സമനിലയിൽ കുരുങ്ങി ഡെന്മാർക് ഓസ്‌ട്രേലിയ പോരാട്ടം

- Advertisement -

ഗ്രൂപ്പ് സിയിലെ രണ്ടാം റൌണ്ട് പോരാട്ടങ്ങൾക്ക് സമനിലയോടെ തുടക്കം. ഡെന്മാർക്കിനെ ഓസ്‌ട്രേലിയ സമനിലയിൽ തളക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഓസ്‌ട്രേലിയക്ക് വേണ്ടി ക്രിസ്റ്റ്യൻ എറിക്സണും ഓസ്‌ട്രേലിയക്ക് വേണ്ടി മിലെ ജെഡിനാകും ആണ് ഗോൾ നേടിയത്.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ എറിക്‌സൺ മികച്ചൊരു ഹാഫ് വോളിയിലൂടെ ഡെന്മാർക്കിനെ മുന്നിൽ എത്തിച്ചു. തുടർന്ന് ഗോൾ തിരിച്ചടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വാർ ഓസ്‌ട്രേലിയയുടെ രക്ഷക്കെത്തി. 38ആം മിനിറ്റിൽ ഡെൻമാർക്കിന്റെ ബോക്സിൽ വെച്ച് പോൾസൺ പന്ത് കൈ കൊണ്ട് തൊട്ടെങ്കിലും റഫറി ആദ്യം പെനാൽറ്റി അനുവദിച്ചിരുന്നില്ല, എന്നാൽ വാർ ഇടപെട്ട് ഓസ്‌ട്രേലിയക്ക് അനുകൂലമായി പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക്ക് എടുത്ത ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ജെഡിനാക്ക് ലക്ഷ്യത്തിൽ എത്തിച്ചു സ്‌കോർ നില തുല്യമാക്കി. ആദ്യ പകുതിയിൽ 1-1 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിൽ ഗോൾ നില ഉയർത്താൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഗോൾ കീപ്പർമാർ തടസമായി നിൽക്കുകയായിരുന്നു. അതിനിടയിൽ ഓസ്‌ട്രേലിയൻ താരം നബൗട്ട് പരിക്കേറ്റു പുറത്തു പോയത് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി. ബോൾ പൊസെഷനിലും ഷോട്ട് ഓൺ ടാർഗെറ്റിലും എല്ലാം ഡെന്മാർക്കിനേക്കളും മികച്ചു നിന്ന ഓസ്‌ട്രേലിയക്ക് മികച്ച ഫിനിഷിങ് ഇല്ലാതിരുന്നതാണ് തിരിച്ചടിയായത്.

രണ്ടു മത്സരങ്ങൾ പൂർത്തിയായപ്പോൾ 4 പോയിന്റുമായി ഡെന്മാർക്ക് ഗ്രൂപ്പിൽ ഒന്നാമതെത്തി. ഒരു പോയിന്റ് മാത്രമുള്ള ഓസ്‌ട്രേലിയ മൂന്നാമതാണ്, അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയ മികച്ച ഗോൾ മാർജിനിൽ വിജയിക്കേണ്ടതുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement