
ആദ്യ പകുതിയിൽ അർജന്റീനക്കെതിരെ ഒപ്പത്തിനൊപ്പം പൊരുതി ഐസ്ലാൻഡ്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഒരു ഗോൾ വീതം അടിച്ച് മത്സരത്തിൽ സമനില പാലിക്കുകയാണ്. ലോകകപ്പിൽ ആദ്യമായി കളിക്കാനിറങ്ങിയ ഐസ്ലാൻഡ് പലപ്പോഴും അർജന്റീന പ്രതിരോധത്തിൽ വിള്ളലുണ്ടാക്കിയാണ് മത്സരം തുടങ്ങിയത്. ബോൾ കൈവശം വെക്കുന്നതിൽ ആധിപത്യം പുലർത്തിയ അർജന്റീന പലപ്പോഴും ഐസ്ലാൻഡ് താരങ്ങളുടെ തടി മിടുക്കിൽ പിറകിലായി.
19ആം മിനുട്ടിലാണ് അർജന്റീന മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. കുൻ അഗ്വേറോ ആണ് റോഹോയുടെ പാസിൽ നിന്ന് മികച്ചൊരു ഷോട്ടിലൂടെ അർജന്റീനയെ മുൻപിലെത്തിച്ചത്. എന്നാൽ അധികം താമസിയാതെ ഐസ്ലാൻഡ് സമനില പിടിച്ചു. ഫിൻബോഗസൺ ആണ് അർജന്റീന പെനാൽറ്റി ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ ഗോൾ കണ്ടെത്തിയത്. ഗോൾ നേടിയതോടെ മികച്ച ആത്മവിശ്വാസത്തോടെ കളിച്ച ഐസ്ലാൻഡ് ആദ്യ പകുതിയുടെ അവസാന ഘട്ടത്തിൽ രണ്ടാമത്തെ ഗോളിന് അടുത്ത് എത്തിയെങ്കിലും കൂടുതൽ ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
