മൊറോക്കോയോട് സമനില, സ്പെയിൻ ഗ്രൂപ്പ് ജേതാക്കൾ

- Advertisement -

ലോകകപ്പ് ഗ്രൂപ്പ് ബി യിൽ സ്പെയിനിനെ മൊറോക്കോ സമനിലയിൽ തളച്ചു. ഇരു ടീമുകളും 2 ഗോളുകൾ നേടി. ഇതേ ഗ്രൂപ്പിൽ ഇറാൻ പോർച്ചുഗലിനെ സമനിലയിൽ പിടിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി സ്പെയിൻ പ്രീ ക്വാർട്ടർ യോഗ്യത ഉറപ്പാക്കി. സ്പെയിനിനും പോർച്ചുഗലിനും 5 പോയിന്റ് വീതം ആണെങ്കിലും ഗോൾ വ്യത്യാസത്തിൽ സ്പെയിൻ ഗ്രൂപ്പ് ജേതാക്കളാവുകയായിരുന്നു.

മികച്ച രീതിയിൽ സ്പെയിൻ കളി തുടങ്ങിയെങ്കിലും പതിനാലാം മിനുട്ടിൽ മൊറോക്കോ ഗോൾ നേടി. റാമോസും ഇനിയെസ്റ്റയും തമ്മിൽ ആശയ കുഴപ്പത്തിലായപ്പോൾ പന്ത് റാഞ്ചിയ ഖാലിദ് ബോത്തലിബ് സ്‌പെയിൻ ഗോളി ഡേവിഡ് ഡി ഹയയുടെ കാലിന് ഇടയിലൂടെ പന്ത് വലയിലാക്കി.

ഗോൾ വഴങ്ങിയതോടെ ഉണർന്ന സ്പെയിൻ വൈകാതെ ഗോൾ മടക്കി. ഇസ്കോയാണ് ഗോൾ നേടിയത്. പിന്നീട് ബോത്തലിബിന് വീണ്ടും സുവർണാവസരം ലഭിച്ചെങ്കിലും ഇത്തവണ ഡി ഹെയ രക്ഷക്കെത്തി.
പിന്നീട് ഇനിയെസ്റ്റയുടെ ഏതാനും നീക്കങ്ങൾ അപകടം വിതച്ചെങ്കിലും ഗോൾ നേടാൻ അവർക്കായില്ല.

രണ്ടാം പകുതിയിൽ അംറബാത്തിന്റെ ഷോട്ട് ഗോളിൽ തട്ടി മടങ്ങിയത് സ്പെയിനിന് ആശ്വാസമായി. 70 മിനുട്ട് പിന്നിട്ടിട്ടും വിജയ ഗോൾ നേടാനാവാതെ വന്നതോടെ സ്പെയിൻ കോസ്റ്റ , തിയാഗോ എന്നിവർക്ക് പകരം അസെൻസിയോ, ആസ്പാസ് എന്നിവരെ കളത്തിൽ ഇറക്കി.

80 ആം മിനുട്ടിൽ പക്ഷെ മൊറോക്കോ കാത്തിരുന്ന ഗോൾ പിറന്നു. പകരക്കാരനായി ഇറങ്ങിയ എൻ നസിറി ഹെഡറിലൂടെ മൊറോക്കോയുടെ വിജയ ഗോൾ നേടി. ലോകകപ്പിൽ മികച്ച കളി പുറത്തെടുത്തിട്ടും നിർഭാഗ്യം കൊണ്ട് മാത്രം ജയം നിഷേധിക്കപ്പെട്ട മൊറോക്കോക്ക് അതേ വിധി വീണ്ടും ആവർത്തിക്കുന്നതാണ് പിന്നീട് കണ്ടത്. ഇഞ്ചുറി ടൈമിൽ ഇയാഗോ ആസ്പാസ് ഗോൾ നേടി സ്കോർ 2-2 ആക്കി. VAR ലൂടെയാണ് റഫറി ഗോൾ വിധിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement