അത്ഭുതം!! ചരിത്രം മാറി നിന്ന ബെൽജിയം തിരിച്ചുവരവ്

Roshan

Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ടു ഗോൾ പിന്നിൽ നിന്ന ശേഷം ബെൽജിയത്തിന്റെ മാസ്മരിക തിരിച്ചു വരവ്. ജപ്പാനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ബെൽജിയം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മത്സരത്തിന്റെ അവസാന സെക്കന്റിൽ നേടിയ ഗോളിനാണ് ബെല്ജിയത്തിന്റെ വിജയം.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ ഗോളുകൾ എല്ലാം തന്നെ പിറന്നത്. 48ആം മിനിറ്റിൽ വെർടോങ്ങാൻറെ പിഴവിൽ നിന്നും ഹരാഗുഷിയിലൂടെ ജപ്പാൻ മുന്നിലെത്തി. 52ആം മിനിറ്റിൽ ഇനിയായിലൂടെ വീണ്ടും ജപ്പാൻ ഗോൾ. സ്‌കോർ 2-0. എന്നാൽ ഇവിടെ നിന്നും തുടങ്ങുകയായി ബെല്ജിയത്തിന്റെ തിരിച്ചു വരവ്, 69ആം മിനിറ്റിൽ വെർടോങ്ങൻ തന്റെ പ്രായശ്ചിത്തം ചെയ്തു, അവിശ്വാസനീയമായ ഒരു ഹെഡറിലൂടെ ഒരു ഗോൾ മടക്കി.

തുടർന്ന് ബെൽജിയം കോച്ച് റോബർട്ടോ മാർട്ടിനെസ് നടത്തിയ രണ്ടു മാറ്റങ്ങൾ കളി മാറ്റി മറിച്ചു, നീളക്കാരായ ഫെല്ലയിനിയേയും ഷാദ്ലിയേയും കളത്തിൽ ഇറക്കി മത്സരം മാറ്റി മറിച്ചു. 74ആം മിനിറ്റിൽ ഫെല്ലയിനി ഹെഡറിലൂടെ ഗോൾ നേടി സ്‌കോർ സമനിലയാക്കി.

മത്സരം എക്സ്ട്രാ ടൈമിലേക്ക് കടക്കും എന്നു തോന്നിയപ്പോൾ, ഇഞ്ചുറി ടൈമിൽ ജപ്പാന് ലഭിച്ച ഒരു ഫ്രീ കിക്ക് ഹോണ്ട മനോഹരമായി പോസ്റ്റിലേക്ക് പായിച്ചപ്പോൾ കോർത്വാ അവിശ്വസനീയമായി തടുത്തിട്ടു. പിന്നീട് ജപ്പാന് ലഭിച്ച കോർണർ ക്ലിയർ ചെയ്ത് ഡിബ്രുയന്റെ നേതൃത്വത്തിൽ പിറന്ന കൗണ്ടർ അറ്റാക്കിൽ ബെല്ജിയത്തിന്റെ വിജയ ഗോൾ. 94ആം മിനിറ്റിൽ ഷാദ്ലി ആണ് ഗോൾ നേടിയത്, ഡിബ്രുയ്‌ന്റെ പാസ് ലുകാക്കു അതി വിദഗ്ധമായി ഒഴിഞ്ഞു മാറിയപ്പോൾ പന്ത് ഷാദ്ലിയുടെ കാലിൽ, ഗോൾ കീപ്പറേ മറികടന്ന് പന്ത് വലയിലേക്ക്. സ്‌കോർ 3-2.

ബെല്ജിയത്തിന്റെ തിരിച്ചു വരവ് അവിശ്വസനീയം എന്നു തന്നെ വിശേഷിപ്പിക്കേണ്ടി വരും. പക്ഷെ ഏഷ്യൻ പ്രതീക്ഷകളായിരുന്ന ജപ്പാന്റെ പോരാട്ട വീര്യം കാണാതെ പോവാനും കഴിയില്ല. പോരാടി തന്നെ ജപ്പാൻ സമുറായികൾ കീഴടങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial