽ നല്ല പിടിപാടുള്ള പി.എസ്.ജി, മാഞ്ചസ്റ്റർ സിറ്റി ഉടമകളേയും പുടിന്റെ സുഹൃത്തായിരുന്ന റോമൻ അബ്രമോവിച്ച്(ചെൽസി ഉടമ) തുടങ്ങിയ വമ്പന്മാരെ തന്നെയാണ് ആഷ്ലി ലക്ഷ്യം വച്ചത്.

അബ്രമോവിച്ചിന്റെ പണം ഇംഗ്ലീഷ് ഫുട്ബോളിൽ ചെൽസിയിലൂടെ പുതിയ ചരിത്രം കുറിച്ചപ്പോൾ ‘ഞങ്ങൾക്ക്‌ ചരിത്രമില്ല’ എന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ച് കിരീടവിജയങ്ങൾ ആഘോഷിച്ച ചെൽസി ആരാധകർ വരാനിരുന്ന വലിയ വിപ്ലവത്തിന്റെ സൂചനകൾ തന്നെയാണ് നൽകിയത്. പിന്നീട് അറബ് പണം മാഞ്ചസ്റ്റർ സിറ്റിയെ ഇംഗ്ലീഷ് ഫുട്ബോളിന്റെ തലപ്പതേറ്റിയപ്പോൾ ഫുട്ബോൾ ലോകം ശരിക്കും അമ്പരക്കുകയായിരുന്നു. ഇങ്ങനെ പണക്കാരുടെ കുതിരപ്പന്തയമായി ഫുട്ബോൾ, പ്രത്യേകിച്ച് മാറും എന്ന ഘട്ടത്തിലാണ് ഫിനാൻഷ്യൽ ഫെയർ പ്ലേയുമായി ഫിഫയും, യുവേഫയും രംഗത്തെത്തുന്നത്. എന്നാൽ അതിനെ നോക്കി കുത്തിയാക്കി കൊണ്ടുള്ള പണക്കളിക്ക് തന്നെയാണ് ഫുട്ബോൾ ലോകം പിന്നീട് സാക്ഷിയായത്. റയലിനും, മാഞ്ചസ്റ്റർ യുണൈറ്റഡിനും ആവാമെങ്കിൽ എന്ത് കൊണ്ട് പി.എസ്.ജിക്കും മാഞ്ചസ്റ്റർ സിറ്റിക്കും ആയിക്കൂടാ എന്നത് സ്വഭാവിക സംശയമായി തോന്നാമെങ്കിലും അതിനുമപ്പുറമാണ് കാര്യങ്ങൾ.

ഇടക്ക് ബാഴ്സക്കും, അത്ലെറ്റിക്കോ മാഡ്രിഡിനും എതിരെ വിലക്കേർപ്പെടുത്തി ശക്തമായ നിലപാട് സ്വീകരിച്ച യുഫേഫ എന്നും പലതും കണ്ടില്ലെന്ന് തന്നെ വച്ചു. വമ്പന്മാരെ തൊടാനറച്ച് നിന്ന അവർ പണക്കളിക്ക് ലൈസൻസ് നൽകുകയായിരുന്നു. ഈ പണക്കളിയുടെ ഫലമായിരുന്നു താരങ്ങളെ സംരക്ഷിക്കാൻ നെട്ടോട്ടമോടേണ്ടി വരേണ്ടി വന്ന സൗത്താപ്റ്റൺ അടക്കമുള്ള ടീമുകൾ. അതിന്റെ ഫലമായിരുന്നു ലാഭം മാത്രം കണ്ട് കളിക്കാരനെ വെറും ചരക്കായി കണ്ട് പൈസ അടിച്ച് മാറ്റുന്ന സൂപ്പർ ഏജന്റുമാർ. ഫുട്ബോളിലൂടെ ഉണ്ടാക്കിയ പണം മാത്രമെ ഒരു ടീമിന് ചെലവഴിക്കാൻ അവകാശമുള്ളു എന്നതാണ് ഫിനാൻഷ്യൽ ഫെയർ പ്ലേയുടെ അടിസ്ഥാന തത്വം എന്ന് പറയാം. എന്നാൽ ഫുട്ബോളിന് പുറത്ത് നിന്നുള്ള പണം സ്വരൂപിച്ച് ക്ലബുകൾ ഈ നിയമത്തെ തുടർച്ചയായി അപഹസിച്ചു കൊണ്ടേയിരുന്നു.

ഇവിടെയാണ് ആഷ്ലി പറഞ്ഞപോലെ ഒരു രാജ്യം അല്ലേൽ വമ്പൻ കോർപറേറ്റുകൾ ക്ലബിന്റെ ഉടമകളാവുമ്പോൾ എങ്ങനെ മറ്റ് ക്ലബുകൾ അതുമായി പൊരുതും എന്ന ചോദ്യം വരുന്നത്. ഉറപ്പായും ഇവിടെ ചെറിയ ക്ലബുകളെ സംരക്ഷിക്കേണ്ട ബാധ്യത ഫുട്ബോൾ ഭരണാധികാരികൾക്ക് തന്നെയല്ലേ? എത്ര തവണയാണ് തങ്ങളുടെ താരത്തെ നിയമവിരുദ്ധമായി സ്വന്തമാക്കാൻ ചില ക്ലബുകൾ മുതിരുന്നു എന്ന് സൗതാപ്റ്റണും ഡോർട്ട്മുണ്ടും അടക്കമുള്ള പല ക്ലബുകളും നിലവിളിച്ചിട്ടുള്ളത്. അപ്പോയൊക്കെ എവിടെയായിരുന്നു ഫിനാൻഷ്യൽ ഫെയർ പ്ലേ എന്ന ബലൂണും ഫുട്ബോൾ ഭരണാധികാരികളും? മികച്ചവൻ നിലനിൽക്കും എന്ന് പറയുന്നത് എല്ലായിപ്പോയും നീതിയല്ലെന്ന് നാം അറിയണം.

ഇത്രയും പണം ഒരു കളിക്കാരനിൽ ചിലവഴിക്കുമ്പോൾ തന്നെയാണ് പാപ്പരാകുന്ന ചരിത്രപ്രസിദ്ധ ക്ലബുകളെ പറ്റിയുള്ള വാർത്തകൾ നാം കേൾക്കുന്നത്. ഇവിടെയാണ് ‘ഒരു ഫുട്ബോൾ ക്ലബിനു ചിലവഴിക്കാനുള്ള പണം ഫുട്ബോൾ വഴി ഉണ്ടാക്കിയെടുത്തിട്ടുള്ളതാണെന്ന് ഉറപ്പ് വരുത്തണമെന്ന്’ കാലങ്ങളായി നിലവിളിക്കുന്ന ആഴ്സൻ വെങ്ങറുമാരെ കാണേണ്ടത്. ‘നെയ്മറിന്റെ ട്രാൻസ്ഫർ എന്നെ ഭയപ്പെടുത്തുന്നില്ല എന്നാൽ നെയ്മറിനു ശേഷമുള്ള ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റ് എന്നെ ഭയപ്പെടുത്തുന്നു.’ എന്ന് സാക്ഷാൽ ഹോസ്യേ മൗറീന്യോക്ക്(പോഗ്ബയുടെ ട്രാൻസ്ഫറും ഇങ്ങനെ പലരേയും ഭയപ്പെടുത്തി കാണണം) സമ്മതിക്കേണ്ടി വരുന്നത്. അതിനുള്ള സൂചനകൾ അടുത്ത് തന്നെ ലോകം കണ്ടു. നല്ല കാലം കഴിഞ്ഞു എന്ന് പലരും വിധിയെഴുതിയ ബ്രസീൽ താരം പൗളീന്യോയെ ചൈനീസ് സൂപ്പർ ലീഗിൽ നിന്ന് ടീമിലെത്തിക്കാൻ ബാഴ്സ മുടക്കിയത് ബയേണിന്റെ ചരിത്രത്തിലെ എക്കാലത്തേയും വലിയ ട്രാൻസ്ഫറിന് അടുത്ത തുകക്കാണ് എന്നിടം വരെയെത്തി കാര്യങ്ങൾ. ഇന്നൊരു താരത്തിന് പറയുന്ന വില കിട്ടണം എന്ന നിലയിലേക്ക് ക്ലബുകൾ വളർന്നു. ഒരു ശരാശരി താരത്തെ സ്വന്തമാക്കാൻ പോലും കേട്ട് കേൾവിയില്ലാത്ത തുക മുടക്കാൻ വമ്പൻ ടീമുകൾ നിർബന്ധിതരാവുന്നത് ഇന്ന് ഫുട്ബോളിലെ സ്ഥിരം കാഴ്ച്ചയായി.

വാൻ ഡെയ്ക്കിനെ പോലൊരു പ്രതിരോധനിരക്കാരന് 70 മില്യൺ യൂറോ ആവശ്യപ്പെടാൻ സൗത്താപ്റ്റൺ എങ്ങനെ നിർബന്ധിതരായെന്ന് ഫുട്ബോൾ ഭരണാധികാരികൾ മനസ്സിലാക്കണം. പണക്കളി ഫുട്ബോളിന് ഗുണമോ ദോഷമോ ഉണ്ടാക്കുക എന്ന് നമുക്ക് കാത്തിരുന്ന് കാണാം. മാറ്റത്തെ തടുക്കാൻ ലോകത്താർക്കുമാവില്ല എന്നതൊരു പൊതുതത്വമാണ്. പുത്തൻ കമ്പോളത്തിൽ ഫുട്ബോളിന് ഒറ്റക്കൊരു വേദിയും സാധ്യമല്ല എങ്കിലും ഫുട്ബോളിനെ സംരക്ഷിച്ച് നിർത്താൻ ഫുട്ബോൾ ഭരണാധികാരികൾക്ക് ബാധ്യതയുണ്ട്. ഇതിനൊപ്പം ചേർത്ത് വായിക്കേണ്ട ഒന്നാണ് ഫിഫ അടക്കം അഴിമതിയിൽ മുങ്ങിയ കഥകളും. രണ്ട് നീതി വാഗ്ദാനം ചെയ്യാനെങ്കിൽ വെറും അശ്ലീലമായി മാറുന്ന ഫിനാൻഷ്യൽ ഫെയർ പ്ലേ എന്തിനാണ്? അല്ലെങ്കിൽ ശക്തമായ നടപടികൾ കൊണ്ട് പണക്കളിയിൽ നിയന്ത്രണം കൊണ്ട് വരാനെങ്കിലും ആവണം.

പണമുള്ളവർക്ക് ജയിക്കാനുള്ളത് മാത്രമായി ഫുട്ബോൾ മാറിയിട്ട് കുറെക്കാലമായി. ‘പാവപ്പെട്ടവനാൽ സൃഷ്ടിക്കപ്പെട്ട് പണക്കാരാൽ മോഷ്ടിക്കപ്പെട്ട'(‘Created by the poor, stolen by the rich’) ഈ പക്ഷെ നെഞ്ചേറ്റുന്ന വലിയ ജനത പാവപ്പെട്ടവർ തന്നെയാണെന്ന് ഒരിക്കലും മറന്ന് കൂടാ. ലോകത്ത് മാതൃകയാകും വിധം കാണികൾക്ക് ടീം ഉടമസ്ഥതയിൽ വലിയ പ്രാതിനിധ്യം ഉറപ്പാക്കുന്ന ജർമ്മൻ ഫുട്ബോൾ മനോഹരമായ ഫുട്ബോളിലൂടെ ക്ലബ്, ദേശിയ തലത്തിൽ എങ്ങനെ നേട്ടങ്ങൾ ശീലമാക്കുന്നു എന്നത് ലോക ഫുട്‌ബോൾ മനസ്സിലാക്കേണ്ടതാണ്. ശക്തമായ ഫുട്ബോൾ ഫെഡറേഷനും കർശന നിയമങ്ങളും ഫുട്ബോൾ ഹൃദയത്തിൽ സ്വീകരിച്ച കാണികളുമാണ്(അതാണ് റെഡ്ബുള്ളിന്റെ ലെപ്സിഗ് അവർക്ക് വെറുക്കപ്പെട്ടവരാകുന്നത്) ജർമ്മൻ ഫുട്ബോളിന്റെ ശക്തിയെന്നറിയണം. എത്ര കാലം ജർമ്മനിക്ക് ഇങ്ങനെ പിടിച്ച് നിൽക്കാനാവും എന്നത് വലിയ ചോദ്യം കൂടിയാണ്. നെയ്മർക്ക് ശേഷം പ്രളയം എന്നോ, നെയ്മറിന് ലഭിച്ച തുക അയ്യാൾ അർഹിക്കുന്നില്ല എന്നുമല്ല ഈ ലേഖനം കൊണ്ട് പറയാൻ ഉദ്ദേശിക്കുന്നത്. വെറും അശ്ലീലമായി അധപതിക്കുന്ന ഫിനാൻഷ്യൽ ഫെയർ പ്ലേയയെ പുനം ക്രമീകരിക്കേണ്ട ആവശ്യകതയെ പറ്റിയും, കണ്ണ് തുറക്കേണ്ട ഫുട്ബോൾ ഭരണാധികാരികളെ പറ്റിയുമാണ് ഇവിടെ പറയാൻ ശ്രമിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും എത്ര പണം ഒഴുകിയാലും, ടാക്റ്റിക്സിനും, ബുദ്ധിക്കുമപ്പുറം ഫുട്ബോൾ ശരിക്കും നടക്കുന്നത് ഓരോ ഫുട്ബോൾ ആരാധകന്റേയും ഹൃദയത്തിലാണ്, പലപ്പോയും ഈ പണക്കളി ഫുട്‌ബോളും അവനും തമ്മിലുള്ള ആ ബന്ധത്തിനാവും ഒരുപക്ഷെ വിള്ളൽ വീഴ്ത്തുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial