ഫൈനലിലും അത്ഭുത തിരിച്ചുവരവ്, ബ്രസീൽ യുവനിരയ്ക്ക് ലോക കിരീടം

അണ്ടർ 17 ലോകകപ്പ് കിരീടം ബ്രസീൽ ഉയർത്തി. ഇന്ന് പുലർച്ചെ നടന്ന ഫൈനലിൽ ഒരു വമ്പൻ തിരിച്ചുവരവ് തന്നെ നടത്തിയാണ് ബ്രസീൽ കിരീടം സ്വന്തമാക്കിയത്. മെക്സിക്കോയെ നേരിട്ട ബ്രസീൽ കളിയുടെ 84ആം മിനുട്ട് വരെ ഒരു ഗോളിന് പിറകിൽ ആയിരുന്നു. അവിടെ നിന്നാണ് തിരിച്ചടിച്ച് 2-1ന് വിജയിക്കാൻ ബ്രസീലിനായത്.

സെമി ഫൈനലിൽ ഫ്രാൻസിനെതിരെ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷവും ബ്രസീൽ തിരിച്ചുവരവ് നടത്തിയിരുന്നു. ഇന്ന് 66ആം മിനുട്ടിൽ ഗോൺസാലസിലൂടെയാണ് മെക്സിക്കോ മുന്നിൽ എത്തിയത്. കളിയുടെ 84ആം മിനുട്ടിൽ ജോർഗെ ബ്രസീലിന് പ്രതീക്ഷകൾ നൽകി കൊണ്ട് സമനില ഗോൾ നേടി. പിന്നെ ഇഞ്ച്വറി ടൈമിൽ ലസാരൊ വിജയ ഗോളും നേടി. ലസാരൊ തന്നെ ആയിരുന്നു സെമി ഫൈനലിലും അവസാന നിമിഷം വിജയ ഗോൾ നേടിയത്.

ബ്രസീലിന്റെ നാലാം അണ്ടർ 17 ലോക കിരീടമാണിത്. 1997, 1999, 2003 എന്നീ വർഷങ്ങളിലാണ് മുമ്പ് ബ്രസീൽ അണ്ടർ 17 ലോകകിരീടം നേടിയത്.