ഗ്രൂപ്പ് കടക്കുമോ വ്ളാഡ്മിർ പുടിന്റെ റഷ്യ

ഏതാണ്ട് ലോകത്തിന്റെ മുഴുവൻ പ്രത്യേകിച്ച് പടിഞ്ഞാറൻ രാജ്യങ്ങളുടെ സമ്മർദ്ദം മുഴുവനുമുണ്ട് റഷ്യക്കും പുടിനും മുകളിൽ. ചോദ്യങ്ങളും സംശയങ്ങളും പലതാണ്. ലോക കായിക ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധി നേടിയ 1936 ലെ ബെർലിൻ ഒളിമ്പിക്സിനെ തന്റെ ഖ്യാദിക്കായി ഉപയോഗിച്ച ഹിറ്റ്ലറുമായാണ് പലരും പുടിനെ ഇതിനകം താരതമ്യം ചെയ്യുന്നത്. ലോകകപ്പുമായി ഉയർന്ന അഴിമതി ആരോപണങ്ങളും, ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളുമായുള്ള നയതന്ത്രതരത്തിലുള്ള പ്രശ്നങ്ങളും അടക്കം റഷ്യ കളത്തിന് പുറത്ത് നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. ഇതിനോടൊപ്പം ലോകത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധി നേടിയ വംശീയ വെറിയന്മാരായ റഷ്യൻ കാണികളും റഷ്യക്ക് വലിയ തലവേദനയാണ്. കഴിഞ്ഞ യൂറോയിൽ ഇംഗ്ലീഷ് കാണികളുമായി ഏറ്റുമുട്ടിയ ഇവരെ പറ്റി ഫിഫ ഇതിനകം റഷ്യക്ക് മുന്നറിയിപ്പ് നൽകിയും കഴിഞ്ഞു. അതിനാൽ തന്നെ ഇവരെ നിയന്ത്രിച്ചില്ലെങ്കിൽ റഷ്യ ചിലപ്പോൾ നേരിടുക വിലക്കടക്കമുള്ള കടുത്ത നടപടികളാവാം. എങ്കിലും ഇതിനുമുമ്പുയർന്ന ലോകകപ്പിനുള്ള ഒരുക്കങ്ങളെ പറ്റിയുള്ള സംശയങ്ങളെ ഒക്കെ നല്ല രീതിയിൽ നേരിട്ട റഷ്യക്ക് ബാക്കിയുള്ള സംശയങ്ങൾക്കും ഉത്തരം നൽകാനാവും എന്ന് തന്നെ പ്രതീക്ഷിക്കാം. എന്ത് തന്നെ ആരോപണങ്ങൾ നേരിട്ടാലും ഈ ലോകകപ്പിനെ തന്റെ അഭിമാന പ്രശ്നമായി കാണുന്ന പുടിനെ സംബന്ധിച്ചും ഈ ലോകകപ്പ് വളരെ നിർണ്ണായകമാണ്.


ഇതൊക്കെ കളത്തിന് പുറത്തുള്ള കാര്യങ്ങളാണ് ഇനി നമുക്ക് കളത്തിനകത്തേക്ക് വരാം. ആതിഥേയരായതിനുള്ള സമ്മർദ്ദം, യോഗ്യതാ മത്സരങ്ങൾ കളിക്കാത്തതിലുള്ള പ്രശ്നങ്ങൾ, കഴിഞ്ഞ കുറെ വർഷങ്ങളായി വലിയ ടൂർണമെന്റുകളിൽ കളി മറക്കുന്ന ശീലം ഇങ്ങനെ കളത്തിനകത്തും റഷ്യ നേരിടുന്ന വെല്ലുവിളികൾ നിരവധിയാണ്. എങ്കിലും ഗ്രൂപ്പ് എയിൽ ഒന്ന് പൊരുതി നോക്കിയാൽ സോവിയറ്റ് യൂണിയൻ തകർന്ന ശേഷം ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജ് കടക്കാനുള്ള സാധ്യത റഷ്യക്കുണ്ട് എന്നതാണ് വാസ്തവം. ഗ്രൂപ്പ് എയിൽ ലാറ്റിനമേരിക്കയിൽ നിന്ന് ലൂയി സുവാരസിന്റെ ഉറുഗ്വ, ഏഷ്യയിൽ നിന്ന് സൗദി, ആഫ്രിക്കയിൽ നിന്ന് മുഹമ്മദ് സലാഹിന്റെ ഈജിപ്ത് എന്നിവരാണ് റഷ്യക്ക് എതിരാളികൾ. ഇതിൽ മുൻ ലോകകപ്പ് വിജയികളായ ഉറുഗ്വ കഴിഞ്ഞാൽ റഷ്യക്ക് തന്നെയാണ് കൂടുതൽ സാധ്യത. എങ്കിലും 2012 യൂറോക്ക് ശേഷം വലിയ ടൂർണമെന്റുകളിൽ ജയമറിഞ്ഞിട്ടില്ലാത്ത റഷ്യക്ക് സ്വന്തം നാട്ടുകാർക്ക് മുമ്പിൽ തിളങ്ങാനാവും എന്നാണ് ആരാധകപ്രതീക്ഷ.

സബോർനയ(ദേശിയ ടീം) എന്ന് ആരാധകർ വിളിക്കുന്ന റഷ്യൻ ടീം റഷ്യയായി ഇത് നാലാം തവണയാണ് ലോകകപ്പിനെത്തുന്നത്. 1994, 2002, 2014 വർഷങ്ങളിലാണ് മുമ്പ് റഷ്യ ലോകകപ്പ് കളിക്കുന്നത്. എന്നാൽ മൂന്ന് തവണയും റഷ്യ ഗ്രൂപ്പ് റൗണ്ടിൽ തന്നെ പുറത്തായി. 1994 ൽ കാമറൂണെതിരെ ഒറ്റമത്സരത്തിൽ 5 ഗോൾ നേടിയ റഷ്യൻ താരം ഒലക് സലേകോ ലോകകപ്പിൽ ഒറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡിനും ഉടമയാണ്. എന്നാൽ സോവിയറ്റ് യൂണിയനായി ലോകകപ്പിൽ മികച്ച റെക്കോർഡാണ് റഷ്യക്കുള്ളത്. 7 തവണ സോവിയറ്റ് യൂണിയനായി ലോകകപ്പ് കളിച്ച അവർ 1966 ൽ നാലാം സ്ഥാനത്തുമെത്തി. ലെവ് യാഷിനടക്കമുള്ള ഇതിഹാസ താരങ്ങളുടെ നഷ്ടപ്രതാപത്തിന്റെ ഓർമ്മയെങ്കിലും വീണ്ടെടുക്കാനുള്ള ശ്രമമാവും റഷ്യ സ്വന്തം മണ്ണിൽ ഇത്തവണ നടത്തുക എന്നുറപ്പാണ്.

2016 യൂറോ കപ്പിലെ മോശം പ്രകടനത്തിന് ശേഷമാണ് സ്റ്റാനിസ്ലാവ് ചെർച്ചസോവ് റഷ്യൻ കോച്ചായി സ്ഥാനമേൽക്കുന്നത്. സ്ഥാനമേറ്റതിന് ശേഷം കിട്ടിയ അവസരങ്ങളിലൊക്കെ ഫോർമേഷനുകളും താരങ്ങളേയും മാറ്റി മാറ്റി പരീക്ഷിച്ച ഈ മുൻ ഗോൾകീപ്പർ പ്രതിരോധത്തിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയത്. പിന്നിൽ 4 പ്രതിരോധക്കാർക്ക് പകരം 3 പേരെ അണിനിരത്തിയ ചെർച്ചസോവ് 3,5,2 ഫോർമേഷനാണ് ഇഷ്ടപ്പെടുന്നത്. വിങ് ബാക്കുകളെ ഉപയോഗിച്ച് കൗണ്ടർ അറ്റാക്കിന് സഹായകമായ രീതിയാണിത്. യോഗ്യതാമത്സരങ്ങളിൽ പങ്കെടുക്കാത്തതിനുള്ള കുറവ് സൗഹൃത മത്സരങ്ങൾ കൂടുതൽ കളിച്ചാണ് റഷ്യ മറികടന്നത്. യുവതാരങ്ങളെ പ്രതിരോധത്തിൽ കൊണ്ട് വന്ന ചെർച്ചസോവ് പക്ഷെ ബാറിന് മുന്നിൽ സൂപ്പർ താരവും ക്യാപ്റ്റനുമായ ഇഗോർ അക്നിഫീവിനെ തന്നെയാവും വിശ്വാസത്തിലെടുക്കുക. റഷ്യക്കായി 98 മത്സരങ്ങൾ കളിച്ച ഈ 31 കാരൻ സി.എസ്.കെ.എ മോസ്കോ ഇതിഹാസമാണ്. സി.എസ്.കെ.എ ക്കായി 500 ലേറെ മത്സരങ്ങളിൽ വല കാത്ത അക്നിഫീവിന്റെ പേരിൽ തന്നെയാണ് റഷ്യൻ ലീഗിലെ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകളുടെ റെക്കോർഡും. 2016 യൂറോ നിരാശക്ക് ശേഷം യുവപ്രതിരോധതാരങ്ങളായ സി.എസ്.കെ.എയുടെ വിക്റ്റർ വാസിൻ റൂബിൻ കസാന്റെ ഫെഡോർ കുദർശോവ് സ്പാർട്ടക് മോസ്കോയുടെ ജോർജി ദിസ്കിയറെ എന്നിവരെ പ്രതിരോധ ചുമതല ഏൽപ്പിച്ച ചെർച്ചസോവിന്റെ നീക്കം വിജയിച്ചു എന്നതിന് തെളിവാണ് സൗഹൃത മത്സരങ്ങളിൽ റഷ്യ കാണിച്ച മികവ്. ഒപ്പം മുൻ ചെൽസി താരവും പരിചയസമ്പന്നനുമായ യൂരി സിർകോവ് വിങ് ബാക്കായും ടീമിൽ കാണും. സിർകോവിന്റെ പരിചയ സമ്പത്ത് റഷ്യൻ ടീമിന് ലോകകപ്പിൽ നിർണ്ണായകമാവും എന്നുറപ്പാണ്. എന്നാൽ റഷ്യയുടെ ഏറ്റവും മികച്ച ഡിഫൻസീവ് മധ്യനിരക്കാരനാണെങ്കിലും താനുമായി അത്ര രസത്തിലല്ലാത്തതിനാൽ ഇഗോർ ഡെനിസോവിനെ ചെർച്ചസോവ് ടീമിലെടുക്കാൻ സാധ്യതയില്ല.

അത്യാവശ്യം മികച്ച മധ്യനിരയാണ് റഷ്യക്കുള്ളത്. പരിക്കിൽ നിന്ന് തിരിച്ചെത്തുന്ന റഷ്യയുടെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ 26 കാരൻ അലൻ ഡസഗോവ് ഈ ലോകകപ്പിൽ റഷ്യക്ക് വളരെ നിർണ്ണായകമാവും. 2012 യൂറോയിൽ 3 ഗോളുമായി തിളങ്ങിയ ഡസഗോവിൽ സമാനമായ പ്രകടനമാണ് ഇത്തവണ റഷ്യ പ്രതീക്ഷിക്കുന്നത്. ഒപ്പം ഇന്ന് ലോകഫുട്ബോളിൽ വളർന്ന് വരുന്ന ഏറ്റവും മികച്ച മധ്യനിരക്കാരനൊരാളായി കരുതപ്പെടുന്ന സി.എസ്.കെ.എ യുടെ അലക്സാണ്ടർ ഗോലോവിനുമുണ്ട്. നമ്പർ 10 റോളിൽ തിളങ്ങുന്ന ഗോലോവിന്റെ പ്രതിഭക്ക് ഉദാഹരണമായിരുന്നു യൂറോപ്പ ലീഗ് ക്വാട്ടർ ഫൈനലിൽ ഗോലോവിൻ ആർസനലിനെതിരെ നേടിയ ഫ്രീകിക്ക് ഗോൾ. റഷ്യൻ മുന്നേറ്റത്തിൽ ഗോലോവിന്റെ പങ്ക് നിർണ്ണായകമാവും എന്നുറപ്പാണ്. ഒപ്പം ഗോലോവിനിൽ കണ്ണ് വച്ചിരിക്കുന്ന യൂറോപ്പിലെ വമ്പൻ ക്ലബുകളും ശ്രദ്ധേയോടെയാവും റഷ്യയുടെ കളി വീക്ഷിക്കുക. ഇവർക്കൊപ്പം ഇരട്ടകളായ അലക്സി മിരൻചുകും ആന്റൺ മിരൻചുകും ഈ ലോകകപ്പിലെ ആകർഷകരമായ കാഴ്ച്ചകളിലൊന്നാവും എന്നുറപ്പാണ്. ഗോലോവിനൊപ്പം കരിയറിലെ ഏറ്റവും നിർണ്ണായകമായ സമയമാണ് ലോകോമോട്ടീവ് മോസ്കോ താരങ്ങളായ ഇവർക്കും ഈ ലോകകപ്പ്.

മുന്നേറ്റത്തിൽ ഫയദോർ സോലോവ് തന്നെയാവും റഷ്യൻ പ്രതീക്ഷകൾ തോളിലേന്തുക. സോലോവിന്റെ ബൂട്ടുകൾ ലക്ഷ്യം കണ്ടാൽ റഷ്യക്ക് ഗ്രൂപ്പ് സ്റ്റേജ് കടക്കൽ അത്ര ബുദ്ധിമുട്ടാവില്ല. എന്നാൽ മാർച്ചിൽ പ്രധാന താരങ്ങളിലൊരാളായ അലക്സാണ്ടർ കോകോരോനെ പരിക്കിലൂടെ നഷ്ടമായത് റഷ്യക്ക് തിരിച്ചടിയാണ്. എങ്കിലും സ്വന്തം മണ്ണിൽ ചെർച്ചസോവിന് കീഴിൽ അക്നിഫീവും സംഘവും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനത്തിനാവും ശ്രമിക്കുക എന്നുറപ്പാണ്. ഗ്രൂപ്പ് എയിൽ ഉറുഗ്വക്ക് പിറകിലായി റഷ്യ അടുത്ത റൗണ്ടിൽ കടക്കാൻ തന്നെയാണ് സാധ്യത. ഉറപ്പായും സ്വന്തം നാട്ടിൽ അഭിമാനകരമായൊരു പ്രകടനം റഷ്യക്ക് അത്യാവശ്യം തന്നെയാണ്. നാട്ടുകാരുടെ അഭിമാനം കാക്കാൻ പറ്റുന്ന മികച്ച സംഘവും റഷ്യക്കുണ്ട് എന്നത് വാസ്തവവുമാണ്. എല്ലാ സംശയങ്ങളും ചോദ്യങ്ങളും അകറ്റി ഈ ലോകകപ്പിന്റെ ഏറ്റവും മികച്ചതാക്കാൻ ഒരുങ്ങുന്ന റഷ്യക്കും പുടിനും റഷ്യ ആദ്യ റൗണ്ടിൽ പുറത്താകുക എന്നത് ചിന്തിക്കാൻ കൂടി പറ്റുന്നതല്ല. കളത്തിനകത്തും പുറത്തും കളികൾക്ക് വേദിയാവാൻ പോകുന്ന റഷ്യയിൽ റഷ്യക്ക് എന്ത് സംഭവിക്കും എന്ന് കണ്ട് തന്നെ അറിയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപെനാൾട്ടി കളഞ്ഞ സ്വീഡനെ മറികടന്ന് ഇറ്റലി യൂറോ കപ്പ് സെമിയിൽ
Next articleഗുരുവായൂരിൽ മദീനയെ തോൽപ്പിച്ച് ശാസ്താ മെഡിക്കൽസ് ഫൈനലിൽ