ലോകകപ്പിന് മുൻപേ പന്ത് വിവാദത്തിൽ

ലോകകപ്പ് തുടങ്ങും മുൻപ്‌ ടൂര്ണമെന്റിനുള്ള പന്ത് വിവാദത്തിൽ. ലോകോത്തര ഗോൾ കീപ്പർമാരായ റ്റർ സ്റ്റീഗൻ, ഡേവിഡ് ഡി ഹെയ, പെപെ റെയ്ന എന്നിവരാണ് അഡിഡാസിന്റെ ടെലെസ്റ്റാർ 18 എന്ന് പേരിട്ടിരിക്കുന്നപന്തിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്. സമീപ ദിവസങ്ങളിൽ നടന്ന രാജ്യാന്തര സൗഹൃദ മത്സരങ്ങൾക്ക് ലോകകപ്പിനുള്ള പന്തായിരുന്നു ഉപയോഗിച്ചത്.

ജർമനിക്ക് എതിരായ മത്സര ശേഷം പന്തിനെ വിചിത്രമായ ഒന്ന് എന്നാണ് സ്‌പെയിൻ ഒന്നാം നമ്പർ ഗോളി ഡി ഹെയ വിശേഷിപ്പിച്ചത്. ഡി ഹെയയുടെ സ്‌പെയിൻ കൂട്ടാളിയും നാപോളിയുടെ ഒന്നാം നമ്പർ ഗോളിയുമായ പെപെ റെയ്ന ലോകകപ്പിന് വേറെ പന്ത് വേണമെന്നാണ് ആവശ്യപ്പെട്ടത്. പന്ത് ഒരുപാട് നല്ലതാകാനുണ്ടെന്നും പന്തിന്റെ ചലനം വിചിത്രമാണെന്നുമാണ് ജർമ്മൻ ഗോളി റ്റർ സ്റ്റീഗൻ പ്രതികരിച്ചത്.

ലോകകപ്പ് അടുത്തിരിക്കെ പന്തിൽ മാറ്റങ്ങൾ വരുത്താൻ അഡിഡാസും ലോകകപ്പ് സംഘാടക സമിതിയും തയ്യാറാവുമോ എന്നത് വരും ദിവസങ്ങളിൽ മാത്രമേ അറിയാൻ സാധിക്കൂ. നേരത്തെ 2010 ലോകകപ്പ് വേളയിൽ ഉപയോഗിച്ച ജബുലാനി എന്ന പന്തിന് എതിരെയും വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യയ്ക്ക് ജയമില്ല, ഇംഗ്ലണ്ടിനെ ഒറ്റയാള്‍ പ്രകടനത്തിലൂടെ ജയത്തിലെത്തിച്ച് ഡാനിയേല്‍ വയട്ട്
Next articleകോളിക്കടവിൽ ഇന്ന് കിരീട പോരാട്ടം, റോയൽ ട്രാവൽസും സബാനും നേർക്കുനേർ