രണ്ടു പെനാൽറ്റിയും സലയുടെ ഗോളും, സമനില വിടാതെ ഈജിപ്ത് – സൗദി ആദ്യ പകുതി

രണ്ടു പെനാൽറ്റിയും സലയുടെ ഗോളും കണ്ട മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. സലയുടെ ഗോളിൽ മുൻപിലെത്തിയ ഈജിപ്ത് പക്ഷെ തുടർച്ചയായി രണ്ടു പെനാൽറ്റി വഴങ്ങുകയായിരുന്നു. സൗദി അറേബ്യ എടുത്ത ആദ്യ പെനാൽറ്റി ഈജിപ്ത് ഗോൾ കീപ്പർ രക്ഷപെടുത്തിയപ്പോൾ രണ്ടാമത്തെ പെനാൽറ്റി ഗോളാക്കി സൗദി അറേബ്യ സമനില പിടിക്കുകയായിരുന്നു.

സൗദി പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്താണ് സല ഈജിപ്തിനെ മുൻപിലെത്തിച്ചത്. ഈജിപ്ത് പകുതിയിൽ നിന്ന് ലഭിച്ച പാസ് സല സൗദി ഗോൾ കീപ്പറുടെ തലക്ക് മുകളിലൂടെ കോരിയിട്ടു ഗോൾ നേടുകയായിരുന്നു. തുടർന്ന് അധികം താമസിയാതെ ലീഡ് ഇരട്ടിപ്പിക്കാൻ സലക്ക് അവസരം ലഭിച്ചെങ്കിലും ഗോളി മാത്രം മുൻപിൽ നിൽക്കെ സല പന്ത് പുറത്തടിച്ചു കളയുകയായിരുന്നു.

തുടർന്നാണ് സൗദിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. അൽ ശറഹ്നിയുടെ ക്രോസ്സ് ഈജിപ്ത് താരം ഇബ്രാഹിമിന്റെ കയ്യിൽ തട്ടുകയും റഫറി പെനാൽറ്റി വിളിക്കുകയുമായിരുന്നു. എന്നാൽ പെനാൽറ്റി എടുത്ത അൽ മുവലദിന്റെ ശ്രമം ഈജിപ്ത് ഗോൾ കീപ്പർ എൽ ഹാദിരി ലോകോത്തര സേവിലൂടെ ഈജിപ്തിന്റെ രക്ഷക്കെത്തുകയായിരുന്നു. അധികം താമസിയാതെ സൗദി അറേബ്യക്ക് അനുകൂലമായി വീണ്ടും റഫറി പെനാൽറ്റി വിളിച്ചു. ഇത്തവണ സൗദി താരം മുവലദിനെ ഫൗൾ ചെയ്തതിനുമാണ് റഫറി വീണ്ടും പെനാൽറ്റി വിളിച്ചത്. ഇത്തവണ പെനാൽറ്റി എടുത്ത അൽ ഫരാജ് ഈജിപ്ത് ഗോൾ കീപ്പർക്ക് ഒരു അവസരവും നൽകാതെ വല കുലുക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial