ചാമ്പ്യന്മാർക്ക് മരണമണി, ജർമ്മനിയുടെ റഷ്യൻ സ്വപ്നത്തിന് അകാലമരണം

ഈ ലോകകപ്പിലെ ഞെട്ടലായി ജർമ്മനി. സൗത്ത് കൊറിയയോട് എതിരില്ലാത്ത 2 ഗോളിന് തോറ്റ ജർമ്മൻ പട ലോകകപ്പിന് പുറത്ത്. ഇന്നത്തെ മെക്സിക്കോ- സ്വീഡൻ മത്സരത്തിൽ സ്വീഡൻ എതിരില്ലാത്ത 3 ഗോളിന് ജയിച്ചതോടെ ഗ്രൂപ്പിൽ നിന്ന് 6 പോയിന്റ് വീതം നേടി മെക്സിക്കോയും സ്വീഡനും പ്രീ ക്വാർട്ടർ യോഗ്യത ഉറപ്പാക്കി.

3 മത്സരങ്ങളിൽ നിന്ന് വെറും 3 പോയിന്റ് മാത്രമുള്ള 2014 ലെ ജേതാക്കൾ അങ്ങനെ ലോകകപ്പിന് പുറത്ത്. 2010 ൽ ഇറ്റലിയും 2014 ൽ സ്പെയിനും നടത്തിയ അതേ ദുരന്തം ഇത്തവണ ജർമ്മനിയും ആവർത്തിച്ചു.

പതിവ് പോലെ മികച്ച പാസിംഗ് ഗെയിമുമായി ജർമ്മനി പന്ത് ഏറെ നേരം കൈവശം വച്ചെങ്കിലും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ജർമ്മനിക്കായില്ല. 18 ആം മിനുട്ടിൽ കൊറിയൻ ഫ്രീകിക്ക് തടുക്കുന്നതിൽ മാനുവൽ നൂയർ വരുത്തിയ പിഴവിൽ നിന്ന് ഗോൾ വഴങ്ങാതെ ഭാഗ്യം കൊണ്ട് മാത്രമാണ് ജർമ്മനി രക്ഷപ്പെട്ടത്.

കൊറിയ ഏതാനും കൗണ്ടർ അറ്റാകുകൾ ആദ്യ പകുതിയിൽ നടത്തിയെങ്കിലും ഗോൾ നേടാൻ അവർക്കായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ജർമ്മനിക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഗോരേസ്കയുടെ ഹെഡർ കൊറിയൻ ഗോളി തട്ടി അകറ്റി. തൊട്ട് പിറകെ മറ്റൊരു അവസരം വെർനർ പുറത്തേക്കടിച്ചു.

ഗോൾ കണ്ടെത്താൻ ജർമ്മനി കൊറിയൻ ഗോൾ മുഖത്തേക്ക് ഇരച്ചതോടെ പലപ്പോഴും കൊറിയക്ക് മികച്ച കൗണ്ടർ അറ്റാക് അവസരങ്ങൾ തുറന്നു വന്നെങ്കിലും കൊറിയയുടെ ഫിനിഷിങ് പോരായ്മകൾ ജർമ്മനിയുടെ രക്ഷക്കെത്തി.

94 ആം മിനുട്ടിലാണ് കൊറിയൻ ഗോൾ പിറന്നത്. കിംമിന്റെ ഗോൾ ആദ്യം റഫറി ആദ്യം നിഷേധിച്ചെങ്കിലും VAR ലൂടെ തെറ്റ് തിരുത്തിയ റഫറി കൊറിയക്ക് ഗോൾ അനുവദിച്ചു. ഗോൾ മടക്കാൻ ഉള്ള ശ്രമത്തിനിടെ ജർമ്മൻ ഗോളി നൂയർ കയറി കളിച്ചതോടെ കൊറിയക്ക് വീണ്ടും അവസരം തെളിഞ്ഞു. ഇഞ്ചുറി ടൈമിൽ 8 ആം മിനുട്ടിൽ സൂപ്പർ താരം സോണ് ജർമ്മനിയുടെ പോസ്റ്റിൽ അവസാന ആണിയടിച്ചു. സ്കോർ 2-0. ജർമ്മനി പുറത്ത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Comments are closed, but trackbacks and pingbacks are open.