പുലിസിക്കിന്റെ ഹാട്രിക്കിൽ അമേരിക്ക ലോകകപ്പ് യോഗ്യതക്കടുത്ത്

ക്രിസ്ത്യൻ പുലിസിക്കിന്റെ ഹാട്രിക്ക് മികവിൽ പനാമയെ തോൽപ്പിച്ച് ഖത്തർ ലോകകപ്പിനുള്ള യോഗ്യതക്കടുത്ത്. പനാമയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചാണ് അമേരിക്ക ലോകകപ്പ് യോഗ്യതക്ക് അടുത്ത് എത്തിയത്. ബുധനാഴ്ച്ച രാത്രി നടക്കുന്ന കോസ്റ്റാറിക്കക്കെതിരായ മത്സരത്തിൽ 6 ഗോളിന്റെ മാർജിനിൽ തോൽക്കുന്നത് ഒഴിവാക്കിയാൽ അമേരിക്കക്ക് ലോകകപ്പ് യോഗ്യത ഉറപ്പിക്കാം.

മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ അമേരിക്ക 4-0മുൻപിലായിരുന്നു. പുലിസിക്കിന്റെ രണ്ട് പെനാൽറ്റി ഗോളുകളും പോൾ അരിയോളയുടെയും ജീസ്സസ് ഫെരേരയുടെയും ഗോളുകളിലൂടെയാണ് അമേരിക്ക ആദ്യ പകുതിയിൽ നാല് ഗോളിന്റെ ലീഡ് നേടിയത്. തുടർന്ന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ പുലിസിക്ക് ഹാട്രിക് പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് മത്സരം അവസാനിക്കാൻ നാല് മിനിറ്റ് മാത്രം ബാക്കി നിൽക്കെ അനിബാൾ ഗോഡോയ് പനാമയുടെ ആശ്വാസ ഗോൾ നേടി.