ഗോൾകീപ്പർ ഇല്ലാതെ ടുണീഷ്യ, സ്ട്രൈക്കർ ഗോളിയാകേണ്ട ദുരവസ്ഥ

- Advertisement -

ടുണീഷ്യയുടെ അവസ്ഥ പരിതാപകരമാണ്. ഇന്ന് പനാമയ്ക്ക് എതിരെ ഇറങ്ങുന്ന ടുണീഷ്യ ടീമിൽ ഗോളിയായി സ്ട്രൈക്കർ ഫക്റുദ്ദീന് വേഷമിടേണ്ടി വരും. കാരണം ഇപ്പോൾ ടുണീഷ്യൻ ആകെയുള്ളത് ഒരു ഗോൾ കീപ്പർ മാത്രമാണ്. മൂന്ന് ഗോൾകീപ്പർമാരുമായി റഷ്യയിൽ എത്തിയ ടുണീഷ്യൻ ടീമിൽ മൂന്നാം ഗോൾ കീപ്പറായ അയ്മെൻ മത്ലൗത്തി മാത്രമാണ് ബാക്കിയായി ഉള്ളത്. മറ്റു രണ്ട് ഗോൾകീപ്പർമാർക്കും പരിക്കേറ്റതാണ് പ്രശ്നം. ഒന്നാം നമ്പർ ഗോൾകീപ്പറായ മോസ് ഹസൻ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ വെറും 14 മിനുട്ട് കൊണ്ട് പരിക്കേറ്റ് മടങ്ങേണ്ടി വന്നിരുന്നു.

രണ്ടാം ഗോൾകീപ്പറായ‌ ഫറൂക് ബിൻ മുസ്തഫ ആയിരുന്നു അതിനു ശേഷം ടുണീഷ്യയുടെ വലകാത്തത്. എന്നാൽ ബെൽജിയത്തിനോട് 5 ഗോൾ വാങ്ങിയതിന് പിന്നാലെ നടന്ന ട്രെയിനിങ്ങിനിടെ എ സി എൽ ഇഞ്ച്വറി വന്ന ഫറൂകിനും ഇനി ലോകകപ്പിൽ കളിക്കാനാവില്ല. ഫിഫ നിയമപ്രകാരം ഒരു മത്സരത്തിൽ രണ്ട് ഗോൾ കീപ്പറെ ടീം സ്ക്വാഡിൽ ഉൾപ്പെടുത്തുകയും ചെയ്യണം.

പുതിയ ഗോൾകീപ്പറെ മോസ്കോയിലേക്ക് ടുണീഷ്യ എത്തിച്ച് ടീമിൽ ഉൾപ്പെടുത്താൻ ഫിഫയോട് അപേക്ഷിച്ചു എങ്കിലും ആ അപേക്ഷ ഫിഫ നിരസിച്ചു. ഇതോടെയാണ് സ്ട്രൈക്കറായ ഫക്റുദ്ദീൻ ബിൻ യൂസഫ് ഗോളിയാകാൻ തീരുമാനിച്ചത്. ബെഞ്ചിൽ രണ്ടാം ഗോളിയായി ഫക്രുദ്ദീനാകും ഇന്ന് ഇരിക്കുക. വീണ്ടും ഒരു പരിക്ക് ഗോൾകീപ്പർക്ക് പറ്റിയാൽ ഫക്രുദ്ദീൻ ഗ്ലോവ് അണിഞ്ഞ് കളത്തിൽ ഇറങ്ങേണ്ടതായും വരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement