വിജയ വഴിയിൽ തിരിച്ചെത്താൻ സ്പെയിൻ ഇന്ന് ഇറാനെതിരെ

- Advertisement -

പോർചുഗലിനെതിരെ അവസാനം വഴങ്ങിയ ഫ്രീകിക്ക് ഗോളിൽ സമനില വഴങ്ങിയതിന്റെ ക്ഷീണമകറ്റാൻ സ്പെയിൻ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൌണ്ട് മല്സരത്തിനിറങ്ങുന്നു. ആദ്യ മത്സരത്തിൽ മൊറോക്കോയെ പരാജയപ്പെടുത്തിയ ഇറാൻ ആണ് മുൻ ലോകചാമ്പ്യന്മാരുടെ എതിരാളികൾ.

പോർചുഗലിനെതിരെ ഇരട്ട ഗോളുകൾ നേടി മികച്ചു നിന്നത് കോസ്റ്റ ആയിരുന്നു എങ്കിലും മത്സരം നിയന്ത്രിച്ചത് ഇസ്‌കോ ആയിരുന്നു. കുറിയ പാസുകളിലൂടെ കളി മെനഞ്ഞ ഇസ്‌കോ നിരന്തരം പോർച്ചുഗൽ പ്രതിരോധം ഭേദിച്ചിരുന്നു. പോർചുഗലിനേക്കാൾ കനത്ത പ്രധിരോധത്തെയായിരിക്കും ഇറാനിൽ നിന്നും സ്പെയിൻ പ്രതീക്ഷിക്കേണ്ടത്. പ്രതിരോധത്തിന് പേര് കേട്ട ഇറാൻ ടീമിനെതിരെ ഗോൾ നേടാൻ ഇസ്‌കോയുടെ ക്രിയേറ്റിവിറ്റി നിര്ണായകവും. അത് കൊണ്ട് തന്നെ സ്പെയിൻ കോച്ച് ഇസ്കോക്ക് പൂർണ സ്വാതന്ത്ര്യം അനുവദിക്കുമായിരിക്കും. കഴിഞ്ഞ മത്സരത്തിൽ വലിയ പിഴവ് വരുത്തിയ ഡേവിഡ് ഡിഹെയ്ക്ക് പൂർണ പിന്തുണ കൊടുത്തിട്ടുണ്ട് കോച്ച് ഫെര്‍ണാണ്ടോ ഹേറോ, ഡിഹെയ തന്നെയായിരിക്കും വല കാക്കുക. കഴിഞ്ഞ മത്സരത്തില്‍ ഒത്തിണക്കം കാണിക്കാതിരുന്ന പിക്വേ – റാമോസ് സഖ്യം ഫോമിലേക്ക് ഉയരേണ്ടത് അനിവാര്യമാണ്.

കരുത്തരായ മൊറോക്കോക്കെതിരെ പൊരുതി നേടിയ വിജയം കൊണ്ടാണ് ഏഷ്യൻ ശക്തികൾ സ്പെയിനെ നേരിടാൻ എത്തുന്നത്. മൊറോക്കോക്ക് മുന്നിൽ കനത്ത പ്രതിരോധം തീർത്ത ഇറാൻ അവസാനം ലഭിച്ച സെല്ഫ് ഗോളിൽ ആണ് വിജയം കണ്ടത്. സ്പെയിനിനെതിരെ വിജയം കണ്ടാൽ അടുത്ത റൗണ്ടിലേക്ക് മുന്നേറാം എന്നിരിക്കെ തങ്ങളുടെ മുഴുവൻ കരുത്തും പുറത്തെടുത്താവും ഇറാൻ ഇറങ്ങുക. യൂറോപ്യൻ ടീമുകൾക്കെതിരെ ലോകകപ്പിൽ ഇതുവരെ വിജയം കാണാത്ത ഇറാന് സ്പെയിൻ വെല്ലുവിളിയാകും.

ഇന്ത്യൻ സമയം രാത്രി 11.30നു ആണ് മത്സരങ്ങൾ നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement