സമനിലയിലും യോഗ്യത നേടി സ്വിറ്റ്സർലാന്റ്, ആദ്യ ഗോൾ നേടി കോസ്റ്റാറിക്ക റഷ്യക്ക് വിട നൽകി

- Advertisement -

കോസ്റ്റാറിക്കക്കെതിരായ മത്സരം സമനിലയിലായെങ്കിലും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്സർലാന്റ് പ്രീ ക്വാർട്ടറിന് യോഗ്യത നേടി. ഇന്ന് നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതം അടിച്ചു സമനിലയിൽ പിരിയുകയായിരുന്നു. മറ്റൊരു മത്സരത്തിൽ ബ്രസീൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് സെർബിയയെ തോൽപ്പിച്ചിരുന്നു. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീൽ പ്രീ ക്വാർട്ടർ ഉറപ്പിച്ചു.

മത്സരത്തിൽ മികച്ച തുടക്കമാണ് കോസ്റ്റാറിക്കക്ക് ലഭിച്ചത്. മത്സരം 10 മിനിറ്റ് പൂർത്തിയാവുന്നതിനു മുൻപ് പല തവണ കോസ്റ്റാറിക്ക സ്വിസ്സ് ഗോൾ മുഖം ആക്രമിക്കുകയും പലതവണ ഗോളിന് അടുത്ത എത്തിയെങ്കിലും ഗോൾ മാത്രം നേടാനായില്ല.  ഗോൾ പോസ്റ്റിനു മുൻപിൽ സോമറുടെ മികച്ച പ്രകടനവും മറ്റൊരു അവസരത്തിൽ കോസ്റ്റാറിക്കയുടെ ശ്രമം ബാറിൽ തട്ടി തെറിച്ചതും കോസ്റ്റാറിക്കക്ക് തിരിച്ചടിയാവുകയായിരുന്നു. എന്നാൽ അധികം താമസിയാതെ സ്വിറ്റ്സർലാന്റ് മത്സരത്തിൽ ഗോൾ നേടി മത്സരത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. എംബോളോയുടെ ബോക്സിലേക്കുള്ള ക്രോസ്സ് ഡിമാലി ഗോളക്കുകയായിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോസ്റ്റാറിക്ക കെൻഡൽ വാട്സണിലൂടെ ഗോൾ മടക്കി സമനില പിടിക്കുകയായിരുന്നു. കോസ്റ്റാറിക്കയുടെ ഈ ലോകകപ്പിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.  എന്നാൽ മത്സരം സമനിലയിലാവുമെന്ന ഘട്ടത്തിൽ സ്വിറ്റ്സർലാന്റ് വീണ്ടും ഗോൾ നേടി മത്സരത്തിൽ ലീഡ് ഉറപ്പിച്ചു.  ഇത്തവണ സ്വിറ്റ്സർലാന്റിനു വേണ്ടി ഗോൾ നേടിയത് ഡ്രിമിച്ച് ആയിരുന്നു.

മത്സരം അവസാന മിനുറ്റുകളിലേക്ക് കടന്നതോടെ റൂയിസിനെ ഫൗൾ ചെയ്തതിനു കോസ്റ്റാറിക്കക്ക് അനുകൂലമായി റഫറി പെനാൽറ്റി വിളിച്ചു. പക്ഷെ “വാർ” സംവിധാനം പെനാൽറ്റി വിളിച്ചത് റദ്ദുചെയ്യുകയും ഓഫ്‌സൈഡ് വിളിക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത മിനുട്ടിൽ തന്നെ വീണ്ടും റഫറി കോസ്റ്റാറിക്കക്ക് അനുകൂലമായി പെനാൽറ്റി വിളിച്ചു.  ഇത്തവണ പെനാൽറ്റി എടുത്ത റൂയിസിന്റെ ശ്രമം ബാറിൽ തട്ടി തിരിച്ചു വന്നെങ്കിലും നിലത്ത് വീണു കിടന്നിരുന്നു സ്വിസ്സ് ഗോൾ കീപ്പർ സോമറിന്റെ ശരീരത്തിൽ തട്ടി സെൽഫ് ഗോൾ ആവുകയും ചെയ്തു.

സമനിലയോടെ ഔർ പോയിന്റുമായി കോസ്റ്റാറിക്ക റഷ്യയിൽ നിന്ന് വണ്ടി കയറും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement