ഇവർ ലോകകപ്പിന് ഇല്ലാത്ത പ്രമുഖർ

ലോകകപ്പിൽ പങ്കെടുക്കുക, സ്വന്തം രാജ്യത്തെ ലോക ഫുട്ബോളിലെ ഏറ്റവും വലിയ മാമാങ്കത്തിൽ പ്രതിനിധീകരിക്കുക എന്നത് ഏതൊരു കളിക്കാരന്റെയും സ്വപ്നമാവും. പക്ഷെ ഇത്തവണ റഷ്യയിൽ പന്തുരുളുമ്പോൾ അതിന് അവസരം ലഭിക്കാത്ത ചിലരുണ്ട്. പരിക്ക് കാരണം നഷ്ടപ്പെട്ടത് അല്ല. ടീമിൽ ഇടം ലഭിക്കാതെ പോയവർ. ഇതിൽ ചിലർ ക്ലബ്ബ് ഫുട്ബോളിൽ മോശം പ്രകടനം നടത്തിയത് കൊണ്ടാണ് സ്ഥാനം കിട്ടാതെ പോയതെങ്കിൽ ചിലർക്ക് മികച്ച പ്രകടനവും തുണയായില്ല.

മാർക്കോസ് ആലോൻസോ (സ്പെയിൻ)

താര നിബിഢമായ സ്പെയിൻ ടീമിൽ ഇടം ലഭിക്കാതെ പോയ പ്രമുഖ താരം. ചെൽസിക്ക് വേണ്ടി ഈ സീസണിൽ നടത്തിയ മികച്ച പ്രകടനവും അലോൻസോക്ക് തുണയായില്ല. പ്രീമിയർ ലീഗ് ടീം ഓഫ് ദി സീസണിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഇടം ലഭിച്ച താരത്തിന് പകരം സ്പാനിഷ് പരിശീലകൻ തിരഞ്ഞെടുത്തത് ആഴ്സണലിന്റെ നാച്ചോ മോൻറിയലിനെ.

റഡ്ജ നൈൻഗോലാൻ (ബെൽജിയം)

ഒരൽപം ഞെട്ടലോടെയാണ് നൈൻഗോലാൻ ബെൽജിയം ലോകകപ്പ് ടീമിൽ ഇല്ല എന്ന വാർത്ത ഫുട്ബോൾ ലോകം സ്വീകരിച്ചത്. റോമക്കായി ഈ സീസണിൽ നടത്തിയ അസാമാന്യ പ്രകടനം പക്ഷെ റോബർട്ടോ മാർടീനസിന്റെ നല്ല പുസ്തകത്തിൽ ഇടം നേടാൻ താരത്തെ സഹായിച്ചില്ല.

പരിശീലകനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും നൈൻഗോലാന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് കരി നിഴൽ വീഴ്ത്തി. ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചാണ് താരം തന്റെ ഒഴിവാക്കലിനോട് പ്രതികരിച്ചത്.

ജോ ഹാർട്ട് (ഇംഗ്ലണ്ട്)

ഒരു കാലത്ത് ലോക ഫുട്ബോളിൽ ഇഗ്ലണ്ടിനെ നയിച്ച ഗോൾ കീപ്പർക്ക് വിനയായത് ഫോം ഇല്ലായ്മ തന്നെ. വെസ്റ്റ് ഹാമിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച താരത്തിന് പക്ഷെ അവിടെയും കാര്യമായി ഒന്നും ചെയ്യാനായില്ല. ഇതോടെ ഗരേത് സൗത്ത് ഗേറ്റിന് വേറെ വഴി ഇല്ലാതായി.

ബേർൻലി ഗോളി നിക് പോപ്പിന്റെ സീസണിലെ മികച പ്രകടനം കണ്ടില്ലെന്ന് നടിക്കാൻ സൗത്ത് ഗേറ്റിന് ആവുമായിരുന്നില്ല. പെപ്പ് ഗാർഡിയോള വന്നതോടെ സിറ്റി ടീമിൽ ഇടം നഷ്ടപെട്ട ഹാർട്ടിന് മറ്റൊരു തിരിച്ചടിയായി ഇത്.

അലക്സ് സാൻഡ്രോ (ബ്രസീൽ)

 

നിലവിൽ ലോക ഫുട്ബോളിലെ തന്നെ മികച്ച ലെഫ്റ്റ് ബാക്കിന് പക്ഷെ ബ്രസീൽ ടീമിൽ ഇടമില്ല. മാർസെലോ സ്റ്റാർട്ടിങ് ഇലവനിൽ ഇടം ഉറപ്പിച്ചതോടെ ബാക്ക് അപ്പ്‌ ആയി സാധ്യത അത്ലറ്റികോ മാഡ്രിഡിന്റെ ഫിലിപ്പേ ലൂയിസും യുവന്റസ് താരമായ സൻഡ്രോയും തമ്മിൽ. ബ്രസീൽ പരിശീലകൻ അനുഭവ സമ്പത്തിന് പ്രാധാന്യം കൊടുത്തപ്പോൾ നറുക്ക് വീണത് ഫിലിപ്പേ ലൂയിസിന്.

ആയ്മേറിക് ലപോർട്ടേ (ഫ്രാൻസ്)

ഈ ജനുവരിയിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള മാറ്റം സ്വന്തമാക്കിയ താരത്തിന് പക്ഷെ ഫ്രാൻസ് ലോകകപ്പ് ടീമിൽ ഇടം ലഭിച്ചില്ല. സിറ്റിയിൽ വന്നതോടെ കളി സമയം കുറഞ്ഞതാവാം കാരണം. എങ്കിലും ലോറന്റ് കോശിയെൻലിക്ക് പരിക്ക് പറ്റിയതോടെ താരത്തിന് അവസരം ലഭിച്ചേക്കും എന്ന സൂചനകൾ വന്നെങ്കിലും ദിടിയർ ദശാംപ്സ് അവസരം നൽകിയത് അനുഭവ സമ്പത്തുള്ള മാർസെ താരം ആദിൽ റമിക്ക്.

സെർജി റോബർട്ടോ( സ്പെയിൻ)

ബാഴ്സയിൽ റൈറ്റ് ബാക്കായും മധ്യ നിര താരമായും വിവിധ റോളുകളിൽ തിളങ്ങിയ സെർജി റോബെർട്ടോക്ക് പക്ഷെ ഇത്തവണ റഷ്യയിലേക്ക് ടിക്കറ്റില്ല. 2016-2017 സീസണിൽ ലൂയിസ് എൻറികേക്ക് കീഴിൽ 7 വിത്യസ്ത പൊസിഷനിൽ കളിച്ച താരത്തിന് പക്ഷെ കൂടുതൽ തിളങ്ങാനാവുക റൈറ്റ് ബാക്ക് പൊസിഷനിൽ ആണ്. സ്പെയിൻ ടീമിൽ റൈറ്റ് ബാക്കിൽ കാർവഹാലിനെയും ചെൽസിയുടെ സെസാർ ആസ്പിലിക്വറ്റയെയും മറികടന്ന് ഇടം നേടാൻ തരത്തിനായില്ല.

മൗറോ ഇക്കാർഡി (അർജന്റീന)

യൂറോപ്പിലെ തന്നെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കർ. ഇന്റർ മിലാൻ ക്യാപ്റ്റൻ. ചാമ്പ്യൻസ് ലീഗിലേക്കുള്ള ഇന്ററിന്റെ തിരിച്ചു വരവിന് ചുക്കാൻ പിടിച്ചത് ഇക്കാർഡി നേടിയ എണ്ണം പറഞ്ഞ ഗോളുകൾ. പക്ഷെ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ അർജന്റീനൻ ടീമിൽ ഇക്കാർഡിക്ക് സ്ഥാനം ഇല്ല. അഗ്യൂറോയും , ഡീബാലയും, ഹിഗ്വെയ്നും ഉള്ള ആക്രമണ നിരയിൽ ഇക്കാർഡിക്ക് സ്ഥാനം ഇല്ലെന്ന് സാംപൊളി തീരുമാനിച്ചപ്പോൾ താരത്തിന് നഷ്ടമായത് കരിയറിലെ ആദ്യ ലോകകപ്പ് പങ്കാളിത്തം.

ഡേവിഡ് ലൂയിസ് (ബ്രസീൽ)

ചെൽസിയിലേക്ക് മടങ്ങിയെത്തിയ ആദ്യ സീസണിൽ മിന്നും പ്രകടനം നടത്തി ദേശീയ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും ഈ സീസണിൽ പക്ഷെ കാര്യങ്ങൾ അത്രക്ക് ശുഭമായിരുന്നില്ല. ചെൽസി പരിശീലകൻ അന്റോണിയോ കൊണ്ടെയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും നിരന്തരമായ പരിക്കും കാരണം സീസണിൽ മിക്ക മത്സരങ്ങളിലും പുറത്തിരുന്ന ലൂയിസിന് ദേശീയ ടീമിൽ ഇടം ലഭിച്ചില്ല.

ആന്റണി മാർഷ്യൽ (ഫ്രാൻസ്)

വാൻ ഗാലിന് കീഴിൽ ഓൾഡ് ട്രാഫോഡിൽ തിളങ്ങിയ താരത്തിന് മൗറീഞ്ഞോയുടെ വരവോടെ നഷ്ടമായത് ഫ്രാൻസ് ഫുട്ബോളിലെ ഏറ്റവും മികച്ച യുവ പ്രതിഭ എന്ന സ്ഥാനം. മൗറീഞ്ഞോക്ക് കീഴിൽ പ്രകടനത്തിൽ സ്ഥിരത നഷ്ടപെട്ട താരത്തെ ടീമിൽ എടുക്കേണ്ടതില്ലെന്ന നിലപാടാണ് ഫ്രാൻസ് പരിശീലകൻ ദേശാംപ്സ് എടുത്തത്.

ജനുവരിയിൽ അലക്സി സാഞ്ചസ് വന്നതോടെ ടീമിൽ കളി സമയം തീരെ കുറഞ്ഞ മാർഷ്യൽ ഈ ട്രാൻസ്ഫർ സീസണിൽ മറ്റൊരു പ്രീമിയർ ലീഗ് ടീമിലേക്ക് മാറാനാണ് സാധ്യത.

ആൽവാരോ മൊറാത്ത (സ്പെയിൻ)

ചെൽസിയുടെ എക്കാലത്തെയും വിലയേറിയ താരമായി പ്രീമിയർ ലീഗിലേക്ക് എത്തിയ മൊറാത്തക്ക് സ്വപ്നതുല്യമായ തുടക്കമാണ് ലീഗിൽ ലഭിച്ചത്. ആദ്യത്തെ 9 മത്സരങ്ങളിൽ 8 ഗോളുകൾ നേടിയ താരം ഡിയഗോ കോസ്റ്റയുടെ പകരകാരനാവും എന്ന പ്രതീക്ഷ നൽകിയെങ്കിലും ഡിസംബറോടെ ഫോമിൽ കാര്യമായ പതനമാണ് ഉണ്ടായത്.

ചാൻസുകൾ നഷ്ടപ്പെടുത്തുന്നതിൽ മൊറാത്ത മുന്നിട്ട് നിന്നപ്പോൾ ചെൽസിക്ക് നഷ്ടമായത് വിലപ്പെട്ട പോയിന്റുകൾ. ഇതേ സമയം മൊറാത്തയുടെ വരവോടെ ചെൽസി വിട്ട കോസ്റ്റ അത്ലറ്റികോ മാഡ്രിഡിൽ താരതമ്യേന മികച്ച പ്രകടനം നടത്തിയപ്പോൾ ലോകകപ്പ് ടീമിൽ ആക്രമണം നയിക്കാൻ സ്പെയിൻ പരിശീലകൻ തിരഞ്ഞെടുത്തത് കോസ്റ്റയെയും ഇയാഗോ ആസ്പാസിനെയും. അങ്ങനെ ആദ്യ ലോകകപ്പ് പങ്കാളിതത്തിന് മൊറത്തക് ഇനിയും കാത്തിരിക്കണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial