കേരളത്തിന് നഷ്ടം, വിനിഷ്യസ് ജൂനിയർ ബ്രസീലിനായി ലോകകപ്പ് കളിക്കില്ല

കേരളത്തിന്റെ മണ്ണിൽ ബ്രസീലിന്റെ വണ്ടർ കിഡ് വിനീഷ്യസ് ജൂനിയർ പന്തുതട്ടില്ല. ഒക്ടോബർ ആറു മുതൽ നടക്കുന്ന അണ്ടർ പതിനേഴ് ലോകകപ്പിനായി വിനീഷ്യസിനെ ഉൾപ്പെടുത്തി ബ്രസീൽ ടീം പ്രഖ്യാപിച്ചിരുന്നു. വിനീഷ്യസിനെ വിട്ടു കൊടുക്കാൻ വിനീഷ്യസിന്റെ ക്ലബായ ഫ്ലമെംഗോ അവസാന നിമിഷം വിസമ്മതിച്ചതോടെയാണ് വിനീഷ്യസിന്റെ പ്രതിഭ നേരിട്ട് ആസ്വദിക്കാമെന്ന കേരള ഫുട്ബോൾ പ്രേമികളുടെ ആഗ്രഹത്തിന് തിരിച്ചടി നേരിട്ടത്.

ബ്രസീലിയൻ ക്ലബായ ഫ്ലമെംഗോയുടെ ഫോർവേഡായ വിനീഷ്യസ് അടുത്ത വർഷം മുതൽ റയൽ മാഡ്രിഡിന്റെ താരമാണ്. ബ്രസീലിൽ നിന്നുള്ള അടുത്ത ഏറ്റവും മികച്ച ടാലന്റായാണ് വിനീഷ്യസിനെ കണക്കാക്കുന്നത്. റയൽ മാഡ്രിഡുമായി നേരത്തെ തന്നെ കരാറിൽ എത്തിയ വിനീഷ്യസിനെ വായിപ്പാടിസ്ഥാനത്തിൽ റയൽ ഫ്ലമംഗോയ്ക്ക് തിരിച്ചു കൊടുക്കുകയായിരുന്നു.

ഫ്ലമംഗോയ്ക്ക് കോപ ഡൊ ബ്രസീൽ ഫൈനലിൽ പരാജയമേൽക്കേണ്ടി വന്നിരുന്നു. അതുകൊണ്ട് സീസണിലെ ശേഷിക്കുന്ന ലക്ഷ്യങ്ങൾ എങ്കിലും നേടേണ്ടതുണ്ട് അതുകൊണ്ട് വിനീഷ്യസിനെ വിട്ടുതരാൻ പറ്റില്ല എന്ന് ക്ലബ് ബ്രസീലിനെ അറിയിക്കുകയായിരുന്നു. ബ്രസീൽ അണ്ടർ പതിനേഴ് സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരായപ്പോൾ ഏഴു ഗോളുകളുമായി വിനീഷ്യസ് ബ്രസീലിന്റെ താരമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial