ലാൻസറോട്ടെയുടെ ഫ്രീ കിക്കുകളിൽ ജാംഷഡ്‌പൂർ വീണു

- Advertisement -

മാനുവൽ ലാൻസറൊട്ടെയുടെ രണ്ടു ലോകോത്തര ഫ്രീ കിക്കുകൾ പിറന്ന മത്സരത്തിൽ ജാംഷഡ്‌പൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് എ.ടി.കെ പ്ലേ ഓഫ് സാധ്യത സജീവമാക്കി. ജയത്തോടെ പോയിന്റ് പട്ടികയിൽ ജാംഷഡ്‌പൂരിനൊപ്പമെത്താനും എ.ടി.കെക്കായി. ജാംഷഡ്‌പൂരിനൊതിരെ എ.ടി.കെയുടെ ആദ്യ ജയം കൂടിയായിരുന്നു ഇന്നത്തേത്.

മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ എ.ടി.കെ മത്സരത്തിൽ മുൻപിലെത്തി. എഡു ഗാർസിയയെ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക്‌ ജാംഷഡ്‌പൂർ ഗോൾ കീപ്പർക്ക് യാതൊരു അവസരവും നൽകാതെ മാനുവൽ ലാൻസറോട്ടെ ഗോളാക്കുകയായിരുന്നു.  മത്സരം അര മണിക്കൂർ തികഞ്ഞപ്പോൾ ആദ്യ ഗോളിന്റെ അതെ പോലെ എ.ടി.കെ വീണ്ടും ഗോൾ നേടി. ഇത്തവണയും ഫ്രീ കിക്ക്‌ എടുത്ത മാനുവൽ ലാൻസറൊട്ടേ ഗോൾ കീപ്പർ സുബ്രത പോളിന് യാതൊരു അവസരം നൽകാതെ വലയിൽ പതിക്കുകയായിരുന്നു.

മത്സരം അവസാനിക്കാൻ 10 മിനിറ്റ് ബാക്കി നിൽക്കേ ജാംഷഡ്‌പൂർ ഒരു ഗോൾ മടക്കിയെങ്കിലും കൂടുതൽ ഗോൾ വഴങ്ങാതെ എ.ടി.കെ മത്സരം പൂർത്തിയാക്കുകയായിരുന്നു. ബികാഷ് ജെയ്റുവിന്റെ ക്രോസിൽ നിന്ന് മാരിയോ ആർക്കസാണ് ഗോൾ നേടിയത്. ഗോൾ നേടുന്നതിന് തൊട്ട് മുൻപ് ജാംഷഡ്‌പൂരിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും അവർക്ക് വിനയായി.

Advertisement