ഈജിപ്ത് ഇന്ന് റഷ്യക്കെതിരെ, സലാ കളിക്കും

- Advertisement -

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൌണ്ട് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആതിഥേയരായ റഷ്യ ഈജിപ്തിനെയാണ് നേരിടുക. ഇന്ത്യൻ സമയം രാത്രി 11.30നു സെന്റ് പീറ്റഴ്‌സ്ബർഗിൽ ആണ് മത്സരം നടക്കുക. പരിക്ക് മാറി മൊഹമ്മദ്‌ സലാ ഈജിപ്തിന് വേണ്ടി കളത്തില്‍ ഇറങ്ങും.

പ്രവചനങ്ങളെ കാറ്റിൽ പറത്തിയാണ് റഷ്യ ലോകകപ്പ് തുടങ്ങിയത്. മോശം ഫോമുമായി ലോകകപ്പിന് എത്തിയ റഷ്യ ആദ്യ മത്സരത്തിൽ തന്നെ ഏഷ്യൻ ശക്തികളായ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് തറപറ്റിച്ചത്. ഇരട്ട ഗോളുകൾ നേടിയ ചെറിഷേവും ഗോളോവിനും മികച്ച ഫോമിലാണ് എന്നുള്ളത് റഷ്യക്ക് ഗുണം ചെയ്യും. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഇല്ലാതിരുന്ന ചെറിഷേവിനു ഇത്തവണ ആദ്യ ഇലവനിൽ തന്നെ ഇറങ്ങാൻ കഴിയും. ഡിസ്യുബക്കും ആദ്യ ഇലവനിൽ അവസരം ലഭിച്ചേക്കും. ബാക്കിയുള്ള രണ്ടു മത്സരങ്ങളിൽ ഒന്നിൽ വിജയിച്ചാൽ റഷ്യക്ക് നോക്ക്ഔട്ട് റൗണ്ടിലേക്കുള്ള സാദ്ധ്യതകൾ ആണ് മുന്നിലുള്ളത്.

മറുവശത്ത് കടുത്ത സമ്മർദ്ദത്തിൽ ആണ് ഈജിപ്ത് ഉള്ളത്. ഉറുഗ്വേയോട് അവസാന നിമിഷം വഴങ്ങിയ ഗോളിലാണ് ഈജിപ്ത് പരാജയം ഏറ്റുവാങ്ങിയത്. ഇനി ഒരു പരാജയം കൂടെ ആയാൽ ലോകകപ്പ് പ്രതീക്ഷകൾക്ക് വിരാമമിടേണ്ടി വരും ഈജിപ്തിനു. അത്കൊണ്ട് തന്നെ ശക്തമായ ഇലവനെ തന്നെ ആയിരിക്കും ഈജിപ്ത് അണിനിരത്തുക. പരിക്ക് മാറി സൂപ്പർ താരം മൊഹമ്മദ് സലാ തിരിച്ചെത്തുന്നത് ഈജിപ്തിനു ആശ്വാസകരമാവും. കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയ ആഴ്‌സണൽ താരം എൽനെയ്‌നി ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ കനത്ത തിരിച്ചടിയാവും നേരിടേണ്ടി വരുക. റഷ്യയുടെ കുന്തമുന ഗോളോവിനെ എത്രത്തോളം പിടിച്ചു തടയുക എന്നതായിരിക്കും എൽനെയ്‌നിയുടെ ചുമതല.

സലാ എത്രത്തോളം മികച്ച പ്രകടനം പുറത്തെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈജിപ്തിന്റെ സാദ്ധ്യതകൾ. സൗദി അറേബിയക്കെതിരായ മത്സരത്തിന് ശേഷം ആത്മവിശ്വാസം കുത്തനെ ഉയർന്ന റഷ്യ ആയിരിക്കും മത്സരത്തിന് ഇറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement