
സ്പെയ്നിനെതിരെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ നേടിയ സമനിലയുടെ ആത്മവിശ്വാസവുമായി പോർച്ചുഗൽ ഇന്ന് മൊറോക്കോയെ നേരിടാൻ ഇറങ്ങുന്നു. ഇറാനെതിരെ പൊരുതി നിന്ന് അവസാനം സെല്‍ഫ് ഗോളിലൂടെ പരാജയം ഏറ്റുവാങ്ങിയ ക്ഷീണത്തോടെയാണ് മൊറോക്കോ എത്തുന്നത്. ഇന്ത്യൻ സമയം വൈകീട്ട് 5.30ന് ആണ് മത്സരം.
അക്ഷരാർത്ഥത്തിൽ ഒറ്റയാൾ പോരാട്ടം മാത്രമായിരുന്നു സ്പെയിനിനെതിരെ പോർച്ചുഗൽ നടത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ മൂന്നു ഗോളുകളിൽ ആണ് പോർച്ചുഗൽ സമനില നേടിയത്. പ്രധിരോധത്തിനു പേരുകേട്ട മൊറോക്കോയെ നേരിടാൻ ഇറങ്ങുമ്പോൾ മികച്ച ടീം പ്രകടനം പോർച്ചുഗൽ പുറത്തെടുക്കേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ മത്സരത്തിലെ തന്റെ മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുക്കാൻ ഉറപ്പിച്ചാവും റൊണാൾഡോ ഇറങ്ങുക. അടുത്ത റൗണ്ടിൽ കടക്കാൻ ഇന്ന് പോർചുഗലിനു വിജയം കണ്ടേ മതിയാവു.
ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ഫൈനൽ റൗണ്ടിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് മൊറോക്കോ എത്തിയത്. പക്ഷെ അവസാന നിമിഷം വഴങ്ങിയ സെല്‍ഫ് ഗോൾ ആണ് കഴിഞ്ഞ മത്സരത്തിൽ മൊറോക്കോക്ക് തിരിച്ചടിയായത്. മികച്ച ഫോമിലുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയോ തടയാൻ കഴിഞ്ഞില്ലെങ്കിൽ മൊറോക്കോയുടെ സ്ഥിതി വിഷമകരമാവും. ഇനി ഒരു പരാജയം കൂടെ സംഭവിച്ചാൽ മൊറോക്കോയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് അസ്തമയമാവും.
ഇതിനു മുന്‍പ് ഒരു തവണ മാത്രമാണ് പോര്‍ച്ചുഗല്‍ മൊറോക്കോ മത്സരം നടന്നിട്ടുള്ളത്. 1986ലെ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മൊറോക്കോ പോര്‍ച്ചുഗലിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ മികച്ച വിജയം നേടിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
