റഷ്യൻ മണ്ണിൽ കണ്ണീർ വീഴുന്നത് ആരുടെയൊക്കെ ?

7 ഭൂഖണ്ഡങ്ങളും ഒരുമിച്ചു ലോകം ഒരു ഫുട്ബാളിലേക്ക് ചുരുങ്ങുമ്പോൾ കാൽ പന്ത് കളിയെ ഹൃദയത്തിലേറ്റിയവന് പിന്നെ ഉറക്കമില്ലാത്ത രാവുകളാണ്. കൂട്ടലിന്റെയും കുറക്കലിന്റെയും അവസാനിക്കാത്ത പ്രതീക്ഷകളുടെ കണക്കു കൂട്ടലുകളാണ്. കഴിവിലും മികവിലും ഏറെ മുമ്പിൽ ഉള്ള ലാറ്റിൻ അമേരിക്കൻ ശക്തികൾക്കും തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ കാത്തിരിക്കുന്ന ഏഷ്യൻ ശക്തികൾക്കും മനസ്സിനുള്ളിലെ സമാന പ്രതീക്ഷ. ഞങ്ങളാകും അവസാന വാക്ക് എന്ന സ്വപനതുല്ല്യമായ പ്രതീക്ഷ.

റഷ്യൻ ലോകകപ്പ് ഫുട്ബോൾ സ്നേഹിക്കുന്ന വ്യക്തികൾക്ക് ആവേശത്തോടൊപ്പം ആശങ്കയും കണ്ണുനീരും നിറഞ്ഞതാകുമോ?. രാജ്യ സ്വപ്‌നങ്ങൾ കാലിലേക്ക് ആവാഹിച്ചു പ്രതീക്ഷകളിലേക്ക് പന്ത് തട്ടി ഒടുവിൽ ലക്‌ഷ്യം കാണാതെ പോകുമ്പോൾ നിരാശയിൽ നിന്നും ബൂട്ടും അഴിച്ചു വെച്ച് കാല്പന്തുകളിയോട് വിട ചൊല്ലുമോ എന്ന ആശങ്ക. മെസ്സിയും റൊണാൾഡോയും സിൽവയും കാഹിലും പോലുള്ള പ്രമുഖരും ഇതിൽ പെടും.
ആണ്ടുകളായി ലോകത്തെ തങ്ങളുടെ കാലുകൊണ്ടും മെയ്യു കൊണ്ടും കോരിത്തരിപ്പിക്കുന്ന ഈ നക്ഷത്രങ്ങൾ റഷ്യയിലെ തേരോട്ടത്തിനിടയിൽ വരുന്ന ചെറിയ വേദനയിൽ നിന്നുപോലും കടുത്ത തീരുമാനങ്ങൾ എടുത്തേക്കാം.

ലോകം ഒരൊറ്റ ജേതാവിനു വേണ്ടിയാണ് ഈ പ്രയാണം നടത്തുന്നത്. അതുകൊണ്ടു തന്നെ പതിവ് ലോകകപ്പുകളെ പോലെ ഈ ലോകകപ്പിന് ശേഷവും ബൂട്ടഴിക്കാൻ കാത്തു നിൽക്കുന്നവർ ഉണ്ടായേക്കാം. അതിൽ റഷ്യ കാത്തിരിക്കുന്നത് നമ്മുടെ മെസ്സിയും റൊണാൾഡോയും ആണെങ്കിൽ പിന്നെ അവരുടെ എതിരാളികൾക്ക് പോലും ചിന്തിക്കാൻ കഴിയാത്ത ഒന്നാകും ഇത്.

മെസ്സി കഴിഞ്ഞ കോപ്പ അമേരിക്ക മത്സര ഫൈനൽ തോൽവിക്ക് ശേഷം ഇത്തരം തീരുമാനത്തിലൂടെ ഫുട്ബോൾ ലോകത്തെയും മെസ്സി ഫാൻസിനെയും ഞെട്ടിച്ചതാണ്.
പിന്നീട് ഒരു രണ്ടാം വരവാണിത്. റഷ്യക്ക് ശേഷവും ബൂട്ടഴിക്കാത്ത ഇതിഹാസങ്ങളെ കിട്ടാൻ നമുക്ക് പ്രാർത്ഥിക്കാം. മറിച്ചാണ് സംഭവിക്കുന്നത് എങ്കിൽ കാലത്തിന്റെ വിധി എന്നും പറഞ്ഞു സ്വയം ആശ്വസിക്കാം .

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial