ആരാധകരോട് മാപ്പപേക്ഷിച്ച് സാംപോളി

- Advertisement -

ക്രൊയേഷ്യക്കെതിരായ നാണം കെട്ട തോൽവിക്ക് ശേഷം ആരാധകരോട് മാപ്പപേക്ഷിച്ച് അർജന്റീനയുടെ കോച്ച് സാംപോളി രംഗത്തെത്തി. മെസ്സിക്ക് പൂർണ പിൻതുണ പ്രഖ്യാപിച്ചാണ് സാംപോളി ആരാധകരോട് മാപ്പ് ചോദിച്ചത്. ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെട്ട അർജന്റീനയുടെ നോക്ക്ഔട്ട് സാദ്ധ്യതകൾ ഇപ്പോൾ തുലാസിലായിരിക്കുകയാണ്.

മത്സരത്തിൽ നിറം മങ്ങിപ്പോയ മെസ്സിക്ക് സാംപോളി പിന്തുണ പ്രഖ്യാപിച്ചു. “മെസ്സി ടീമിന്റെ ക്യാപ്റ്റൻ ആണ്, ടീമിനെ മുന്നോട്ട് നയിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് വേണ്ട പിന്തുണ കൊടുക്കാൻ ടീമിനായില്ല, മെസ്സിയിലേക്ക് പന്തെത്തിക്കാൻ ടീമിനായില്ല, അതിനു വേണ്ടിയാണ് പരിശീലനം നടത്തിയിരുന്നത് എങ്കിലും എതിർ ടീം തന്ത്രങ്ങൾ എല്ലാം തടയുകയായിരുന്നു” സാംപോളി പറഞ്ഞു.

ഗോൾ കീപ്പർ വില്ലി കാബേറോയുടെ വലിയ അബദ്ധം ആണ് ടീമിനെ നാണക്കേടിലേക്ക് നയിച്ചത്. ആദ്യ ഗോൾ കാബേറോയുടെ പിഴവിൽ നിന്നും സ്വന്തമാക്കിയ ക്രൊയേഷ്യ തുടർന്ന് മോഡ്രിച്ചിലൂടെയും റാകിറ്റിച്ചിലൂടെയും ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement