
റഷ്യയിൽ വെച്ച് നടക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ഹോണ്ടുറാസിനെ സൗത്ത് കൊറിയ പരാജയപ്പെടുത്തി. ഹ്യൂങ്ങ് മിൻ സണും മൂൺ സിയോൺ മിന്നുമാണ് കൊറിയക്ക് വേണ്ടി ഗോളടിച്ചത്.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കൊറിയയുടെ രണ്ടു ഗോളുകളും വീണത്. ടോട്ടൻഹാം ഹോട്ട്സ്പാർസിന്റെ താരമായ സണ്ണായിരുന്നു ആദ്യം ഗോളടിച്ചത്. രണ്ടാം ഗോൾ കളിയവസാനിക്കാൻ 18 മിനുട്ട് ബാക്കി നിൽക്കെ മൂൺ സിയോൺ മിന്നുമടിച്ചു. ബാഴ്സലോണയുടെ യുവതാരം ലീ സുങ് -വൂ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
സൗത്ത് കൊറിയയുടെ തുടർച്ചയായ ഒൻപതാം ലോകകപ്പാണിത്. നിലവിലെ ചാമ്പ്യന്മാരായ ജർമ്മനിക്കും സ്വീഡനും മെക്സിക്കോയ്ക്കും ഒപ്പം ഗ്രൂപ്പ് എഫിലാണ് കൊറിയയുടെ സ്ഥാനം. ലോകകപ്പിലെ ആദ്യ മത്സരം ജൂൺ 18-ന് സ്വീഡനുമായിട്ടാണ്. ബോസ്നിയ -ഹെർസിഗോവിനയോടാണ് കൊറിയയുടെ അടുത്ത സന്നാഹമത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial