പരിശീലന പരീക്ഷണങ്ങളുമായി ഗ്രീൻ ഫാൽക്കൺസ്; സൗദി അറേബ്യ ടീം പരിചയം

ഈ ലോകകപ്പിലെ ഏറ്റവും റാങ്ക് കുറഞ്ഞ ടീം അതാണ് സൗദി അറ്യേബിയ. എങ്കിലും 1994 മുതൽ 2006 വരെ തുടർച്ചയായി 4 ലോകകപ്പിലും കളിച്ച സൗദി എന്നും മികച്ച പോരാട്ടം തന്നെയാണ് നടത്തിയത്. അതിനാൽ തന്നെ 12 വർഷത്തെ ഇടവേളക്ക് ശേഷം മികച്ചൊരു തിരിച്ച് വരവാവും സൗദി ലക്ഷ്യം. എന്നും ലോകത്തിന് മുമ്പിൽ പലതും ഒളിപ്പിച്ച് വക്കാറുള്ള സൗദി 1994 ലിൽ രണ്ടാം റൗണ്ടിൽ എത്തി ലോകത്തെ ഞെട്ടിച്ചിരുന്നു. ഇത്തവണയും അത്തരമൊരു അത്ഭുതത്തിനുള്ള ശ്രമമാവും സൗദി നടത്തുക. പരിശീലന തലത്തിൽ സൗദി നടത്തിയ പരീക്ഷണങ്ങളും ലോകത്തിന് പരിചയമില്ലാത്ത താരങ്ങളും സൗദിയെ പ്രവചനാതീതമാക്കുന്നു.

2010 ലോകകപ്പിൽ നെതെർലെന്റ്സിനെ ലോകകപ്പ് ഫൈനലിലെത്തിച്ച ബെർട്ട് വാൻ മാർവിക്കാണ് സൗദിയെ ലോകകപ്പിലെത്തിക്കുന്നത്. അതും കരുത്തരായ ആസ്ട്രേലിയയെ മറികടന്നു ജപ്പാനു പിറകിലായി ഏഷ്യയിൽ ഗ്രൂപ്പ് ബിയിൽ രണ്ടാമതായി എത്തി നേരിട്ട് യോഗ്യത. എന്നാൽ സൗദി ഫുട്ബോൾ അസോസിയേഷനുമായുള്ള അഭിപ്രായ ഭിന്നത മൂലം വാൻ മാർവിജ്ക് സ്ഥാനം ഒഴിയുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. അതിന് ശേഷം വലിയ പ്രതീക്ഷയോടെ ടീം സ്ഥാനമേറ്റെടുത്ത അർജന്റീനക്കാരൻ എഡ്ഗാർഡോ ബോസക്കും വെറും 2 മാസത്തെ ആയുസ്സെ ഉണ്ടായിരുന്നുള്ളു. സൗഹൃദ മത്സരങ്ങളിലെ മോശം പ്രകടനം അദ്ദേഹത്തിന്റെ സ്ഥാനവും തെറുപ്പിച്ചു. അതിന് ശേഷം ലോകകപ്പ് ഡ്രോക്കു വെറും 3 ദിവസം മുമ്പാണ് ചിലിയെ കഴിഞ്ഞ കൊല്ലം കോപ്പ അമേരിക്ക ചാമ്പ്യന്മാരാക്കിയ മറ്റൊരു അർജന്റീനക്കാരൻ യുവാൻ അന്റോണിയോ പിസിയെ സൗദി ടീമിലെത്തിക്കുന്നത്. ലോകകപ്പ് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട ചിലി പിസിയെ പുറത്താക്കിയിരുന്നു. ഇങ്ങനെ പരിശീലകപരീക്ഷണങ്ങളാണ് സൗദി ലോകകപ്പിന് മുമ്പ് നടത്തിയത്.

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ടീമാണ് സൗദി, ശരാശരി പ്രായം ഏതാണ്ട് 29. എങ്കിൽ കൂടിയും അന്താരാഷ്ട്ര തലത്തിൽ പരിചയസമ്പത്തുള്ള താരങ്ങൾ സൗദിക്കില്ല എന്നത് കാണേണ്ട വസ്തുതയാണ്. ഒപ്പം ഒട്ടുമിക്ക താരങ്ങൾക്കും അവസാനലോകകപ്പായതിനാൽ മികച്ച പ്രകടനത്തിനുള്ള എല്ലാ ശ്രമവും പ്രതീക്ഷിക്കാം. ഒപ്പം സൗദി ലീഗിൽ മാത്രം കളിച്ച അറിയപ്പെടാത്ത താരങ്ങൾ ഗ്രൂപ്പ് എയിൽ റഷ്യക്കും, ഉറുഗ്വക്കും, ഈജിപ്തിനും തലവേദനയുമാവും. എങ്കിലും ഈ വസ്തുതകൾ സൗദിക്കും മറ്റൊരു തരത്തിൽ വലിയ തിരിച്ചടിയുമാണ്. ഒപ്പം പരിശീലക സ്ഥാനത്തെ തിരിച്ചടികളും സൗദിക്ക് വിനയാകും.

പ്രതിരോധത്തിലൂന്നിയാണ് സൗദി യോഗ്യത മത്സരങ്ങൾ കളിച്ചത്. 4-3 -3 എന്ന ഫോർമേഷനാണ് കൂടുതൽ ഉപയോഗിച്ചത്. എന്നാൽ പിസിക്ക് കീഴിൽ സൗദി എങ്ങനെ മാറും എന്ന് കണ്ടറിയണം. വൈകി എത്തിയ പിസി വലിയ മാറ്റങ്ങൾ വരുത്താനും സാധ്യതയില്ല. അൽ ഹിലാലിന്റെ നവാഫ് അൽ അബദ്, അൽ ഇത്തിഹാദിന്റെ സൗദി മെസ്സി എന്ന് വിളിപ്പേരുള്ള 23 കാരൻ വിങർ ഫഹദ് അൽ മുവല്ലദ്, ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ 16 ഗോളുമായി ലെവൻണ്ടോസ്ക്കിക്ക് ഒപ്പം ടോപ്പ് സ്കോററായ മുഹമ്മദ് അൽ സഹ്ലാമി എന്നിവരാണ് സൗദി പ്രതീക്ഷകൾ ഏറെയും, 30 കാരൻ സഹ്ലാമിയുടെ ബൂട്ടുകൾ റഷ്യയിൽ ലക്ഷ്യം കാണുമോ എന്ന് കണ്ട് തന്നെ അറിയണം. ഒപ്പം 130 ലേറെ മത്സരങ്ങളുടെ പരിചയമുള്ള ക്യാപ്റ്റനും പ്രതിരോധ നിര താരവുമായ ഒസാമ ഹവ്സാവി, അത്രത്തോളം പരിചയസമ്പന്നനായ താസിൽ അൽ ജസിം, യഹിയ അൽ ഷെഹരി, സലിൽ അൽ ദാസരി തുടങ്ങിയ താരങ്ങളാണ് സൗദി നിരയിലെ പ്രമുഖർ.

താരങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ പരിചയം ലഭിക്കാനായി സൗദി ഫുട്ബോൾ അസോസിയേഷൻ 9 താരങ്ങളെയാണ് ലാലീഗയിലേക്ക് ലോണിൽ വിട്ടത്. എങ്കിലും ടീമിലെ പ്രമുഖനായ ഫഹദ് അൽ മുവല്ലദിന് പോലും ലെവന്റെയിൽ വെറും 10 മിനിറ്റ് നേരമാണ് സീസണിൽ ആകെ കളിക്കാനായത്. അതിനാൽ തന്നെ പലതും തെളിയിക്കാനും മറികടക്കാനും സൗദിയുടെ ഗ്രീൻ ഫാൽക്കൺ സിന് ബാക്കി കിടക്കുന്നുണ്ട്. എല്ലാരും എഴുതി തള്ളിയിടത്തിൽ നിന്നൊരു ഉയിർത്തെണീപ്പാവും സൗദി ലക്ഷ്യം. ഉദ്ഘാടന മത്സരത്തിൽ റഷ്യയെ അട്ടിമറിച്ച് ലോകത്തെ ഞെട്ടിക്കാനാവും സൗദി ശ്രമം. എങ്കിലും ഗ്രൂപ്പ് എയിൽ നിന്ന് സൗദിയുടെ ഈ വയസ്സൻ പട മുന്നേറിയാൽ അതാവും വലിയ അത്ഭുതങ്ങളിലൊന്ന്.

Saudi Arabia squad
Goalkeepers: Assaf Al-Qarny, Mohammed Al-Owais, Yasser Al-Musailem, Abdullah Al-Mayuf.

Defenders: Mansoor Al-Harbi, Yasser Al-Shahrani, Mohammed Al-Breik, Saeed Al-Mowalad, Motaz Hawsawi, Osama Hawsawi, Omar Hawsawi, Mohammed Jahfali, Ali Al-Bulaihi.

Midfielders: Abdullah Al-Khaibari, Abdulmalek Al-Khaibri, Abdullah Otayf, Taiseer Al-Jassim, Houssain Al-Mogahwi, Salman Al-Faraj, Nawaf Al-Abed, Mohamed Kanno, Hattan Bahebri, Mohammed Al-Kwikbi, Salem Al-Dawsari, Yehya Al-Shehri.

Forwards: Fahad Al-Muwallad, Mohammad Al-Sahlawi, Muhannad Assiri.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅഫ്ഗാനിസ്ഥാനെതിരെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ച് ബംഗ്ലാദേശ്
Next articleഇറ്റലിയിൽ ഗോൾഡൻ ബൂട്ട് പങ്കുവെച്ച് ഇക്കാർഡിയും ഇമ്മൊബിലെയും