“ഇംഗ്ലണ്ട് കമിംഗ് ഹോം”, മൻസൂകിച്ചിന്റെ എക്സ്ട്രാ ടൈം ഗോളിൽ ക്രൊയേഷ്യ ഫൈനലിൽ

Roshan

Download the Fanport app now!
Appstore Badge
Google Play Badge 1

ഇത് ചരിത്രം, ലോകകകപ്പിലെ കറുത്ത കുതിരകളായി ക്രൊയേഷ്യ ഫൈനലിൽ. ഇംഗ്ളണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ട്രിപ്പയർ ഗോൾ നേടിയപ്പോൾ പെരിസിച്ചും എക്സ്ട്രാ ടൈമിൽ മൻസൂകിച്ചും ആണ് ക്രൊയേഷ്യൻ ഗോളുകൾ നേടിയത്. ഫൈനലിൽ ഫ്രാൻസിനെയായിരിക്കും ക്രൊയേഷ്യ നേരിടുക.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ഇംഗ്ലണ്ട് മുന്നിൽ എത്തി. ഡെലെ അല്ലിയെ പെനാൽറ്റി ബോക്സിന് മുന്നിൽ വീഴ്ത്തിയതിനു ലഭിച്ച ഫ്രകിക്ക് കീറൻ ട്രിപ്പയർ വലയിൽ എത്തിച്ചു. പ്രതിരോധം തീർത്ത ക്രൊയേഷ്യൻ മതിലിനു മുകളിലൂടെ ട്രിപ്പയർ പന്ത് പോസ്റ്റിന്റെ വലത് മൂലയിലേക്ക് കയറ്റിയപ്പോൾ സുബാസിച്ചിനു നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. തുടർന്ന് ഗോൾ തിരിച്ചടിക്കാൻ ക്രൊയേഷ്യൻ ടീം ശ്രമിച്ചെങ്കിലും പിക്ഫോർഡ് ഇംഗ്ലണ്ട് ടീമിന്റെ രക്ഷക്കെത്തി. ആദ്യ പകുതിയിൽ 1-0 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിൽ മത്സരം കനത്തു. നിരന്തരം ഇംഗ്ലണ്ടിനെ വിറപ്പിച്ച ക്രൊയേഷ്യ 68ആം മിനിറ്റിൽ സമനില നേടി. വേഴ്സയ്കോയുടെ ക്രോസ് മനോഹരമായി കാലു കൊണ്ടു തട്ടിയിട്ട് പെരിസിച്ച് സമനില പിടിച്ചു. ഗോൾ വഴങ്ങിയതോടെ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലായി. പലപ്പോഴും പിക്ഫോഡ് രക്ഷക്കെതിയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്സ്ട്രാ ടൈമിന്റെ 99ആം മിനിറ്റിൽ സ്റ്റോൻസിന്റെ ഗോൾ എന്നുറച്ച ഒരു ഹെഡർ വേഴ്സയ്കോ ഗോൾ ലൈൻ സേവ് ചെയ്ത് ക്രൊയേഷ്യയെ രക്ഷിച്ചു. എന്നാൽ 109ആം മിനിറ്റിൽ ക്രൊയേഷ്യയെ ഫൈനലിലേക്ക് നയിച്ച ഗോൾ പിറന്നു. ഇംഗ്ലണ്ടിന്റെ പ്രതിരോധത്തിൽ വന്ന പിഴവാണ് ഗോളിലേക്ക് നയിച്ചത്. പെരിസിച്ചിന്റെ ഹെഡർ തടയുന്നതിൽ പിഴച്ച ഇംഗ്ലണ്ടിന് മന്സൂകിച്ചിനെ തടയാനും ആയില്ല. അനായാസം പിക്ഫോഡിനെ കീഴടക്കി മന്സൂകിച്ച് ക്രൊയേഷ്യയെ ഫൈനലിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial