ഡിഫൻസിനെ മറികടക്കാം, ആയിരങ്ങൾ വീട് വളഞ്ഞാലോ!! സലായെ രക്ഷിച്ച് പോലീസ്

- Advertisement -

ഈജിപ്ഷ്യൻ സൂപ്പർ താരം മൊഹമ്മദ് സലാ ഇന്നലെ വീട് വിട്ട് ഓടേണ്ട അവസ്ഥയിലാണ് ആയത്. ഫേസ്ബുക്ക് വഴി സലാ താമസിക്കുന്നത് എവിടെയാണെന്ന് ലീക്കായതാണ് സലായെ വലച്ചത്. വിവരം ലഭിച്ചതോടെ സലാ താമസിക്കുന്ന വില്ല തേടി ആയിരങ്ങൾ എത്തി. ഇന്നലെ രാത്രിയോടെ സലായുടെ വീടിന് ചുറ്റും ആയിരങ്ങൾ തടിച്ചു കൂടി. പ്രധാന റോഡിന് സമീപത്തായിരുന്നു സലാ താമസിക്കുന്നത് എന്നതുകൊണ്ട് തന്നെ ഗതാഗതവും സ്തംഭിച്ചു.

ലോകകപ്പിൽ നിരാശ ആയിരുന്നു ഈജിപ്തിന് ഫലം എങ്കിലും ഫുട്ബോൾ ലോകത്തെ സൂപ്പർ സ്റ്റാറിനെ കാണാനുള്ള അവസരം നഷ്ടപ്പെടുത്താൻ ഈജിപ്തുകാർ തയ്യാറായിരുന്നില്ല. തിങ്ങി നിറഞ്ഞ ജനത്തെ മാറ്റാൻ അവസാനം പോലീസ് വരേണ്ടി വന്നു. പോലീസ് വന്ന് സലായേയും വീട്ടുകാരേയും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി.

പോകുന്നതിന് മുമ്പായി സലാ ആരാധകർക്കൊപ്പം സെൽഫീയെടുക്കാനും മറന്നില്ല. എന്തായാലും ഇനി താരത്തിന്റെ വിലാസം ചേർന്നു പോകരുതേ എന്നാകുംപോലീസിന്റെ പ്രാർത്ഥന. ഇന്നലെ ഈജിപ്തിൽ എത്തിയ സലാ തന്റെ നാടായ നജ്രിജിലേക്കാണ് പോകുന്നത്. സലായുടെ സഹോദരന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത ശേഷമെ സലാ വെക്കേഷനായി തിരിക്കുകയുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement