ഒത്തുകളി വാഗ്ദാനം, ലോകകപ്പ് റഫറിക്ക് ആജീവനാന്ത വിലക്ക്

- Advertisement -

ഒത്തുകളിക്ക് വാഗ്ദാനം നൽകിയ റഫറിക്ക് ആജീവനാന്ത വിലക്ക് നൽകി സൗദി ഫുട്ബോൾ ഫെഡറേഷൻ. റഷ്യയിൽ അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിന് ഉള്ള റഫറി പാനലിൽ ഉൾപ്പെട്ട ഫഹദ് അൽ മിർദാസിയാണ് പിടിക്കപ്പെട്ടത്. ഇന്നലെ നടക്കാനിരുന്ന സൗദി കിങ്സ് കപ്പ് ഫൈനലിൽ ഒരു ടീമിന് അനുകൂലമായി കളി നിയന്ത്രിക്കാൻ പണം ചോദിച്ചതോടെയാണ് റഫറി പിടിക്കപ്പെട്ടത്.

32 വയസുകാരനായ ഫഹദിനെ ആജീവനാന്തം വിലക്കിയ സൗദി ഫുട്ബോൾ ഫെഡറേഷൻ ഇയാളെ ലോകകപ്പിൽ നിന്ന് പിൻവലിക്കാനും ഫിഫയോട് ശുപാർശ ചെയ്തിട്ടുണ്ട്. നിലവിൽ പോലീസ് കസ്റ്റഡിയിലാണ് ഇയാൾ ഉള്ളത്.

ഇത്തിഹാദ് എഫ് സി യും ഫൈസലി എഫ് സി യും തമ്മിൽ ജിദ്ധ കിംഗ്‌ അബ്ദുള്ള സ്പോർട്സ് സിറ്റിയിൽ വച്ചു നടക്കാനിരുന്ന ഫൈനലിൽ പ്രധാന റഫറി ആവേണ്ടിയിരുന്ന ഫഹദ് മിർദാസി ഒരു ടീമിന്റെ മാനേജ്മെന്റുമായി മൊബൈൽ മെസേജ് വഴി ഒത്തുകളി വാഗ്ദാനം നടത്തുകയായിരുന്നു. ക്ലബ്ബ് അധികൃതർ വിവരം പോലീസിൽ അറിയിച്ചതോടെ റഫറി അറസ്റ്റിലായി.

മുൻ പ്രീമിയർ ലീഗ് റഫറി മാർക് ക്ളാറ്റൻബർഗ് ആണ് പിന്നീട് ഫൈനൽ നിയന്ത്രിച്ചത്. അൽ ഇത്തിഹാദാണ് മത്സരം ജയിച്ചു കിങ്സ് കപ്പ് ജേതാക്കളായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement