യുവതാരങ്ങളുടെ കരുത്തിൽ ഇംഗ്ലണ്ട് ടുണീഷ്യക്കെതിരെ ഇറങ്ങുന്നു

- Advertisement -

ഒരുപിടി യുവതാരങ്ങളുമായി ഗാരത് സൗത്ത് ഗേറ്റിന്റെ ഇംഗ്ലണ്ട് ഇന്ന് ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇറങ്ങുന്നു. ആഫ്രിക്കൻ കരുത്തരായ ടുണീഷ്യ ആണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരം ഇന്ത്യൻ സമയം രാത്രി 11.30നു ആണ് നടക്കുക.

താരതമ്യേന പരിചയ സമ്പന്നത കുറഞ്ഞ ടീമുമായാണ് ഇംഗ്ലണ്ട് എത്തിയിരിക്കുന്നത് എങ്കിലും യുവതാരങ്ങളുടെ കഴിവിൽ വിശ്വാസമർപ്പിക്കുകയാണ് സൗത്‌ഗേറ്റ് ചെയുന്നത്. സമീപ കാലത്തെ മികച്ച ഫോം ആണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകുന്നത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഒന്നിൽ പോലും ഇംഗ്ലണ്ട് തോൽവി അറിഞ്ഞിരുന്നില്ല. ഹാരി കെയ്നെ മുന്നിൽ നിർത്തിയാവും ഇംഗ്ലണ്ട് ഇറങ്ങുക. ഇംഗ്ലണ്ട് താരങ്ങൾ ആരും പരിക്കിന്റെ പിടിയിൽ അല്ല എന്നത് ഗുണം ചെയ്യും. മുൻനിരയിൽ സ്റ്റെർലിങ്ങിനും മധ്യ നിരയിൽ ഹെൻഡേഴ്സണും അവസരം ലഭിച്ചേക്കും.

1998നു ശേഷമുള്ള ആദ്യത്തെ ലോകകപ്പിനാണ് ടുണീഷ്യ ഇറങ്ങുന്നത്. കരുത്തരായ ഇംഗ്ലണ്ടിനെ പിടിച്ചു നിർത്താൻ കഴിയും എന്ന പ്രതീക്ഷയിൽ ആണ് ടുണീഷ്യൻ ക്യാമ്പ്. വഹ്ബി ഖസ്‌റി ഏപ്രിൽ മുതൽ കളത്തിനു പുറത്താണ് എങ്കിലും പരിക്ക് മാറി ടീമിൽ എത്തിയത് ഗുണം ചെയ്യും. ഹാംസ്ട്രിങ് പരിക്ക് മൂലം പുറത്തിരുന്ന ഫുൾബാക് അലി മാലൂലും കളിക്കാൻ ലഭ്യമാവും. അതേസമയം മുന്നേറ്റ നിരക്കാരൻ യൂസഫ് മസ്കിനിക്ക് കാൽ മുട്ടിനേറ്റ പരിക്ക് മൂലം പുറത്തിരിക്കേണ്ടി വരും.

ഇതിനു മുൻപ് ഇംഗ്ലണ്ടും ടുണീഷ്യയും തമ്മിൽ ഏറ്റുമുട്ടിയത് 1998ലെ ലോകകപ്പിൽ ആയിരുന്നു. അന്ന് അലൻ ഷിയററും പോൾ സ്‌കോൾസും നേടിയ ഗോളുകളുടെ പിൻബലത്തിൽ ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ടുണീഷ്യയെ തോൽപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement