കൊളംബിയക്കെതിരെ ചരിത്രം കുറിച്ച വിജയവുമായി ജപ്പാന്‍ സാമുറായികള്‍

- Advertisement -

ശക്തരായ കൊളംബിയക്കെതിരെ പൊരുതി നേടിയ വിജയവുമായി ജപ്പാൻ. പത്തു പേരുമായി കളിച്ച കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഏഷ്യൻ പ്രതീക്ഷകളായ ജപ്പാൻ വിജയം കണ്ടത്. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ കാര്‍ലോസ് സാഞ്ചസ് റെഡ് കാർഡ് കണ്ടു പുറത്തു പോയത് കൊളംബിയക്ക് തിരിച്ചടിയാവുകയായിരുന്നു. വിജയത്തോടെ ലോകകപ്പ് ചരിത്രത്തിലാദ്യമായി ഒരു സൌത്ത് അമേരിക്കന്‍ ടീമിനെ പരാജയപ്പെടുത്തുന്ന ടീം എന്ന നേട്ടവും ജപ്പാന് കരസ്ഥമായി.

സാഞ്ചസ് ബോക്സിൽ വെച്ച് നടത്തിയ ഹാൻഡ് ബോളിനു ലഭിച്ച പെനാൽറ്റിയിൽ നിന്നുമാണ് ജപ്പാൻ ഗോൾ പട്ടിക തുറന്നത്. കഗാവ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചതോടെ നാലാം മിനിറ്റിൽ തന്നെ ജപ്പാൻ ലീഡ് നേടി. ഒരു ഗോളിന് പിറകിൽ പോയി എങ്കിലും 10 പേരെ ടീമിൽ ഉള്ളൂ എങ്കിലും മികച്ച രീതിയിലാണ് കൊളംബിയ ഗോളിനോട് പ്രതികരിച്ചത്. കളിയിൽ ആദ്യ പകുതി അവസാനിക്കുന്നത് വരെ നിരന്തരം ആക്രമണങ്ങൾ നടത്തിയ കൊളംബിയ അവസാനം ലക്ഷ്യം കാണുകയും ചെയ്തു. 38ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്കിലൂടെയായിരുന്നു കൊളംബിയയുടെ സമനില ഗോൾ. ആദ്യ പകുതിയിൽ 1-1 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിൽ കൂടുതൽ അക്രമണോത്സുത കാണിച്ചാണ് ജപ്പാൻ തുടങ്ങിയത്. എതിർ ടീം പത്തു പേരിലേക്ക് ചുരുങ്ങിയതിന്റെ ആനുകൂല്യം മുതലെടുത്ത ജപ്പാൻ നിരന്തരം കൊളംബിയൻ ഗോൾമുഖത്ത് എത്തി. എന്നാൽ ഗോൾ കീപ്പർ ഓസ്പിന ജപ്പാന് മുന്നിൽ വിലങ്ങുതടിയായി നിന്നതോടെ ഗോൾ നേടാനായില്ല. ഇതിനിടയിൽ പരിക്ക് മൂലം പുറത്തിരുന്ന റോഡ്രിഗസിനെ കളത്തിലേക്ക് ഇറക്കി പെക്കർമാൻ കൊളംബിയൻ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. പക്ഷെ 73ആം മിനിറ്റിൽ ഹോണ്ട എടുത്ത കോർണറിനു തലവെച്ചു യുയാ ഒസാക്കോ ജപ്പാന് അർഹിച്ച ഗോളും വിജയവും നേടികൊടുത്തു.

കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് തലത്തിൽ തന്നെ കൊളംബിയയിൽ നിന്ന് ലഭിച്ച കനത്ത പരാജയത്തിനുള്ള തിരിച്ചടികൂടെയായി ജപ്പാന് ഈ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement