ഏഷ്യൻ പ്രതീക്ഷകളുമായി ജപ്പാൻ ഇറങ്ങുന്നു, എതിരാളികൾ കൊളംബിയ

- Advertisement -

ഏഷ്യൻ പ്രതീക്ഷകളുമായി ജപ്പാൻ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. കഴിഞ്ഞ ലോകകപ്പിലെ ക്വാർട്ടർ ഫൈനലിസ്റ്റുകളായ കൊളംബിയയാണ് ജപ്പാന്റെ എതിരാളികൾ. ഇന്ത്യൻ സമയം വൈകുന്നേരം 5.30നു ആണ് മത്സരം നടക്കുക.

ലോകകപ്പ് തുടങ്ങുന്നതിനു രണ്ടു മാസം മുന്നേ കോച്ചിനെ പുറത്താക്കിയതിന്റെ അങ്കലാപ്പിൽ ആണ് ജപ്പാൻ കളിയ്ക്കാൻ ഇറങ്ങുന്നത് എങ്കിലും മികച്ച പ്രകടനം മാത്രം ആവും ഏഷ്യൻ രാജ്യത്തിൻറെ ലക്‌ഷ്യം കഴിഞ്ഞ ലോകകപ്പിൽ കൊളംബിയയോട് ഏറ്റ 4-1 എന്ന കനത്ത പരാജയത്തിന് മറുപടി നൽകൽ കൂടിയാവും ജപ്പാന്റെ ലക്ഷ്യം. ഇതുവരെ ടീമിനായി 92 തവണ കുപ്പായമണിഞ്ഞ ഡോർട്മുണ്ട് താരം ഷിൻജി കാഗവയിൽ ആണ് ജപ്പാൻ പ്രതീക്ഷകൾ ഉള്ളത്.

ബ്രസീലിൽ നടന്ന ഗ്രൂപ്പ് മത്സരം ആവർത്തിക്കാൻ ആവും പെക്കർമാന്റെ കൊളംബിയ ശ്രമിക്കുക. കഴിഞ്ഞ എട്ടു മത്സരങ്ങളിൽ രണ്ടിൽ മാത്രമാണ് കൊളംബിയ വിജയിച്ചത്, പക്ഷെ ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ ഈജിപ്തിനോടും ഓസ്‌ട്രേലിയയോടും ഗോൾരഹിത സമനില വഴങ്ങുകയും ചെയ്തിരുന്നു കൊളംബിയ. കഴിഞ്ഞ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടിയ ഹാമിഷ് റോഡ്രിഗസിൽ തന്നെയാണ് കൊളംബിയയുടെ പ്രതീക്ഷകൾ. ക്യാപ്റ്റൻ റഡാമൽ ഫാൽകാവോ തന്റെ ആദ്യ ലോകകപ്പിന് ഇറങ്ങുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. പോളണ്ടിന്റെ കൂടെ അടുത്ത റൗണ്ടിലേക്ക് കടക്കും എന്ന് പ്രതീക്ഷിക്കുന്ന കൊളംബിയക്ക്‌ ഈ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാൻ ഉണ്ടാവില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement