പെറു പുറത്തായി, ഫ്രാൻസിന് ഒരു ഗോൾ വിജയം

- Advertisement -

ലോകകപ്പിൽ നിന്നും പെറു പുറത്തായി, ഫ്രാന്സിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോൽവി വഴങ്ങിയതോടെയാണ് പെറു ലോകകപ്പിൽ നിന്നും പുറത്തായത്. പൊരുതി കളിച്ച പെറുവിനെ എമ്പാപ്പെ നേടിയ ഒരു ഗോളിനാണ് ഫ്രാൻസ് പരാജയപ്പെടുത്തിയത്.

പരസ്പരം പോരാടിയായിരുന്നു ആദ്യ പകുതി കടന്നു പോയത്. ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു എങ്കിലും പെറു ആയിരുന്നു മുന്നിട്ട് നിന്നത്. മുപ്പതാം മിനിറ്റിൽ മികച്ച ഒരു അവസരം പെറുവിന് ലഭിച്ചിരുന്നു. ഗറേറോയുടെ ഒരു ഷോട്ട് ലോറിസ് തടുക്കുകയായിരുന്നു. എന്നാൽ 34ആം മിനിറ്റിൽ എമ്പാപ്പെ ഫ്രാൻസിനെ മുന്നിൽ എത്തിച്ചു. പോഗ്ബയുടെ മികച്ച ഒരു പാസിൽ ജിറൂദ് ഷോട്ട് ചെയതെങ്കിലും ഗോൾ കീപ്പറിൽ തട്ടി ഗോൾ പോസ്റ്റിനു മുന്നിൽ വീണപ്പോൾ എമ്പാപ്പെ ഒരു ടാപ്പ് ഇനിലൂടെ പന്ത് വലയിൽ എത്തിച്ചു. ലഭിച്ച അവസരങ്ങൾ ഗോളാക്കാനാവാഞ്ഞതാണ് പെറുവിന് തിരിച്ചടിയായത്. ആദ്യ പകുതിയിൽ 1-0 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിൽ പെറു രണ്ടും കല്പിച്ചാണ് പോരാടിയത്. മികച്ച ധാരാളം അവസരങ്ങൾ പെറു സൃഷ്ടിച്ചു. താമസിയാതെ തന്നെ പെറു ഗോളിന്റെ തൊട്ടടുത്തെത്തി, അക്യുനോയുടെ ഒരു ഗോളെന്നുറച്ച ലോങ് റേഞ്ചർ പോസ്റ്റിൽ തട്ടി പുറത്തു പോയി. പെറു നിരന്തരം ആക്രമിച്ചു കളിച്ചപ്പോൾ ഫ്രാൻസിന്റെ നില പലപ്പോഴും പരുങ്ങലിലായെങ്കിലും പലപ്പോഴും പ്രതിരോധം രക്ഷക്കെത്തി.

87ആം മിനിറ്റിൽ ഗറേറോ എടുത്ത ഫ്രീകിക്ക് ലോറിസ് അനായാസം കയ്യിൽ ഒരുക്കുകയും ചെയ്തതോടെ പെറുവിന്റെ പ്രതീക്ഷകൾ അസ്തമിച്ചു.

ആദ്യ പകുതിയിൽ എന്ന പോലെ ലഭിച്ച അവസരങ്ങൾ മുതലാക്കാനാവാതെ പോയതാണ് പെറുവിന് തിരിച്ചടിയായത്. പരാജയത്തോടെ പെറു ലോകകപ്പിൽ നിന്നും പുറത്തായപ്പോൾ ഫ്രാൻസ് അടുത്ത റൗണ്ടിലേക്ക് സ്ഥാനം ഉറപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement